കൊണ്ടോട്ടി: കേരളത്തില്‍നിന്നുള്ള ഹജ്ജ് സര്‍വീസില്‍നിന്ന് എയര്‍ഇന്ത്യയെ മാറ്റണമെന്നാ വശ്യപ്പെട്ട് ഹജ്ജ്കമ്മിറ്റി ചെയര്‍മാന്‍ കോട്ടുമല ടി.എം. ബാപ്പുമുസ്‌ലിയാര്‍ കേന്ദ്ര വിദേശകാര്യ മന്ത്രിക്കും വ്യോമയാന മന്ത്രിക്കും കത്തയച്ചു. എയര്‍ ഇന്ത്യക്ക് പകരം സൗദി എയര്‍ലൈന്‍സിന് ചുമതല കൊടുക്കണമെന്നാവശ്യപ്പെട്ടാണ് കത്തയച്ചത്. തീര്‍ഥാടകരുടെ യാത്ര സംബന്ധിച്ച അനിശ്ചിതത്വം നീങ്ങാത്തതാണ് എയര്‍ഇന്ത്യയെ മാറ്റണമെന്ന ആവശ്യത്തിന് കാരണം. കോഴിക്കോട്ട് നിന്നുള്ള ഹജ്ജ് സര്‍വീസുകള്‍ ഒക്‌ടോബര്‍ ആറുമുതല്‍ 23വരെ ആകുമെന്നായിരുന്നു എയര്‍ഇന്ത്യ അധികൃതര്‍ നേരത്തെ സംസ്ഥാന ഹജ്ജ്കമ്മിറ്റിയെ അറിയിച്ചിരുന്നത്. പകലും രാത്രിയുമെല്ലാം സര്‍വീസ് നടത്തുന്ന വിധത്തിലായിരുന്നു ഷെഡ്യൂള്‍ തയ്യാറാക്കി യിരുന്നത്.
ഒടുവില്‍ ഷെഡ്യൂള്‍ ആകെ മാറ്റി ഒക്‌ടോബര്‍ ഒന്നുമുതല്‍ 10 വരെ ആകുമെന്നാണ് എയര്‍ ഇന്ത്യ അധികൃതര്‍ സംസ്ഥാന ഹജ്ജ് കമ്മിറ്റിയെ അറിയിച്ചത്. ഈ ഷെഡ്യൂളും അന്തിമമാണെന്ന് പ്രഖ്യാപിക്കാന്‍ എയര്‍ഇന്ത്യക്ക് കഴിഞ്ഞിട്ടില്ല. നേരത്തെ പ്രഖ്യാപിച്ച ഷെഡ്യൂളില്‍ സര്‍വീസ് നടത്താന്‍ എയര്‍ഇന്ത്യക്ക് ജിദ്ദ വിമാനത്താവള അധികൃതര്‍ അനുമതി നല്‍കിയിട്ടില്ല. അതുകൊണ്ടാണ് വിമാനഷെഡ്യൂള്‍ സംബന്ധിച്ച് പൂര്‍ണമായ വിശദാംശങ്ങള്‍ നല്‍കാന്‍ എയര്‍ഇന്ത്യ അധികൃതര്‍ക്ക് കഴിയാത്തത്.
കഴിഞ്ഞ വര്‍ഷങ്ങളില്‍ പരാതികള്‍ക്കിടയില്ലാത്ത വിധം ഹജ്ജ് സര്‍വീസ് നടത്തിയതാണ് സൗദി എയര്‍ലൈന്‍സിന് കൈമാറാന്‍ ഹജ്ജ്കമ്മിറ്റിയെ പ്രേരിപ്പിക്കുന്നത്. നറുക്കെടുപ്പിലൂടെയാണ് ഇത്തവണ കേരളത്തിലെ സര്‍വീസ് എയര്‍ഇന്ത്യക്ക് ലഭിച്ചത്. മറ്റ് മുന്നൊരുക്കങ്ങളെല്ലാം മുറപോലെ നടക്കുമ്പോഴും വിമാനസമയത്തില്‍ തീരുമാനമാകാത്തത് കമ്മിറ്റിയെയും തീര്‍ഥാടകരെയും ആശങ്കപ്പെടുത്തുകയാണ്. യാത്ര സംബന്ധിച്ച വിശദാംശങ്ങള്‍ അന്വേഷിച്ചുള്ള ഫോണ്‍ കോളുകള്‍ക്ക് കൃത്യമായ മറുപടി പറയാനാകാതെ ഹജ്ജ്ഹൗസ് അധികൃതരും വിഷമിക്കുന്നു.
വിമാനസമയവും തീര്‍ഥാടകരുടെ യാത്രാ വിശദാംശങ്ങളുമടങ്ങിയ മാനിഫെസ്റ്റോ പ്രസിദ്ധീകരിക്കാനാകാത്തത് ഹജ്ജ്ക്യാമ്പ് മുന്നൊരുക്കങ്ങള്‍ക്ക് ക്ഷീണമാകുന്നുണ്ട്. നേരത്തെ 450 തീര്‍ഥാടകരെ ഉള്‍ക്കൊള്ളുന്ന വലിയ വിമാനങ്ങള്‍ ഹജ്ജ് സര്‍വീസിന് ഉപയോഗിക്കുമെന്നായിരുന്നു എയര്‍ഇന്ത്യ അറിയിച്ചിരുന്നത്. ദിവസങ്ങള്‍ക്കുമുമ്പ് ഹജ്ജ്ഹൗസ്സില്‍ നടന്ന വിവിധ ഏജന്‍സികളുടെ യോഗത്തില്‍ ആറുമുതല്‍ 15വരെ തുടര്‍ച്ചയായ ദിവസങ്ങളില്‍ സര്‍വീസ് നടത്തുമെന്നും രാവിലെ 6.30നും 10.30നുമായിരിക്കും വിമാനങ്ങള്‍ പുറപ്പെടുകയെന്നും വിശദീകരിച്ചിരുന്നു. ഇതെല്ലാം പിന്നീട് തകിടം മറിഞ്ഞു. ഇപ്പോള്‍ രണ്ട് വിമാനങ്ങളിലായി 500ഉം 423ഉം തീര്‍ഥാടകരെ ദിവസം കൊണ്ടുപോകുമെന്നാണ് അറിയിച്ചത്.
സംസ്ഥാന ഹജ്ജ്കമ്മിറ്റി മുഖേനയുള്ള തീര്‍ഥാടകരുടെ യാത്ര സൗദിയില്‍ ഏറ്റവും തിരക്കുള്ള സമയത്താക്കിയതാണ് തിരിച്ചടിയായത്. രണ്ടാംഘട്ടത്തിലാണ് ഇത്തവണ കേരളത്തെ ഉള്‍പ്പെടുത്തിയത്. 17മുതല്‍ രാജ്യത്തുനിന്ന് ഹജ്ജ് വിമാനങ്ങള്‍ പുറപ്പെടുന്നുണ്ട്. സ്വകാര്യ ഗ്രൂപ്പുകള്‍ മുഖേനയുള്ള തീര്‍ഥാടകരുടെ യാത്ര തുടങ്ങിയിട്ടുണ്ട്. ഈ സാഹചര്യത്തിലാണ് ചെയര്‍മാന്‍ എയര്‍ഇന്ത്യയെ ഒഴിവാക്കാന്‍ ആവശ്യപ്പെട്ട് കത്തുനല്‍കിയത്.