പുത്തന്‍ പ്രതീക്ഷകള്‍ നല്‍കിയ എസ്.കെ.എസ്.എസ്.എഫ് ദേശീയ സമ്മേളനം


എസ്‌.കെ.എസ്‌.എസ്‌.എഫ്‌ ദേശീയ സമ്മേളനത്തിലെ മുഖ്യാഥിതി ജസ്റ്റിസ്‌ രജീന്ദര്‍ സച്ചാറിന്‌ സ്വാഗതമര്‍പ്പിച്ചുകൊണ്ടുള്ള ബാനര്‍ ബാഗ്ലൂര്‍ അല്‍ അമീന്‍ കോളേജിന്റെ കവാടത്തിനുമുമ്പില്‍ തൂങ്ങിക്കിടക്കുന്നു. താടിയും തഴമ്പുമുള്ള ഒരു ചെറുപ്പക്കാരന്‍ അതിലേക്ക്‌ നോക്കി. തൊട്ടടുത്ത്‌ നിന്ന എന്നെ പരിചയപ്പെട്ടു. ഞാന്‍ വസീമുല്‍ അക്‌റം. ഇന്നാട്ടുകാരനാണ്‌. ഇവിടെ ബാഗ്ലൂരില്‍ എം ബി  എയ്‌ക്ക്‌ പഠിക്കുന്നു. തുടര്‍ന്ന്‌ ഒരു ചോദ്യവും. എന്താണീ എസ്‌ കെ എസ്‌ എസ്‌ എഫ്‌?  കേരളത്തില്‍ പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുന്ന നമ്മുടെ സംഘടനയെ വസീമിന്‌ പരിജയപ്പെടുത്തി. എസ്‌ കെ എസ്‌ എസ്‌ എഫ്‌ ഇതുവരെ ഏറ്റെടുത്ത അജണ്ടകളെക്കുറിച്ച്‌, ട്രെന്റിന്റെ സിവില്‍ സര്‍വ്വീസ്‌ സ്വപ്‌നങ്ങളെക്കുറിച്ച്‌... ഓരോ കാര്യങ്ങള്‍ കേള്‍ക്കുമ്പോഴും വസീമിന്റെ കണ്ണുകള്‍ കൂടുതല്‍ കൂടുതല്‍ വികസിച്ചു. ഇന്ത്യയില്‍, ഒരു സംസ്ഥാനത്ത്‌ ഇങ്ങനെയൊക്കെ നടക്കുന്നുവോ എന്നാണ്‌ ആ കണ്ണുകള്‍ നല്‍കുന്ന ആശ്ചര്യം. എസ്‌ കെ എസ്‌ എസ്‌ എഫ്‌ പ്രവര്‍ത്തനങ്ങളെ ദേശീയ തലത്തിലേക്ക്‌ വ്യാപിപ്പിക്കാനുള്ള നമ്മുടെ ആഗ്രഹം അദ്ദേഹത്തെ അറിയിച്ചപ്പോള്‍ പൂര്‍ണ്ണ പിന്തുണ വാഗ്‌ദാനം നല്‍കി. കൂടെ പ്രാര്‍ത്ഥനയും.
പുതിയ ചക്രവാളങ്ങള്‍ തേടി എസ്‌ കെ എസ്‌ എസ്‌ എഫ്‌ ബാഗ്ലൂരില്‍ സംഘടിപ്പിച്ച രണ്ടു ദിവസത്തെ ദേശീയ സമ്മേളനം കേരളീയരെ പോലെതന്നെ കേരളത്തിനു പുറത്തുള്ളവര്‍ക്കും ഒത്തിരി പ്രതീക്ഷനല്‍കുന്നു.


ഉദ്‌ഘാടകനായിരുന്ന ജസ്റ്റിസ്‌ സച്ചാര്‍ എടുത്തുപറഞ്ഞ കാര്യം കേരളത്തിന്റെ മുസ്‌ലിം മുന്നേറ്റവും അതിനേക്കാള്‍ ഉപരി വ്യവസ്ഥാപിതമായ നമ്മുടെ മദ്രസ വിദ്യാഭ്യാസവുമായിരുന്നു.
കേരളത്തിനു പുറമെ, ബാംഗ്ലൂര്‍, ചെന്നൈ, അലിഖഡ്‌, ഡല്‍ഹി, കാണ്‍പൂര്‍, ഹൈദരാബാദ്‌ എന്നിവിടങ്ങളില്‍ നിന്നുമായി 250 ഓളം പ്രതിനിധികള്‍ പങ്കെടുത്ത സമ്മേളനം ഉയര്‍ത്തിയ പ്രധാന അന്വേഷണം എങ്ങനെ കേരള മോഡല്‍ ഇസ്‌ലാമിക പ്രബോധന രീതിയും സാമൂഹിക സാംസ്‌കാരിക ചുറ്റുപാടും ഇതര സംസ്ഥാനങ്ങളിലും വിളയിച്ചെടുക്കാം എന്നതായിരുന്നു.
ജനാബ്‌ സമീര്‍പാഷ ഐ എ എസ്‌ ഉം അലക്‌സാണ്ടര്‍ ഐ എ എസും കേരളത്തിലെ മുസ്‌ലിം നവോത്ഥാനം കര്‍ണ്ണാടകയിലെയും ന്യൂഡല്‍ഹിയിലെയും തങ്ങളുടെ ഔദ്യോഗിക ജീവിതത്തെ സ്വാധീനിച്ചത്‌ വിവരിച്ചപ്പോള്‍ ശ്രോതാക്കളുടെ മനം കുളിര്‍ന്നു. ന്യൂനപക്ഷങ്ങള്‍ക്ക്‌ വേണ്ടി സര്‍ക്കാര്‍ എന്ത്‌ നയരേഖകളും പദ്ധതികളും പുറപ്പെടീച്ചാലും ഉദ്യോഗസ്ഥ സമൂഹത്തിന്റെ പിന്തുണയില്ലെങ്കില്‍ അവ പരാജയപ്പെടുമെന്ന്‌ തങ്ങളുടെ അനുഭവസാക്ഷ്യം സദസ്സില്‍ നല്‍കി. അഹ്‌ലുബൈത്തിന്റെ ഏക കേന്ദ്രനേതൃത്വം സമുദായിക സംഘാടന ശക്തിക്ക്‌ ഗുണം ചെയ്‌തതും ചര്‍ച്ചയില്‍ ഉയര്‍ന്നുവന്നു.
ഗഫൂര്‍ ഖാസിമിയുടെ ഉറുദുവിലുള്ള ഉറുദി ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളിലെ മുസ്‌ലിം പിന്നോക്കാവസ്ഥയുടെ ദയനീയ കാഴ്‌ചകള്‍ വെളിപ്പെടുത്തി. ഭക്ഷണത്തിന്‌ ഭിക്ഷാടനം നടത്തുന്ന ഉത്തരേന്ത്യന്‍ മുസ്‌ലിമിനെ ഇസ്‌ലാമിക വല്‍ക്കരിക്കുന്നതിന്‌ അവരുടെ അടിസ്ഥാന ആവശ്യങ്ങള്‍ക്ക്‌ പ്രഥമപരിഗണന നല്‍കിയാല്‍ മാത്രമേ സാധ്യമാവൂ എന്ന കാഴ്‌ചപ്പാടായിരുന്നു ഡോ. ബഹുവുദ്ധീന്‍ നദ്‌വി ഉസ്‌താദിന്‌ അവതരിപ്പിച്ചത്‌.

ഹമീദ്‌ ഫൈസി അമ്പലക്കടവിന്റെ അറബി പ്രഭാഷണവും ഓണമ്പിള്ളി മുഹമ്മദ്‌ ഫൈസിയുടെ സംഘടനാ ചര്‍ച്ചയും സദസ്സിന്‌ കൂടുതല്‍ ഉദ്ദേശം നല്‍കി. ദേശീയ വ്യാപനത്തിന്‌ എസ്‌.കെ.എസ്‌.എസ്‌.എഫ്‌ ശ്രമിക്കുമ്പോള്‍ സംഘടന മുന്നോട്ട്‌ വെക്കുന്ന വിഷന്‍ ബഷീര്‍ മാസ്റ്റര്‍ പനങ്ങാങ്ങര അവതരിപ്പിച്ചത്‌ തുടര്‍ന്നു വന്ന ഗ്രൂപ്പ്‌ ചര്‍ച്ചകളിലും അവതരണത്തിലും പ്രതിഫലിച്ചു.നാലാം എസ്റ്റേറ്റിന്‌ ഇന്ത്യന്‍ രാഷ്‌ട്രീയത്തിലെ നിര്‍ണ്ണായക സ്വാധീനം, ജേര്‍ണ്ണലിസം പോലുള്ള പഠന മേഖലകളില്‍ സമുദായം കൂടുതല്‍ ശ്രദ്ധ ചെലുത്തേണ്ടതിന്റെ ആവശ്യകതയും ചര്‍ച്ചയില്‍ ഉയര്‍ന്നുവന്നു.

അത്യാധുനിക വിദ്യാര്‍ത്ഥിയുടെ നിര്‍മ്മാണ പ്രക്രിയ എവിടെ തുടങ്ങണം എങ്ങിനെ വളര്‍ത്തിയെടുക്കണം എന്ന എസ്‌.വി. മുഹമ്മദലി മാസ്റ്ററുടെ സരളമായ ആംഗലേയ അവതരണം സദസ്സ്‌ ഹൃദ്യമായി ഏറ്റുവാങ്ങി ചോദ്യങ്ങളും ഉപചോദ്യങ്ങളുമായി അവര്‍ അദ്ദേഹത്തെ വരവേറ്റു.

ഇ.ടി. മുഹമ്മദ്‌ ബഷീര്‍ എം.പി.യുടെ സമാപന പ്രഭാഷണത്തില്‍ അകക്കാമ്പ്‌ അന്വേഷിക്കുമ്പോള്‍ കേരളത്തിലെ മുസ്‌ലിം സംഘടിത രാഷ്‌ട്രീയ ശക്തിക്ക്‌ അടിത്തറ പാകിയ മതനേതൃത്വത്തിന്റെ അഭാവം ഇതര സംസ്ഥാനങ്ങളില്‍ പ്രകടമാണെന്ന്‌ വ്യക്തമാക്കുന്നു. രാഷ്‌ട്രീയ മുന്നേറ്റം സാധ്യമാവണമെങ്കില്‍ കൃത്യമായ മതബോധം നിലനില്‍ക്കണമെന്ന്‌ സദസ്സിന്‌ ബോധ്യപ്പെട്ടു.

സയ്യിദ്‌ റഷീദലി ശിഹാബ്‌ തങ്ങളുടെ നേതൃത്വത്തിലുള്ള സമസ്‌ത കേന്ദ്ര സുന്നീ സ്റ്റുഡന്‍സ്‌ ഫെഡറേഷന്റെ ഔദ്യോഗിക പ്രഖ്യാപനത്തോടെ സയ്യിദ്‌ അബ്ബാസലി ശിഹാബ്‌ തങ്ങളുടെ 2 ദിവസത്തെ മുഴുനീള സാന്നിധ്യവും പാല്‍ബാഗിലെ പുല്‍തകിടിയും അല്‍അമീനിലെ ശീതള ഛായയിലുള്ള ഡോ. സക്കീര്‍ ഹുസൈന്‍ സെമിനാര്‍ ഹാളും കാഴ്‌ചയില്‍ നിന്ന്‌ മറച്ച്‌ 5 രൂപക്ക്‌ കിട്ടുന്ന അരഔണ്‍സ്‌ പാല്‍ചായ ഓര്‍മയാക്കി പുതിയ ചക്രവാളത്തിലേക്ക്‌ കണ്ണുംനടത്ത്‌ ഡെലിഗേറ്റുകള്‍ മടങ്ങി -
അബ്‌ദുല്‍ ഖയ്യൂം കടമ്പോട