ഹജ്ജ്; കേരളത്തില്‍ നിന്നുള്ള ആദ്യ വിമാനം ഒക്ടോബര് 6 ന് പുറപ്പെടും

 ആദ്യ ദിവസം 652 തീര്‍ത്ഥാടകര്‍; ഹജ്ജ് മാനിഫെസ്റ്റോ ഒരാഴ്ചയ്ക്കുള്ളില്‍ 

കൊണേ്ടാട്ടി: സംസ്ഥാന ഹജ്ജ് കമ്മിറ്റി മുഖേനയുള്ള തീര്‍ത്ഥാടകര്‍ ഒക്‌ടോബര്‍ 6 മുതല്‍ കരിപ്പൂരില്‍ നിന്നു പുറപ്പെടും. 20 വരെയായി 15 ദിവസങ്ങളിലായി 32 വിമാനങ്ങളാണ് തീര്‍ത്ഥാടകരെ കൊണ്ടുപോവാനായി സൗദി എയര്‍വെയ്‌സ് ഷെഡ്യൂള്‍ ചെയ്തിട്ടുള്ളത്. രണ്ടു വിമാനങ്ങളിലായി 652 തീര്‍ത്ഥാടകര്‍ ആദ്യ ദിവസം പുറപ്പെടും. ആദ്യ വിമാനം 6നു 10.20നും രണ്ടാമത്തെ വിമാനം ഉച്ചക്കു 1.20നുമാണു പുറപ്പെടുക.
മുഴുവന്‍ വിമാനങ്ങളും പകല്‍സമയത്തു പുറപ്പെടുന്ന രീതിയിലാണു ക്രമീകരിച്ചിട്ടുള്ളത്. 350, 302, 206 വീതം തീര്‍ത്ഥാടകര്‍ക്കു സഞ്ചരിക്കാവുന്ന മൂന്നു വ്യത്യസ്ത വിമാനങ്ങളാണ് ക്രമീകരിച്ചിരിക്കുന്നത്. 6, 7, 16, 19 തിയ്യതികളില്‍ രണ്ടു വിമാനങ്ങളുണ്ടാവും. 8, 9, 11, 18, 20 തിയ്യതികളില്‍ മൂന്നു വിമാനങ്ങളും സര്‍വീസ് നടത്തും. കൂടുതല്‍ വിമാനങ്ങളുള്ളത് 13നാണ്. നാലു വിമാനങ്ങളാണ് സര്‍വീസ് നടത്തുക. 10, 12, 14, 15, 17 തിയ്യതികളില്‍ ഓരോ വിമാനങ്ങളാണു സര്‍വീസ് നടത്തുക.
കരിപ്പൂരില്‍ നിന്നു ജിദ്ദയിലേക്കാണു തീര്‍ത്ഥാടകരെ ആദ്യം എത്തിക്കുക. ജിദ്ദയില്‍ നിന്നു റോഡ്മാര്‍ഗം മക്കയിലെത്തിക്കുന്ന തീര്‍ത്ഥാടകരെ ഹജ്ജ് കര്‍മങ്ങള്‍ക്കു ശേഷം റോഡ്മാര്‍ഗം മദീനയിലേക്കു കൊണ്ടുപോവും. മദീനയില്‍ നിന്നാണു നാട്ടിലേക്കുള്ള മടക്കം. മടക്ക സര്‍വീസുകള്‍ നവംബര്‍ 16ന് ആരംഭിച്ച് 29ന് അവസാനിക്കും. തീര്‍ത്ഥാടകര്‍ ഹജ്ജ്‌വേളയില്‍ ധരിക്കുന്ന ഇഹ്‌റാം വേഷത്തിലായിരിക്കും കരിപ്പൂരില്‍ നിന്നു പുറപ്പെടുക.
വിമാനം പുറപ്പെടുന്നതിന്റെ മൂന്നു മണിക്കൂര്‍ മുമ്പ് ഹാജിമാരെ വിമാനത്താവളത്തിലെത്തിക്കും. ഹജ്ജ് മാനിഫെസ്റ്റോ ഷെഡ്യൂള്‍ ഒരാഴ്ചയ്ക്കുള്ളില്‍ പ്രസിദ്ധീകരിക്കും.