തേഞ്ഞിപ്പലം: സമസ്ത കേരള ഇസ്‌ലാം മത വിദ്യാഭ്യാസ ബോര്‍ഡിന്റെ 9182 മദ്‌റസകളില്‍ മതപഠനം ശക്തി പ്പെടുത്തുന്നതിനും കൂടുതല്‍ മികവുറ്റതാക്കുന്നതിനും അധ്യാപകര്‍ക്ക് പ്രാഗത്ഭ്യം നല്‍കുന്നതിനുമായി ആരംഭിച്ച 'തദ്‌രീബ്' പഠനപദ്ധതി രണ്ടാം ഘട്ടത്തിലേക്ക്. സമസ്ത കേരള ജംഇയ്യത്തുല്‍ മുഅല്ലിമീന്‍ സംസ്ഥാനകമ്മിറ്റി രൂപം നല്‍കിയ ഈ പദ്ധതി കുട്ടികളുടെ സ്വഭാവരൂപീകരണത്തിനും സാംസ്‌കാരിക മനോഭാവത്തിനും സഹായകമാകുന്നതും നവീന അധ്യാപനരീതികളെ കുറിച്ചുള്ള അവബോധനവുമാണ് കാഴ്ച വെക്കുന്നത്. കേരളത്തിനകത്തും പുറത്തുമായി 405 റെയ്ഞ്ചുകളില്‍ പ്രത്യേക പരിശീലനം നല്‍കിയ 146 റിസോഴ്‌സ് പേഴ്‌സണുകളും 107 മുഫത്തിശുമാരും (ഇന്‍സ്‌പെക്ടര്‍) ഈ പദ്ധതിയുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്നു.
തദ്‌രീബിന്റെ ആദ്യഘട്ടം വിജയകരമായി പൂര്‍ത്തീകരിച്ചിരിക്കുന്നു. അധ്യാപകര്‍ക്ക് പ്രത്യേക പരിശീലനവും പുതിയ പഠനരീതികളെ കുറിച്ചുള്ള മാര്‍ഗനിര്‍ദേശങ്ങളും നല്‍കിക്കഴിഞ്ഞു. പൊതുസമൂഹവുമായി മദ്‌റസാ പഠനത്തെ ബന്ധപ്പെടുത്തിക്കൊണ്ടുള്ളതാണ് രണ്ടാം ഘട്ടം. രക്ഷിതാക്കള്‍ക്കും മദ്‌റസാ ഭാരവാഹഹികള്‍ക്കും പ്രത്യേക ഉദ്‌ബോധനവും പരിശീലനവും നല്‍കും. 405 റെയ്ഞ്ച് കമ്മിറ്റികളില്‍ നിന്ന് പ്രസിഡണ്ട്, സെക്രട്ടറി, ട്രഷറര്‍, പരീക്ഷാ ബോര്‍ഡ് ചെയര്‍മാന്‍, മദ്‌റസാ മാനേജ്‌മെന്റ് അസോസിയേഷന്‍ പ്രസിഡണ്ട്, സെക്രട്ടറി എന്നിവരെ ഉള്‍പെടുത്തിക്കൊണ്ടുള്ള സാരഥീസംഗമവും തദ്‌രീബ് രണ്ടാം ഘട്ട പ്രഖ്യാപനവും ഇന്ന് (2012 സെപ്തംബര്‍ 19ന് ബുധനാഴ്ച) രാവിലെ 9 മണിക്ക് ചെമ്മാട് താജ് കണ്‍വെന്‍ഷന്‍ ഹാളില്‍ നടക്കും.
സമസ്ത ജനറല്‍ സെക്രട്ടറി ചെറുശ്ശേരി സൈനുദ്ദീന്‍ മുസ്‌ലിയാരുടെ അധ്യക്ഷതയില്‍ പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനം ചെയ്യും. കേരള ഹജ്ജ് കമ്മിറ്റി ചെയര്‍മാനായി തെരഞ്ഞെടുക്കപ്പെട്ട സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ സെക്രട്ടറി കോട്ടുമല ടി.എം. ബാപ്പുമുസ്‌ലിയാരെ യോഗത്തില്‍ അനുമോദിക്കും. 50 വര്‍ഷം മദ്‌റസാധ്യാപകരായി സേവനമനുഷ്ഠിച്ച അഹമ്മദ് ഹാജി എ.പി. അരൂര്‍, എം.ടി. അബ്ദുസ്സലാം മുസ്‌ലിയാര്‍ ചേലക്കാട് എന്നിവര്‍ക്ക് സുവര്‍ണ്ണ സേവന അവാര്‍ഡ് നല്‍കും. സി.കെ.എം. സ്വാദിഖ് മുസ്‌ലിയാര്‍, അബ്ദുല്ല മാസ്റ്റര്‍ കൊട്ടപ്പുറം, അലി.കെ. വയനാട് പ്രസംഗിക്കും. ഡോ.ബഹാഉദ്ദീന്‍ മുഹമ്മദ് നദ്‌വി സ്വാഗതവും കൊടക് അബ്ദുറഹിമാന്‍ മുസ്‌ലിയാര്‍ നന്ദിയും പറയും.