ഇതിനെക്കാള്‍ ശ്രദ്ധേയമായതായിരുന്നു ഗുജറാത്തിലെ അഹമ്മദാബാദ് പ്രത്യേക കോടതി, പത്തുവര്‍ഷങ്ങള്‍ക്കു മുമ്പ് നടന്ന കൂട്ടക്കൊലയില്‍ പ്രതികളായ 32 പേരെ വിവിധതരം ശിക്ഷകള്‍ നല്‍കിയത്. 2002-ല്‍ ഗുജറാത്തിലെ നരോദ പാട്യയില്‍ നടന്ന കൂട്ടക്കൊലയില്‍ 97 മുസ്‌ലിംകളാണ് വധിക്കപ്പെട്ടത്. അനൗദ്യോഗിക കണക്കുപ്രകാരം ഇത് ഇരുനൂറോളം വരും. ഗോധ്രയില്‍ തീവണ്ടി അഗ്നിക്കിരയായതുമായി ബന്ധപ്പെട്ടാണ് ഗുജറാത്തില്‍ മുസ്‌ലിംകള്‍ക്കെതിരെ കലാപം അരങ്ങേറിയത്. ഇന്നത്തെ മുഖ്യമന്ത്രി നരേന്ദ്ര മോഡിയടക്കമുള്ള സംഘപരിവാര നേതാക്കളെല്ലാം മുസ്‌ലിം കൂട്ടക്കൊലയെ
പ്രോത്സാഹിപ്പിക്കുകയായിരുന്നു. സംഭവാനന്തരം കുറ്റവാളികള്‍ക്കെതിരെ കേസുകള്‍ പോലുമെടുക്കാത്ത അവസ്ഥയായിരുന്നു. തെഹല്‍ക്കയുടെ വെളിപ്പെടുത്തലും ടീസ്റ്റ സെത്തല്‍വാദിനെപ്പോലുള്ള ആക്ടിവിസ്റ്റുകളുടെ ഇടപെടലുകളുമാണ് ഗുജറാത്തിലെ കൂട്ടക്കൊല സംഭവങ്ങളെ ദേശീയ ശ്രദ്ധയില്‍ കൊണ്ടുവന്നതും സുപ്രീംകോടതി ഇടപെട്ട് പ്രത്യേക അന്വേഷണ സംഘത്തെ നിയമിക്കാനിടയായതും.
മോഡി സര്‍ക്കാരില്‍ ശിശുക്ഷേമ വകുപ്പ് മന്ത്രിയായിരുന്ന മായാ കോട്‌നാനി നരോദ പാട്യ കുറ്റവാളികളില്‍ പ്രധാനിയാണ്. വനിതാ ഡോക്ടറായ മായ നിരവധി സ്ത്രീകളെ കൊലചെയ്യാന്‍ പ്രേരകയായിരുന്നുവെന്നാണ് തെളിയിക്കപ്പെട്ടത്. ജനങ്ങള്‍ക്ക് സഹായകമായി വര്‍ത്തിക്കേണ്ട ഒരു ഗൈനക്കോളജിസ്റ്റ് കൊലക്കത്തി നല്‍കി ജീവനാശം വരുത്തിക്കുന്ന ക്രൂരതയുടെ ചിത്രമാണ് നല്‍കിയത്. ഒരു സ്ത്രീയല്ല, രാക്ഷസിയാണവള്‍. ഗര്‍ഭസ്ഥ ശിശുക്കളെ വയര്‍ കുത്തിക്കീറി പുറത്തെടുത്തു കൊന്നതിനുശേഷം അതിന്റെ അമ്മയെയും കൊന്ന സിസേറിയന്‍ ഓപ്പറേഷനായിരുന്നു മായ എന്ന രാക്ഷസി നേതൃത്വം നല്‍കിയത്. കൊലയാളികളെ അങ്ങനെയുള്ള ഗര്‍ഭിണികളിലേക്കെത്തിക്കാന്‍, അവള്‍ തന്റെ തൊഴില്‍ ധര്‍മങ്ങളെയൊക്കെ കാറ്റില്‍ പറത്തുകയായിരുന്നു. ഈ ക്രൂരകൃത്യത്തിന് പ്രതിഫലമായായിരുന്നു മോഡി തന്റെ മന്ത്രിസഭയില്‍ മായക്ക് ശിശുക്ഷേമ വകുപ്പ് സമ്മാനിച്ചത്. ഇന്ത്യയുടെ ഭാവി പ്രധാനമന്ത്രി പദവിക്ക് കണ്ണുവെച്ചിരിക്കുന്ന ഈ രാഷ്ട്രീയനേതാവിന്റെ മുഖംമൂടി കൂടിയാണ് സ്‌പെഷ്യല്‍ കോടതിയുടെ വിധി വലിച്ചെറിഞ്ഞിരിക്കുന്നത്. മായക്ക് ഇരട്ട ജീവ പര്യന്തമാണ് കോടതി ശിക്ഷ നല്‍കിയിരിക്കുന്നത്. മരണംവരെ ജീവപര്യന്തത്തിന് ശിക്ഷിക്കപ്പെട്ട ഒരാള്‍ ബജ്‌റംഗ് ദളിന്റെ പ്രമുഖ നേതാവാണ്. രണ്ടു വിധികളും ജനങ്ങള്‍ പൊതുവെ സ്വാഗതം ചെയ്തിട്ടുണ്ട്.
എന്നാല്‍ ഹിന്ദുത്വ രാഷ്ട്രീയവാദികള്‍ കസബിന് അപ്പീലിനുപോകാന്‍ പോലും അനുമതി കൊടുക്കാന്‍ പാടില്ലെന്നും, കസബിനെ പൊതുസ്ഥലത്ത് വെച്ച് തൂക്കിക്കൊല്ലണമെന്നുമൊക്കെ ആക്രോശിച്ചപ്പോള്‍ അവര്‍ക്ക് ഗുജറാത്ത് വിധിയെക്കുറിച്ച് മൗനമായിരുന്നു. ഗുജറാത്തിലെ കൂട്ടക്കൊല പ്രതികള്‍ക്ക് കസബിന് നല്‍കുന്ന ഏറ്റവും വലിയ ശിക്ഷതന്നെ നല്‍കേണ്ടതായിരുന്നു എന്ന് ഒരു രാഷ്ട്രീയ കക്ഷിയും പ്രതികരിച്ചു കണ്ടില്ല. അങ്ങനെയായിരുന്നു നല്‍കേണ്ടിയിരുന്നതെന്ന് പ്രത്യേക കോടതിയുടെ പ്രധാന ജഡ്ജി ജ്യോത്സ്‌ന യാഗ്നിക്കു തന്നെ അഭിപ്രായമുണ്ടായിരുന്നു. വധശിക്ഷ നല്‍കാതിരുന്നത് അതിനെതിരെ പൊതുവെ ഉയര്‍ന്നുവരുന്ന വികാരത്തെ മാനിച്ചുകൊണ്ടാണെന്ന് ജസ്റ്റിസ് അഭിപ്രായപ്പെടുകയുണ്ടായി. കസബിനും അങ്ങനെയൊരു പരിഗണന നല്‍കാമെന്ന ആലോചനക്ക് പോലുമെതിരെ കലിതുള്ളുന്നവരാണ് തീവ്ര ഹിന്ദു കക്ഷികള്‍. നീതി പുലരുന്നു എന്ന് നാം സമാധാനപ്പെടുമ്പോഴും പൂര്‍ണമായത് പുലരുന്നുണ്ടോ എന്ന് സംശയം ബാക്കിനില്‍ക്കുന്നു. മുഖ്യധാരാ രാഷ്ട്രീയത്തിലെ പലരും ഇത്തരം നീതി-അനീതികള്‍ക്കു നേരെ സ്പഷ്‌ടോന്മുഖമായ പ്രതികരണം നടത്തിയിട്ടുണ്ട്. 32 പേര്‍ ശിക്ഷിക്കപ്പെട്ടെങ്കിലും കൂട്ടക്കൊലകളില്‍ പങ്കെടുക്കുകയും എന്നാല്‍ അവരുടെ പങ്ക് കോടതിയില്‍ തെളിയിക്കപ്പെടാത്തതു കൊണ്ടു മാത്രം, വിട്ടയച്ചവരുമുണ്ട്. അവര്‍ക്കും ശിക്ഷ ലഭിച്ചാല്‍ മാത്രമേ ശരിയായ നീതി പുലരുമെന്ന് പറയാനാവുകയുള്ളൂ. പ്രത്യേക കോടതിയുടെ വിധിക്കെതിരെ പ്രതികള്‍ അപ്പീലില്‍ പോയി പിന്നീടെന്തു വിധിയുണ്ടാകുമെന്ന ആശങ്കയും ബാക്കിയാണ്.
അടുത്ത തെരഞ്ഞെടുപ്പില്‍ മോഡിയെയും ബിജെ പിയെയും മേല്‍വിധി എങ്ങനെ ബാധിക്കുമെന്നറിയില്ല. നേരത്തെ തന്നെ മോഡി മുസ്‌ലിം പ്രീണന നയം ആരംഭിച്ചിരുന്നു. ഇത്തവണ ബി ജെ പി മുസ്‌ലിം സ്ഥാനാര്‍ഥികളെ നിര്‍ത്താന്‍ ആലോചിച്ചിരുന്നു. നിയോജകമണ്ഡല പുനര്‍നിര്‍ണയം മൂലം നേരത്തേ ബി ജെ പിക്ക് ഉറപ്പുള്ള 28 നിയോജക മണ്ഡലങ്ങളില്‍ മുസ്‌ലിം വോട്ടുകള്‍ നിര്‍ണായകമായിരിക്കും. ഇത്തവണ പട്ടേല്‍മാരുടെ വോട്ടുകള്‍ കേശുഭായി പട്ടേലിന്റെ ഗുജറാത്ത് പരിവര്‍ത്തന്‍ പാര്‍ട്ടി കൊണ്ടുപോകുമെന്നാണ് തോന്നുന്നത്. ഗുജറാത്തിലെ സൗരാഷ്ട്ര മേഖലയില്‍ പട്ടേല്‍മാര്‍ക്കാണ് സ്വാധീനം. ആകെയുള്ള 182 അസംബ്ലി നിയോജക മണ്ഡലങ്ങളില്‍ 40 എണ്ണം സൗരാഷ്ട്ര മേഖലയിലാണ്. ഈ വെല്ലുവിളികള്‍ക്കൊപ്പമാണ് ഈ കോടതിവിധിയും മോഡിക്ക് തലവേദനയാകുന്നത് .-പ്രഫ. എ പി സുബൈര്‍