കോഴിക്കോട് : കാലിക്കറ്റ് യൂണിവേഴ്സിറ്റി വിഭജിക്കണമെന്നാവശ്യപ്പെട്ട് എസ്.കെ.എസ്.എസ്.എഫ് കാമ്പസ് വിംഗ് നേതാക്കള്‍ യൂണിവേഴ്സിറ്റി ചാന്‍സിലര്‍ക്ക് നിവേദനം നല്‍കും. കേരള മുഖ്യമന്ത്രി , വിദ്യാഭ്യാസ മന്ത്രി , വൈസ് ചാന്‍സിലര്‍ തുടങ്ങിയവര്‍ക്കും തദ് വിഷയം ഉന്നയിച്ച് നിവേദനം നല്‍കും. കഴിഞ്ഞ മാസങ്ങളില്‍ എസ്.കെ.എസ്.എസ്.എഫ് കാമ്പസ് വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ച് യൂണിവേഴ്സിറ്റിയിലേക്ക് മാര്‍ച്ച് നടത്തിയിരുന്നു.
പിന്നീട് വിദ്യാഭ്യാസ വിദഗ്ദ്ധരെ പങ്കെടുപ്പിച്ച് സെമിനാര്‍ സംഘടിപ്പിക്കുകയും തുടര്‍ന്ന് കാലിക്കറ്റ് യൂണിവേഴ്സിറ്റിയുടെ സ്ഥിതിഗതികള്‍ വിലയിരുത്താന്‍ പ്രത്യേക സമിതിയെ നിയോഗിക്കുകയും ചെയ്തിരുന്നു.
സമിതി തയ്യാറാക്കിയ റിപ്പോര്‍ട്ടിന്‍റെ അടിസ്ഥാനത്തില്‍ 'ഗവേഷണം ത്വരിതപ്പെടുത്തുക', 'സാങ്കേതിക വിദ്യ വിപുലപ്പെടുത്തുക', 'മാനേജ്മെന്‍റ് ശാസ്ത്രീയമാക്കുക', എന്നീ ആവശ്യങ്ങള്‍ സംഘടന ഉന്നയിക്കുകയും ഇതിനു കാലിക്കറ്റ് യൂണിവേഴ്സിറ്റിയുടെ വിഭജനം സാധ്യമാവണമെന്ന് ബോധ്യമായതിനെയും തുടര്‍ന്നാണ് പ്രത്യക്ഷ സമരത്തിന് കാമ്പസ് വിംഗ് തയ്യാറായത്. കല്‍പ്പെറ്റയിലും പാലക്കാടും യൂണിവേഴ്സിറ്റികള്‍ സ്ഥാപിക്കുകയും, യൂണിവേഴ്സിറ്റിക്ക് കീഴിലുള്ള കോളജുകള്‍ ഇത്തരം കേന്ദ്രങ്ങളുടെ കീഴിലാക്കുകയും, കാലിക്കറ്റ് യൂണിവേഴ്സിറ്റി ഉന്നത പഠനത്തിനും, ഗവേഷണത്തിനും മാത്രമായി ഉപയോഗിക്കുകയും ചെയ്യണം. സാങ്കേതിക വിദ്യ വിപുലപ്പെടുത്തുന്നതോട് കൂടി യാത്ര പ്രശ്നവും പരിഹരിക്കപ്പെടും. യോഗത്തില്‍ കാമ്പസ് വിംഗ് ആക്ടിംഗ് ചെയര്‍മാന്‍ ഷാജിദ് തിരൂര്‍ അധ്യക്ഷത വഹിച്ചു. എസ്.കെ.എസ്.എസ്.എഫ് കാമ്പസ് വിംഗ് സംസ്ഥാന കോ-ഡിനേറ്റര്‍ ഖയ്യൂം കടമ്പോട് ഉത്ഘാടനം ചെയ്തു., ജനറല്‍ കണ്‍വീനര്‍ ഷബിന്‍ മുഹമ്മദ്, മലബാര്‍ സോണ്‍ കോ-ഡിനേറ്റര്‍ സിദ്ദീക്ക് ചെമ്മാട്,ജൗഹര്‍ കുസാറ്റ്, അലി അക്ബര്‍, ജാബിര്‍ മലബാരി, ഷഫീര്‍ വയനാട്, ജാബിര്‍ എന്‍.ഐ.ടി എന്നിവര്‍ പ്രസംഗിച്ചു.