ബലിപെരുന്നാള്‍: പരിത്യാഗബോധത്തിന്റെ ചരിത്രസാക്ഷ്യം



-മന്‍സൂര്‍ ഹുദവി കളനാട്‌

രിശുദ്ധ റമളാന്‍ മാസത്തിന്റെ ദിവ്യാനുഭൂതി ഉള്‍ക്കൊണ്ട് ഈദുല്‍ ഫിത്വര്‍ ആഘോഷിച്ച മുസ്ലിം ലോകം വിശുദ്ധ ഹജ്ജ് മാസത്തിലെ ബലിപെരുന്നാളിന്റെ നിറവിലാണിപ്പോള്‍. ത്യാഗനിര്‍ഭരതയുടെ ഉത്തമ ദൃഷ്ടാന്തങ്ങളാണ് ബലി ചിന്തകള്‍ സമ്മാനിക്കുന്നത്. ആത്മാര്‍പ്പണത്തിന്റെ ചരിത്ര ദര്‍ശനങ്ങള്‍ നിലാവിട്ടിറങ്ങുന്ന ബലി പെരുന്നാള്‍ രാവ് ലോക മുസ്ലിം ജനതയുടെ വിജയാഘോഷവേളയാണ്. ദൈവ പരീക്ഷണത്തില്‍ വൈജയന്തിയേന്തിയ ദൈവദൂതരുടേയും കുടുംബത്തിന്റെയും ചരിത്രമാവിഷ്‌ക്കരിക്കുന്ന തിരുനാള്‍ സുദിനമാണ് ബലിപെരുന്നാള്‍ ദിനം.


ലോകനിയന്താവായ അല്ലാഹു (സു.ത്വ) തന്റെ അടിമകളായ സൃഷ്ടികള്‍ക്ക് രണ്ട് ആഘോഷങ്ങളാണ് നല്‍കിയിരിക്കുന്നത്. ഈദുല്‍ ഫിത്വറും ഈദുല്‍ അള്ഹയും അതായത് ചെറിയ പെരുന്നാളും, ബലി പെരുന്നാളും. രണ്ട് പെരുന്നാളുകളും രണ്ട് പരീക്ഷണങ്ങളുടെ ഭാഗമാണ്. റമളാനിലെ ഒരു മാസക്കാലം സകലതും നാഥനില്‍ അര്‍പ്പിച്ച്, ത്യജിച്ച് വ്രതമനുഷ്ഠിക്കുന്ന വിശ്വാസി ചെറിയ പെരുന്നാള്‍ ആഘോഷിക്കുമ്പോള്‍ ബലി പെരുന്നാളിലൂടെ ഇബ്രാഹിം നബി (അ)യുടെയും കുടുംബത്തിന്റെയും ത്യാഗോജ്വലമായ ജീവിത ഘട്ടത്തിലെ പരീക്ഷണത്തിന്റെ വിജയാരവമാണ് മുഴങ്ങുന്നത്. 



ഈദുല്‍ ഫിത്വറില്‍ ഫിത്വര്‍ സക്കാത്ത് സ്വന്തത്തിന്റെയും, സ്വകുടുംബത്തിന്റെയും ആ ദിവസത്തെ ചെലവ് കൂടാതെ ബാക്കിയുള്ള മുതലില്‍ നിന്ന് നല്‍കല്‍ ഓരോ വിശ്വാസിക്കും നിര്‍ബന്ധമാണ്. എന്നാല്‍ ഇസ്ലാമിക പഞ്ച സ്തംഭങ്ങളില്‍ അഞ്ചാമത്തേതായ ഹജ്ജ് കര്‍മ്മത്തിന്റെ സാഹചര്യത്തിലാണ് ബലിപെരുന്നാള്‍ ആഘോഷം. ലോക മുസ്ലിംങ്ങള്‍ സദാ കേന്ദ്രീകരിക്കുന്ന കഅബ നേരില്‍ കണ്ട് ത്വവാഫ് ചെയ്ത് പരിത്യാഗപൂര്‍ണ്ണമായ ഇബ്രാഹിം നബി (അ)യുടെയും കുടുംബത്തിന്റെയും ദിവ്യമുഹൂര്‍ത്തങ്ങള്‍ അനുസ്മരിപ്പിക്കുന്ന പുണ്യവേളയാണ്.



ഹജ്ജ് തീര്‍ത്ഥാടനം രണ്ട് പെരുന്നാള്‍ ആഘോഷങ്ങളും രണ്ട് നിര്‍ബന്ധകാര്യങ്ങളുമായി ബന്ധിതമാണ്. ആ രണ്ട് നിര്‍ബന്ധ കാര്യങ്ങളാവട്ടെ വിശ്വമാനവികതയുടെ നിത്യദര്‍ശനങ്ങളായ ഫിത്വര്‍ സക്കാത്തും വിശുദ്ധ ഹജ്ജ് കര്‍മ്മവും പെരുന്നാള്‍ വിശ്വാസിക്ക് ആഘോഷിക്കാനുള്ളതാണ്. ഒരു വിശ്വാസിയും ആ ദിവസങ്ങളില്‍ പട്ടിണി കിടക്കാനോ, പ്രയാസപ്പെടാനോ പാടുള്ളതല്ല. കുടുംബ ബന്ധങ്ങളും അയല്‍പക്ക സമ്പര്‍ക്കങ്ങളും സൗഹൃദ വലയങ്ങളും സുദൃഢമാക്കേണ്ട പുണ്യ നിമിഷങ്ങളായിരിക്കണം നമ്മുടെ പെരുന്നാളുകള്‍. ഫിത്വര്‍ സക്കാത്ത് ദാനധര്‍മ്മത്തിന്റെയും, ഉള്ഹിയ്യത്ത് ബലികര്‍മ്മത്തിന്റെയും ചര്യകള്‍ അക്കാര്യങ്ങളാണ് നമ്മെ ഉണര്‍ത്തുന്നത്. അതുകൊണ്ട് തന്നെയാണ് ഇസ്ലാമിക ശരീഅത്ത് പെരുന്നാള്‍ ദിവസങ്ങളില്‍ വ്രതാനുഷ്ഠാനം ഹറാമാക്കിയതും പരിത്യാഗ ചിന്തകളുണര്‍ത്തുന്നതും അര്‍പ്പണ ബോധമനങ്ങള്‍ വിടര്‍ത്തുന്നതുമായ ബലി ചരിതം ചരിത്രത്തിലെ ത്യാഗോജ്വലതയുടെ ഉത്തുംഗ ഉദാഹരണമാണ്. അല്ലാഹുവിന്റെ ദൂതര്‍ ഇബ്രാഹിം നബി (അ)യുടെ സമര്‍പ്പണ ചിന്തയും ഭാര്യ ഹാജറ ബീബി (അ)യുടെയും നിശ്ചയദാര്‍ഢ്യവും മകന്‍ ഇസ്മഈല്‍ നബി (അ)യുടെ ത്യാഗ സന്നദ്ധതയും സംഗമിച്ച ചരിത്രദൗത്യമാണ് നമ്മളിലേക്ക് ബലിപെരുന്നാളായി നിലാവിട്ടിറങ്ങുന്നത്. ബലി പെരുന്നാള്‍ ആഘോഷമാണ്. ഒരു വിജയാഘോഷം ദൈവദൂതരായ ബാപ്പയും മകനും പിന്നെ ഉമ്മയും ദൈവിക പരീക്ഷണത്തില്‍ വിജയക്കൊടി പറത്തിയതിന്റെ ആഘോഷ നിമിഷം. പരിത്യാഗബോധവും, ആത്മസമര്‍പ്പണ ചിന്തകളുമാണ് ബലി പെരുന്നാള്‍ നല്‍കുന്ന ഏറ്റവും വലിയ സന്ദേശവും, നിര്‍ദ്ദേശവും. സൃഷ്ടാവിന് സൃഷ്ടി കീഴൊതുങ്ങുന്നതിന്റെ പൂര്‍ണ്ണാവസ്ഥ അവിടെയാണ് ആരാധനയും ആഘോഷവും സത്യവും ധര്‍മ്മവും നിലകൊള്ളുന്നത്.



സ്വപ്‌നത്തിലൂടെയെത്തിയ ദൈവിക കല്‍പ്പനക്ക് ഇബ്രാഹിം നബി (അ) സന്നദ്ധ പ്രകടിപ്പിക്കുന്നതും മകന്‍ ഇസ്മാഈല്‍ നബി (്) ബലിയറുക്കപ്പെടാന്‍ പൂര്‍ണ്ണ സമ്മതമരുളുന്നതും സകലതും നാഥനില്‍ സമര്‍പ്പിതമാണെന്ന പരമ യാഥാര്‍ത്ഥ്യമാണ് നമ്മളിലേക്കിട്ടുതരുന്നത്. സകല പ്രതിസന്ധി ഘട്ടങ്ങളും തരണം ചെയ്താണ് ഇബ്രാഹിം നബി (അ) ഇസ്ലാമിക പ്രബോധനരംഗത്തിറങ്ങുന്നത്. ആ സാഹചര്യത്തിലാണ് ഇസ്മാഈല്‍ നബി (അ)യുടെ തൃപാദസ്പര്‍ശമേര്‌റ് സംസം നീരുറവ ഉറവെടുക്കുന്നത്. ഇന്നും നിലക്കാതെ പ്രവഹിക്കുന്ന ആ സംസമിന്റെ സന്ദേശമാണ് ബലി പെരുന്നാള്‍ സന്ദേശം. മകനെ അറുക്കാന്‍ കുന്നില്‍ കയറി കഴുത്തില്‍ കഠാര വെച്ച് ദൗത്യ നിര്‍വ്വഹണത്തിനൊരുങ്ങുമ്പോഴാണ് ഇബ്രാഹിം നബി (അ)ക്ക് സമ്മാനമായി അല്ലാഹു ജി (ബില്‍(അ) മലക്ക് മുഖേന ആടിനെ കൊടുത്തയച്ച മകന് പകരം അതിനെ അറുക്കാന്‍ കല്‍പ്പിച്ചത്. ആ ബലിയുടെ പ്രതീകമായാണ് ബലി പെരുന്നാള്‍ ദിനത്തില്‍ ഉളുഹിയ്യത്ത് അറുക്കുന്നത്. വളരെ പുണ്യകരമായ കാര്യമാണത്. ആ സന്ദേശമുള്‍ക്കൊണ്ട് തന്നെയാണ് മുസ്ലിം ജനസഞ്ചയങ്ങള്‍ ഹജ്ജ് തീര്‍ത്ഥാടനം ചെയ്യുന്നതും ഹറമിലേക്ക് ഒഴുകുന്നതും അവിടന്ന് ` ലബ്ബൈക്കല്ലാഹുമ്മ ലബ്ബൈക്ക...` ധ്വനികല്‍ മുഴക്കുന്നതും. ആ സന്ദേശമുള്‍ക്കൊള്ളാന്‍ നമ്മുക്കാവട്ടെ....



`അല്ലാഹു അക്ബര്‍` ... `അല്ലാഹു അക്ബര്‍`...



എല്ലാവര്‍ക്കും  ബലി പെരുന്നാള്‍ ആശംസകള്‍