പെരുന്നാള്‍ തിരക്കിനിടെയുള്ള പണിമുടക്ക്‌ സങ്കടകരം : SYS

കോഴിക്കോട്‌ : മുസ്‌ലിംകള്‍ ബലിപെരുന്നാള്‍ ആഘോഷിക്കാന്‍ തയ്യാറെടുക്കുകയും ഞായറാഴ്‌ച അറഫ വ്രതവും സമാഗതമായിരിക്കെ ശനിയാഴ്‌ച പെടുന്നനെ ചില ട്രേഡ്‌ യൂണിയനുകള്‍ പ്രഖ്യാപിച്ച വാഹന പണിമുടക്ക്‌ സങ്കടകരമാണെന്ന്‌ എസ്‌.വൈ.എസ്‌ സംസ്ഥാന സെക്രട്ടറിമാരായ ഉമര്‍ ഫൈസി മുക്കം,  പി പി മുഹമ്മദ്‌ ഫൈസി, കെ എ റഹ്‌മാന്‍ ഫൈസി, ഒ അബ്‌ദുല്‍ഹമീദ്‌ ഫൈസി അമ്പലക്കടവ്‌, പിണങ്ങോട്‌ അബൂബക്കര്‍ എന്നിവര്‍ പ്രസ്‌താവനയില്‍ പറഞ്ഞു.
സമരപ്രഖ്യാപനം നടത്തുന്നവര്‍ സാഹചര്യങ്ങള്‍ കൂടി പരിഗണിക്കേണ്‌ടതായിരുന്നു.അറഫാ നോമ്പ്‌ ദിവസമായ ഞായറാഴ്‌ച പൊതു അവധിയായതിനാല്‍ കടകമ്പോളങ്ങള്‍ അടഞ്ഞുകിടക്കുമെന്നിരിക്കെ പെരുന്നാള്‍ വിഭവങ്ങള്‍ ശേഖരിക്കാനും ബലിമൃഗം ഉള്‍പ്പെടെയുള്ള പ്രധാന സംഗതികള്‍ക്ക്‌ ഒരുങ്ങാനും വലിയ തടസ്സവും പ്രയാസവുമാണു പെട്ടെന്നുള്ള സമര പ്രഖ്യാപനത്തിലൂടെ വന്നു ചേരുന്നത്‌. ജനങ്ങളെ പ്രയാസത്തിലാക്കുന്നതും വിശ്വാസികളോട്‌ നീതി പുലര്‍ത്താത്തതുമായ ഇത്തരം ഏകപക്ഷീയ സമരമുറകളില്‍ നിന്നു പരിഷ്‌കൃത സമൂഹം പിന്തിരിയണമെന്നും നേതാക്കള്‍ പറഞ്ഞു.