എല്ലാ വഴികളും അറഫയിലേക്ക്..30 ലക്ഷം ഹാജിമാര്‍ ഇന്ന് അറഫയില്‍ സംഗമിക്കും

ഇന്ന് ലക്ഷങ്ങള്‍ തടിച്ചു കൂടുന്ന അറഫ സംഗമത്തില്‍ നിന്ന്..(ഫയല്‍ ) 
മക്ക: ദൈവസ്മരണയില്‍ അലിഞ്ഞ് പ്രാര്‍ത്ഥനാ നിര്‍ഭരമായ മനസ്സോടെ തീര്‍ത്ഥാടക ലക്ഷങ്ങള്‍ ഇന്ന് അറഫയില്‍ സംഗമിക്കും. അല്ലാഹുവിനോട് മനമുരുകി പ്രാര്‍ത്ഥിച്ച് ഭാഷ ദേശ വര്‍ണ വൈജാത്യങ്ങള്‍ക്കതീതമായി ഒരേ മനസ്സോടെ ഒരേ വേഷത്തില്‍ സംഗമിക്കുമ്പോള്‍ അറഫാ മൈതാനം ഇന്ന് മനുഷ്യ മഹാസാഗരമായിത്തിരും. 
ഹജ്ജ് എന്നാല്‍ അറഫയാണെന്ന നബിവചനം പൂര്‍ണമായും ഉള്‍ക്കൊണ്ടാണ് തീര്‍ത്ഥാടകര്‍ അറഫയിലേക്ക് നീങ്ങുന്നത്. അറഫാ സംഗമം നഷ്ടപ്പെട്ടാല്‍ ഹജ്ജും നഷ്ടപ്പെടുമെന്നതിനാല്‍ വളരെ സൂക്ഷ്മതയോടെയാണ് ഈ ആരാധന കര്‍മ്മത്തെ ഹാജിമാര്‍ പരിഗണിക്കുന്നത്. മിനിയാന്ന് ഇഹ്റാമില്‍ പ്രവേശിച്ച് അസര്‍ നമസ്കാരാനന്തരം എല്ലാവരും മിനയെ ലക്ഷ്യമാക്കി ഒഴുകി. ജുമുഅയടക്കം അഞ്ച് വഖ്തും മിനായില്‍ നമസ്കരിച്ച് ഇന്ന് രാവിലെയാണ് എല്ലാവരും അറഫയിലേക്ക് നീങ്ങുക. തല്‍ബിയത്തിന്റെ ധ്വനികളാല്‍ മുഖരിതമായ അന്തരീക്ഷത്തില്‍ തൂവെള്ള വസ്ത്രമണിഞ്ഞൊഴുകുന്ന ജനസഞ്ചയം നമിറ പള്ളിയില്‍ ളുഹര്‍, അസര്‍ എന്നിവ ഒന്നിച്ച് നമസ്കരിക്കും. നമസ്കാരത്തിന് ഗ്രാന്റ് മുഫ്തി ശൈഖ് അബ്ദുല്‍ അസീസ് ആലുശൈഖ് നേതൃത്വം നല്‍കും. ശേഷം അദ്ദേഹം അറഫ പ്രസംഗം നടത്തും. ചെയ്തുപോയ തെറ്റുകള്‍ക്ക് അല്ലാഹുവിനോട് മാപ്പിരന്ന് കരഞ്ഞ് കലങ്ങിയ കണ്ണും പാപക്കറ കളഞ്ഞ മനസ്സുമായി അറഫയില്‍ നിന്ന് മഗ്രിബിന് ശേഷം മുസ്ദലിഫയെ ലക്ഷ്യമാക്കി നീങ്ങിത്തുടങ്ങും.
എന്നാല്‍ പല മുതവ്വഫുമാരും ഇന്നലെ രാത്രി തന്നെ പല സംഘങ്ങളെയും അറഫയിലെത്തിച്ചിട്ടുണ്ട്. മശാഇര്‍ മെട്രോ ഹാജിമാരെ മിനയില്‍ നിന്നും അറഫയിലേക്ക് കൊണ്ട് പോകുന്നതിനാല്‍ മുന്‍ വര്‍ഷങ്ങളെ പോലെയുള്ള തിരക്ക് ഈ വര്‍ഷം ഉണ്ടാകില്ലെന്നാണ് അധികൃതരുടെ പ്രതീക്ഷ. 17 ട്രെയിനുകളാണ് ഇവിടെ സര്‍വ്വീസ് നടത്തുന്നത്. സഊദിയിലെ വിദേശി, സ്വദേശി ഹാജിമാര്‍ക്ക് പുറമെ ഗള്‍ഫ് രാജ്യങ്ങള്‍, ദക്ഷിണേഷ്യ, തുര്‍ക്കി, യൂറോപ്യന്‍ രാജ്യങ്ങള്‍ എന്നിവിടങ്ങളില്‍ നിന്നുള്ളവര്‍ക്കാണ് ട്രെയിന്‍ സര്‍വ്വീസ് സൗകര്യം അനുവദിച്ചിട്ടുള്ളത്. ബാക്കിയുള്ളവര്‍ ബസിലും കാല്‍നടയായും അറഫയിലെത്തും. രാവിലെ 10.30 മുതല്‍ 3.30 വരെയായിരിക്കും അറഫയിലേക്ക് സര്‍വ്വീസ് നടത്തുക. മുസ്ദലിഫയിലേക്കുള്ള യാത്ര വൈകീട്ട് 5.30 മുതല്‍ 11.30 വരെയായിരിക്കും. മുസ്ദലിഫയിലെത്തി മശ്അറുല്‍ ഹറാമില്‍ നമസ്കരിച്ച് കല്ല് പെറുക്കി പ്രഭാതത്തോടെ മിനയില്‍ തിരിച്ചെത്തി ജംറകളില്‍ കല്ലേറു നടത്തും. 
ഹാജിമാര്‍ക്ക് എല്ലാവിധ സൗകര്യങ്ങളും സഊദി അധികൃതര്‍ ഒരുക്കിയിട്ടുണ്ട്. നാലായിരം കട്ടിലുകളുള്ള 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന ഏഴ് ആസ്പത്രികളാണ് ആരോഗ്യ വകുപ്പ് ഹാജിമാര്‍ക്ക് ഒരുക്കിയിട്ടുള്ളത്. അവശ്യ സാധനങ്ങള്‍ ന്യായ വിലയില്‍ വില്‍ക്കാന്‍ 770 സ്റ്റാളുകള്‍ 
വ്യാപാര മന്ത്രാലയത്തിന്റെ മേല്‍നോട്ടത്തില്‍ ഒരുക്കിയത് അനുഗ്രഹമായി.
ഹജ്ജ് കര്‍മ്മത്തിന് ഇവിടെയെത്തി രോഗികളായി വിവിധ ആസ്പത്രികളില്‍ ചികില്‍സയിലായിരുന്ന എല്ലാവരേയും എയര്‍ ആംബുലന്‍സുകളില്‍ അറഫയിലെ ആസ്പത്രിയിലെത്തിച്ചു കൊണ്ടിരിക്കുകയാണ്. മിനായിലെ കിംഗ് അബ്ദുല്‍ അസീസ് പാലത്തിന് സമീപമാണ് കേന്ദ്ര ഹജ്ജ് കമ്മറ്റി വഴി ഹജ്ജിനെത്തിയവരുടെ തമ്പുകള്‍.