ഹജ്ജിന്‍റെ പരിശുദ്ധി കാത്ത് സൂക്ഷിക്കുക : സകരിയ്യ ഫൈസി

ദമ്മാം : മനുഷ്യന്‍റെ ഇഹപര വിജയത്തിന്‍റെ ദിശാബോധം നല്‍കുന്ന ഏറ്റവും വലിയ കര്‍മ്മമാണ് ഹജ്ജ് എന്ന് സകരിയ്യാ ഫൈസി പന്തല്ലൂര്‍ അഭിപ്രായപ്പെട്ടു. സുന്നി യുവജന സംഘം ദമ്മാം സെന്‍ട്രല്‍ കമ്മിറ്റി നടത്തിവരുന്ന മലബാര്‍ ഹജ്ജ് പഠന ക്ലാസിന്‍റെ സമാപനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. അറഫാ സംഗമം ആത്മീയ മുന്നേറ്റത്തിന് നല്‍കുന്ന
കരുത്ത് വര്‍ണ്ണനാതീതമാണ്. ഹജ്ജിലൂടെ ആര്‍ജ്ജിച്ചെടുത്ത ആത്മീയ ചൈതന്യം കാത്തുസൂക്ഷിക്കുന്നതില്‍ ഹാജിമാര്‍ പ്രതിജ്ഞാബദ്ധരാകണമെന്നും അദ്ദേഹം ഉദ്ബോധിപ്പിച്ചു. അബൂബക്കര്‍ ഹാജി ആനമങ്ങാട് അധ്യക്ഷത വഹിച്ചു. ഷാജഹാന്‍ ദാരിമി തിരുവനന്തപുരം, സുലൈമാന്‍ ഫൈസി വാളാട് എന്നിവര്‍ വിവിധ വിഷയങ്ങള്‍ അവതരിപ്പിച്ച് സംസാരിച്ചു. മുഹമ്മദ് കുട്ടി കോഡൂര്‍, അബൂത്വാഹിര്‍ ഫൈസി പുവ്വത്താണി, അശ്റഫ് ബാഖവി താഴെക്കോട്, കബീര്‍ ദര്‍സി മുതിരമണ്ണ, മുജീബ് ഫൈസി കക്കുപ്പടി, വീരാന്‍ ഫൈസി കൊടക്കാട് എന്നിവര്‍ പ്രസംഗിച്ചു. സൈതലവി ഹാജി താനൂര്‍, ഹംസ മണ്ണാര്‍ക്കാട് എന്നിവര്‍ സദസ്സ് നിയന്ത്രിച്ചു. ഖാസിം ദാരിമി കാസര്‍ക്കോട് സ്വാഗതവും അഹ്‍മദ് കുട്ടി തേഞ്ഞിപ്പലം നന്ദിയും പറഞ്ഞു.
- കബീര്‍ ഫൈസി -