മമ്പുറം ആണ്ടുനേര്‍ച്ച ഡിസംബര്‍ ഏഴിന് തുടങ്ങും

തിരൂരങ്ങാടി: മമ്പുറം സയ്യിദ് അലവി മൗലദവീല തങ്ങളുടെ 172-ാം ആണ്ടുനേര്‍ച്ച ഡിസംബര്‍ ഏഴുമുതല്‍ 14 വരെ നടത്താന്‍ ദാറുല്‍ഹുദയില്‍ ചേര്‍ന്ന മനേജിങ് കമ്മിറ്റി യോഗം തീരുമാനിച്ചു.
ഏഴിന് വൈകീട്ട് അഞ്ചുമണിക്ക് കൂട്ട സിയാറത്ത്, ദുആ എന്നിവയ്ക്കുശേഷം കൊടിയേറ്റം നടക്കും. ഏഴുമണിക്കാണ് ഉദ്ഘാടന സമ്മേളനം.
എട്ടുമുതല്‍ 12 വരെ തീയതികളില്‍ മതപ്രഭാഷണ പരമ്പരയും എല്ലാ ദിവസങ്ങളിലും ളുഹറ് നമസ്‌കാരശേഷം മഖാം മജ്‌ലിസില്‍ മൗലീദ്, ദുആ പരിപാടികളും നടക്കും.

ഒമ്പതിന് നടക്കുന്ന സ്വലാത്തിന് മതപണ്ഡിതരും സാദാത്തുക്കളും നേതൃത്വം നല്‍കും. 13 ന് മഗ്‌രിബിന് ശേഷമാണ് ദിക്‌റ് ദുആ സമ്മേളനം. 14 ന് രാവിലെ ഒമ്പതരമുതല്‍ രണ്ടുമണിവരെ അന്നദാനം, തുടര്‍ന്ന് മൗലീദ്, ഖത്തം ദുആ എന്നിവയും നടക്കും.
യോഗം ചെറുശ്ശേരി സൈനുദ്ദീന്‍ മുസ്‌ലിയാര്‍ ഉദ്ഘാടനം ചെയ്തു. ദാറുല്‍ഹുദാ മാനേജിങ് കമ്മിറ്റി പ്രസിഡന്റ് ഹൈദരലി ശിഹാബ് തങ്ങള്‍ അധ്യക്ഷതവഹിച്ചു.
എസ്.എം. ജിഫ്‌രി തങ്ങള്‍ കക്കാട്, ചെമ്മുക്കന്‍ കുഞ്ഞാപ്പുഹാജി, കെ.എം.സൈതലവി ഹാജി, പ്രൊഫ. യു.വി.കെ. മുഹമ്മദ്, യു.ശാഫി ഹാജി എന്നിവര്‍ പ്രസംഗിച്ചു.