ശ്രദ്ധേയമായി ഇതര സംസ്ഥാന പ്രതിനിധി സംഗമം

വാദീഖുബാ : ദേശീയ പ്രതിനിധി സമ്മേളനത്തില്‍ ഇതര സംസ്ഥാന പ്രതിനിധികള്‍ക്കായി ഒരുക്കിയ സംഗമം മഹല്ല് സംവിധാനം സാധ്യമാക്കിയ നവോത്ഥാന മാതൃകകള്‍ ചര്‍ച്ച ചെയ്യുന്ന വിവിധ സെഷനുകളാല്‍ ശ്രദ്ധേയമായി. കേരളത്തിലെ മഹല്ല് സംവിധാനങ്ങളെ കുറിച്ചും ഇതര സംസ്ഥാനങ്ങളില്‍ അവ നടപ്പിലാക്കേണ്ടതിന്റെ ആവശ്യകതയും പ്രായോഗിക രീതികളും ചര്‍ച്ച ചെയ്ത മൂന്നു വ്യത്യസ്ത സെഷനുകളായാണ് പരിപാടി സംഘടിപ്പിച്ചത്. രാവിലെ 9.30ന് അരങ്ങേറിയ തമദ്ദുന്‍ സെഷന്‍ ആള്‍ ഇന്ത്യാ സുന്നത്ത് ജമാഅത്ത് ജനറല്‍ സെക്രട്ടറി മുഫ്തി മതീന്‍ അഹമ്മദ് കൊല്‍ക്കത്ത ഉദ്ഘാടനം ചെയ്തു. ഡോ. ബഹാഉദ്ദീന്‍ മുഹമ്മദ് നദ്‌വി, അബ്ദുസ്സമദ് പൂക്കോട്ടൂര്‍, ഉമര്‍ ഫൈസി മുക്കം പങ്കെടുത്തു. സാമൂഹിക സേവനത്തിന്റെ പ്രാധാന്യം, കേരളാ മുസ്‌ലിം: മാതൃകാ സമൂഹം, എന്നീ വിഷയങ്ങളില്‍ ഡോ. സുബൈര്‍ ഹുദവി ചേകന്നൂര്‍, സഈദ് ഹുദവി മൂടാല്‍ സംസാരിച്ചു. 12 ന് നടന്ന തറഖി സെഷനില്‍ പ്രബോധകന്റെ കര്‍മമണ്ഡലം, മാതൃകാ മഹല്ല് എന്നീ വിഷയങ്ങളില്‍ ഷറഫുദ്ദീന്‍ ഹുദവി ആനമങ്ങാട്, മന്‍സൂര്‍ ഹുദവി അറഫ സംസാരിച്ചു. ഉച്ചക്ക് രണ്ടിന് നടന്ന തലാഷ് സെഷന്‍ മഹല്ല് സംവിധാനം കാര്യക്ഷമമാക്കുക, പ്രാഥമിക മദ്‌റസകള്‍ സ്ഥാപിക്കുക, സമുദായ ശാക്തീകരണത്തിന് സാംസ്‌കാരികവും സാമൂഹികവുമായ പദ്ധതികള്‍ കൊണ്ടുവരിക തുടങ്ങി ഇതര സംസ്ഥാനങ്ങളില്‍ നടപ്പിലാക്കേണ്ട വിവിധ കര്‍മ പദ്ധതികള്‍ സമഗ്രമായി ചര്‍ച്ച ചെയ്തു. ത്രിപുര, വെസ്റ്റ് ബംഗാള്‍, ആന്ധ്രാപ്രദേശ്, ബിഹാര്‍, കര്‍ണാടക, തമിഴ്‌നാട് തുടങ്ങിയ സംസ്ഥാനങ്ങളില്‍നിന്നുള്ള പ്രതിനിധികളാണ് ചര്‍ച്ചയില്‍ സംബന്ധിച്ചത്.