വാദീഖുബ(ദേശമംഗലം): മതനവീകരണവാദികളുമായി സഹകരിക്കുകയോ ബന്ധപ്പെടുകയോ ചെയ്യരുതെന്ന് സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമാ പ്രസിഡന്റ് സയ്യിദ് മുഹമ്മദ് ജിഫ്‌രി മുത്തുക്കോയ തങ്ങള്‍ പ്രസ്താവിച്ചു. എസ്.എം.എഫ് ദേശീയ പ്രതിനിധി സമ്മേളനത്തിന്റെ സമാപന സെഷന്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. മുജാഹിദ്, ജമാഅത്ത്, തബ്‌ലീഗ് തുടങ്ങിയ നവീനവാദികളുമായി ബന്ധപ്പെടരുതെന്ന നിലപാട് നമ്മുടെ പൂര്‍വികര്‍ ആലോചിച്ചെടുത്ത തീരുമാനമാണ്. ആ നിലപാട് ഇന്നും നിലനില്‍ക്കുന്നു.
മഹാത്മാക്കളായ പ്രവാചകന്മാരും വിശുദ്ധാത്മാക്കളും ജീവിതകാലത്തെന്നപോലെ മരണാനന്തരവും സഹായിക്കും. ഭൗതികം അഭൗതികം എന്ന വേര്‍തിരിവ് ഇതിലില്ല. സൂര്യന്റെ സഞ്ചാരം ഒരു പ്രവാചകന്റെ ആവശ്യപ്രകാരം താല്‍ക്കാലികമായി നിര്‍ത്തിവച്ചതും യുദ്ധത്തില്‍ മരിക്കാനിരിക്കുന്ന ഒരു അനുയായിയെ കുറച്ച് കൂടി ജീവിപ്പിച്ച് തരണമെന്ന് അനുചരന്മാര്‍ പ്രവാചകരോട് ആവശ്യപ്പെട്ടതും ശ്രദ്ധേയമാണെന്ന് തങ്ങള്‍ പറഞ്ഞു.
കേരളത്തിലെ മുസ്‌ലിംകളുടെ സാമൂഹിക നവോത്ഥാനത്തിനു ശക്തിപകര്‍ന്നത് മഹല്ല് സംവിധാനങ്ങളാണ്. വിശ്വാസവും സംസ്‌കാരവും അപകടത്തിലാവുന്ന കാലത്ത് ക്രിയാത്മക പ്രവര്‍ത്തനങ്ങള്‍ക്ക് മഹല്ല് ഭാരവാഹികള്‍ മുന്നിട്ടിറങ്ങണം.
മഹല്ലുകളില്‍ ഛിദ്രതയുണ്ടാക്കി മുസ്‌ലിംകള്‍ക്കിടയില്‍ കൂടുതല്‍ വിഭാഗീയതയും ശത്രുതയുമുണ്ടാക്കാന്‍ ചില കേന്ദ്രങ്ങളില്‍ നടക്കുന്ന കുത്സിത ശ്രമങ്ങള്‍ കരുതിയിരിക്കണമെന്നും തങ്ങള്‍ പറഞ്ഞു.