മികച്ച മദ്‌റസകള്‍ക്ക് ബാപ്പു മുസ്‌ലിയാരുടെ പേരില്‍ അവാര്‍ഡ് ഏര്‍പ്പെടുത്തുന്നു

കോഴിക്കോട്: മികച്ച മദ്‌റസകള്‍ക്ക് കോട്ടുമല ടി.എം. ബാപ്പു മുസ്‌ലിയാരുടെ പേരില്‍ അവാര്‍ഡ് ഏര്‍പ്പെടുത്താന്‍ സമസ്ത കേരള ഇസ്‌ലാം മത വിദ്യാഭ്യാസ ബോര്‍ഡ് നിര്‍വാഹക സമിതി യോഗം തീരുമാനിച്ചു.
1998 മുതല്‍ സമസ്ത കേരള ഇസ്‌ലാം മത വിദ്യഭ്യാസ ബോര്‍ഡ് സഹകാര്യദര്‍ശിയായും 2013 മുതല്‍ ജനറല്‍ സെക്രട്ടറിയായും പ്രവര്‍ത്തിച്ച ബാപ്പു മുസ്‌ലിയാര്‍ കേരളത്തിനകത്തും പുറത്തും മദ്‌റസ പ്രസ്ഥാനം വ്യാപിപ്പിക്കുന്നതിനും കാലാനുസൃതമായ മാറ്റങ്ങള്‍ വരുത്തി മദ്‌റസ പഠനം കാര്യക്ഷമമാക്കുന്നതിലും മുഖ്യപങ്കുവഹിച്ചിട്ടുണ്ട്. പാഠ്യപാഠ്യേതര രംഗങ്ങളിലെ മികവും മെച്ചപ്പെട്ട ഭൗതിക സൗകര്യങ്ങളും മുന്‍നിര്‍ത്തിയാണ് അവാര്‍ഡിന് അര്‍ഹരായവരെ തെരഞ്ഞെടുക്കുക.
പുതുതായി രണ്ട് മദ്‌റസകള്‍ക്ക് കൂടി അംഗീകാരം നല്‍കി. മദ്‌റസത്തുല്‍ അസീസിയ്യ - ഹോണിഗസന്ദ്ര (ബാംഗ്ലൂര്‍), തഅ്‌ലീമുല്‍ ഉലൂം ബ്രാഞ്ച് മദ്‌റസ - കോണത്തുംകുഴിപുറായ് (മലപ്പുറം). ഇതോടെ സമസ്തയുടെ കീഴിലുള്ള അംഗീകൃത മദ്‌റസകളുടെ എണ്ണം 9701 ആയി ഉയര്‍ന്നു.
പ്രസിഡന്റ് പി.കെ.പി. അബ്ദുസ്സലാം മുസ്‌ലിയാര്‍ അദ്ധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി എം.ടി. അബ്ദുല്ല മുസ്‌ലിയാര്‍ സ്വാഗതം പറഞ്ഞു. സമസ്ത പ്രസിഡന്റ് സയ്യിദ് മുഹമ്മദ് ജിഫ്‌രി മുത്തുകോയ തങ്ങള്‍ പ്രാര്‍ത്ഥന നടത്തി. സി.കെ.എം. സ്വാദിഖ് മുസ്‌ലിയാര്‍, കെ.ടി. ഹംസ മുസ്‌ലിയാര്‍, എം.എം. മുഹ്‌യദ്ദീന്‍ മുസ്‌ലിയാര്‍, ഡോ. ബഹാഉദ്ദീന്‍ മുഹമ്മദ് നദ്‌വി, കെ. ഉമര്‍ ഫൈസി മുക്കം, എ.വി. അബ്ദുറഹിമാന്‍ മുസ്‌ലിയാര്‍, ഡോ. എന്‍.എ.എം. അബ്ദുല്‍ഖാദിര്‍, ഹാജി. കെ. മമ്മദ് ഫൈസി, വി. മോയിമോന്‍ ഹാജി, എം.സി. മായിന്‍ ഹാജി, ടി.കെ. ഇബ്രാഹീം കുട്ടി മുസ്‌ലിയാര്‍, കെ.എം. അബ്ദുല്ല മാസ്റ്റര്‍, അബ്ദുല്‍ഹമീദ് ഫൈസി അമ്പലക്കടവ്, അബ്ദുസ്സമദ് പൂക്കോട്ടൂര്‍, ഇ. മൊയ്തീന്‍ ഫൈസി പുത്തനഴി, പിണങ്ങോട് അബൂബക്കര്‍ പ്രസംഗിച്ചു. മാനേജര്‍ കെ. മോയിന്‍ കുട്ടി മാസ്റ്റര്‍ നന്ദി പറഞ്ഞു.
- Samasthalayam Chelari