സമസ്ത നേതാക്കള്‍ വാദീ ഖുബാ സന്ദര്‍ശിച്ചു

ദേശമംഗലം: സുന്നി മഹല്ല് ഫെഡറേഷന്‍ ഏപ്രില്‍ 26,27 തിയതികളില്‍ തൃശൂര്‍ വാദീ ഖുബാ (ദേശമംഗലം മലബാര്‍ എന്‍ജിനീയറിങ് കോളജ്) യില്‍ വച്ച് നടത്തുന്ന നാഷനല്‍ ഡെലിഗേറ്റ്‌സ് മീറ്റിന്റെ ഒരുക്കങ്ങള്‍ വിലയിരുത്താന്‍ സമസ്ത കേന്ദ്ര മുശാവറ അംഗവും, എസ്.എം.എഫ്. സംസ്ഥാന കമ്മിറ്റി ജനറല്‍ സെക്രട്ടറിയുമായ മുക്കം ഉമര്‍ ഫൈസിയുടെ നേതൃത്വത്തില്‍ സംസ്ഥാന ജില്ലാ നേതാക്കള്‍ വാദിഖുബ സന്ദര്‍ശിച്ചു. കോളജില്‍ വച്ച് ചേര്‍ന്ന അവലോകന യോഗം മുക്കം ഉമര്‍ ഫൈസി ഉദ്ഘാടനം ചെയ്തു. എസ്.എം.എഫ്. ജില്ലാ ജനറല്‍ സെക്രട്ടറി ഹംസ ബിന്‍ ജമാല്‍ റംലി അധ്യക്ഷനായി. സ്‌റ്റേറ്റ് ഓര്‍ഗനൈസര്‍ എ.കെ ആലിപ്പറമ്പ്, സലാം ഫൈസി മുക്കം, പ്രൊജക്ട് ഡയറക്ടര്‍ സി.ടി അബ്ദുള്‍ ഖാദര്‍ ഹാജി തൃക്കരിപ്പൂര്‍ എന്നിവര്‍ പ്രസംഗിച്ചു. അവലോകന യോഗത്തിനു ശേഷം നേതാക്കള്‍ സൗകര്യങ്ങള്‍ വിലയിരുത്തി. വാദി ഖുബയില്‍ ഡെലിഗേറ്റ്‌സിനെ വരവേല്‍ക്കാന്‍ എസ്.എം.എഫ്. തൃശൂര്‍ ജില്ലാ കമ്മിറ്റി ഒരുക്കിയ സംവിധാനങ്ങളില്‍ നേതാക്കള്‍ സംതൃപ്തി അറിയിച്ചു.
നാഷനല്‍ ഡെലിഗേറ്റ്‌സ് മീറ്റില്‍ കേരളത്തിനകത്തും പുറത്തും നിന്നുമായി ഏകദേശം പതിനായിരത്തോളം പ്രതിനിധികള്‍ വാദിഖുബയിലെത്തും. പ്രതിനിധികള്‍ താമസത്തിനായി ബെഡ്ഷീറ്റ് കരുതണമെന്നും ഭാരവാഹികള്‍ അറിയിച്ചു.