ദൈവപ്രീതി നേടാന്‍ ദാനം ചെയ്യുക

നോമ്പ് ഒരു ശുദ്ധീകരണ പ്രക്രിയയും നന്മയുടെ പരിശീലനവുമാണല്ലോ. ലുബ്ധത, സ്വാര്‍ത്ഥ ചിന്ത, അമിതമായ ധനക്കൊതി തുടങ്ങിയ ദൗര്‍ബല്യങ്ങളില്‍നിന്ന് അത് മനസ്സിനെ മോചിപ്പിച്ച് ഉദാരതയുടെയും ദാന ധര്‍മ്മത്തിന്റെയും ചിന്ത വളര്‍ത്തേണ്ടതുണ്ട്. ധനത്തിന്‍മേലുള്ള കെട്ടിപ്പിടുത്തമാണല്ലോ പലപ്പോഴും നമസ്‌കാരം പോലുള്ള ദൈവ കല്‍പനകള്‍ സമയത്തും മുറപോലെയും നിറവേറ്റുന്നതിന് തടസ്സമാകാറുള്ളത്. ധനത്തിന്റെ പേരില്‍ എത്രയാണ് അല്ലാഹുവിന്റെ നിരോധനങ്ങള്‍ മനുഷ്യന്‍ ലംഘിക്കുന്നത്. എന്നാല്‍ നോമ്പ് മറ്റെല്ലാ ദേഹേച്ഛകളില്‍നിന്നും മനുഷ്യനെ ശുദ്ധീകരിക്കുന്നതുപോലെ അടങ്ങാത്ത ധനക്കൊതിക്കും കടിഞ്ഞാണിടണം. നബി ഏറ്റവും കൂടുതല്‍ ദാനം ചെയ്തിരുന്നത് റമസാനിലായിരുന്നു. കാറ്റുപോലെ നാനാ ഭാഗത്തേക്കും പരക്കും വിധമുള്ള ദാനം.
ധനം മനുഷ്യന് അല്ലാഹു നല്‍കുന്ന മഹത്തായ ഒരനുഗ്രഹമാണ്. ദാനം ചെയ്താണ് അതിന് മനുഷ്യന്‍ നന്ദി കാണിക്കേണ്ടത്. ധനം ധാരാളമായി സമ്പാദിക്കുകയും അതില്‍നിന്ന് ഉദാരമായി ദാനം ചെയ്ത് അല്ലാഹുവിന്റെയടുത്തും സമ്പന്നനായി മാറുകയും ചെയ്യുന്ന മനുഷ്യന്‍ മഹാ ഭാഗ്യവാന്‍ തന്നെ. അവന് ദുന്‍യാവിലെയും ആഖിറത്തിലെയും രണ്ട് ജീവിതത്തിലെയും സൗഭാഗ്യങ്ങള്‍ ഒരുമിച്ച് കരസ്ഥമാക്കാന്‍ കഴിയുന്നു. മനുഷ്യന്‍ ദാനമായി നല്‍കുന്നത് ഒരു ധാന്യമണിപോലെയാണ്. അത് മുളച്ച് ഏഴ് കതിരുകള്‍ പൊങ്ങുന്നു. ഓരോ കതിരിലും നൂറുവീതം മണികള്‍. ദാനത്തിന്റെ പ്രതിഫലം ഇത്രയും സമ്പുഷ്ടമാണെന്ന് ഉണര്‍ത്തി അല്ലാഹു പറയുന്നു: അല്ലാഹു അവന്‍ ഉദ്ദേശിക്കുന്നവര്‍ക്ക് ഇരട്ടിക്കിരട്ടി നല്‍കും'. ദാനം മറ്റ് കര്‍മ്മങ്ങളെക്കാളെല്ലാം ഏറെ അതി വിശിഷ്ടമാണ്. അല്ലാഹുവിന് കൊടുത്ത കടം പോലെയാണത്. അവന്‍ അത് എത്രയോ ഇരട്ടിയാക്കിയാണ് തിരിച്ചു തരുന്നത്.


ദാനം ചെയ്യുന്നതിന്റെ പുണ്യത്തെയും ചെലവഴിക്കുന്നവന്റെ സ്ഥാനത്തെയും പറ്റി നബി ധാരാളം പ്രസ്താവിച്ചിട്ടുണ്ട്. ഒരു നാട്ടില്‍ സാമ്പത്തിക ശേഷിയുള്ളവരൊക്കെ ഉദാരമതികളാവുക. എങ്കില്‍ ആ നാട് എത്ര ഐശ്വര്യത്തിലായിരിക്കും. 'നിങ്ങളുടെ ഭരണാധികാരികള്‍ ഉത്തമന്‍മാരും സമ്പന്നര്‍ ഉദാരമതികളുമാവുകയും ജനങ്ങള്‍ കാര്യങ്ങളൊക്കെ കൂടിയാലോചിച്ചു പ്രവര്‍ത്തിക്കുകയുമാണെങ്കില്‍ ഈ ഭൂമിയുടെ പുറംഭാഗമായിരിക്കും ഉള്‍ഭാഗത്തേക്കാള്‍ ഏറ്റവും ഉത്തമം - നബി പ്രസ്താവിക്കുന്നു. ദാനം ചെയ്യുന്നവന് എപ്പോഴും സാമ്പത്തിക വളര്‍ച്ചയുണ്ടാകുമെന്നും നബി ഉണര്‍ത്തുന്നു.


എന്നാല്‍ സമ്പന്നര്‍ എന്ന് വിശേഷിപ്പിക്കപ്പെടുന്നവര്‍ മാത്രം നിര്‍വഹിക്കേണ്ട ഒരു ബാധ്യതയല്ല ദാനം. ഏത് സാധുവിനും അവന്റെ കഴിവിനനുസരിച്ച് കൊടുക്കാം. നബി ആഹാരം ലഭിക്കാതെ വയറ്റില്‍ കല്ല് കെട്ടി നടന്ന അനുഭവമുണ്ടായിട്ടുണ്ടല്ലോ. പക്ഷേ, അതോടൊപ്പം അദ്ദേഹം ഏറ്റവും വലിയ ധര്‍മ്മിഷ്ഠനുമായിരുന്നു. 'നിങ്ങള്‍ ഒരു കാരക്കകീറ്‌കൊണ്ടെങ്കിലും നരകത്തെ സൂക്ഷിക്കുക' - നബി പറയുന്നു. ഉള്ള ഭക്ഷണം അതിഥിക്ക് നല്‍കി വിശന്ന് കഴിച്ചുകൂട്ടിയ സ്വഹാബികളുടെ അനുഭവം ഹദീസുകള്‍ വ്യക്തമാക്കിയിട്ടുണ്ട്.


സഹജീവികളോടുള്ള ദയയില്‍നിന്നാണല്ലോ ദാന മനോഭാവം ഉടലെടുക്കുന്നത്. ഒരു സഹോദരന്റെ ആവശ്യം നിറവേറ്റിക്കൊടുക്കാന്‍ ഒരാള്‍ തയാറായാല്‍ അവന്റെ ആവശ്യം അല്ലാഹുവും നിറവേറ്റിക്കൊടുക്കും. ഒരാള്‍ക്ക് ആശ്വാസം നല്‍കിയാല്‍ അവന് അല്ലാഹുവും ആശ്വാസം നല്‍കും. ഈ ദുന്‍യാവിലെ ദുരിതം ഒരാള്‍ക്ക് തീര്‍ത്ത് കൊടുക്കുന്നവന് ആഖിറത്തിലെ അവന്റെ ദുരിതം അല്ലാഹുവും തീര്‍ത്തുകൊടുക്കും. ഒരാളുടെ പ്രയാസം ദൂരീകരിച്ച് കൊടുക്കുന്നവന്റെ പ്രയാസം അല്ലാഹുവും ദൂരീകരിച്ചുകൊടുക്കും. ഒരു സഹോദരനെ സഹായിക്കുന്നേടത്തോളം കാലം അല്ലാഹു അവനെയും സഹായിക്കും - ഇവയെല്ലാം ദാനത്തെപ്പറ്റി നബി നടത്തിയ പ്രസ്താവനകളാണ്.


എന്നാല്‍ ചെലവഴിക്കുന്നത് നല്ല സമ്പാദ്യത്തില്‍നിന്ന് മാത്രമായിരിക്കണം. അതുപോല നല്ലത് മാത്രമായിരിക്കണം ചെലവഴിക്കുന്നത്. നിങ്ങള്‍ സ്വയം ഇഷ്ടപ്പെടുന്നത് കൊടുക്കാതെ പുണ്യം നേടാന്‍ കഴിയില്ല എന്ന ഖുര്‍ആന്‍ വാക്യം അവതരിച്ചപ്പോള്‍ നബിയുടെ ഒരനുയായി അദ്ദേഹത്തിന് ഏറ്റവും അധികം ഇഷ്ടമുണ്ടായിരുന്ന തോട്ടം ദാനംചെയ്ത സംഭവം ചരിത്രം ഉദ്ധരിക്കുന്നു.


അതുപോലെ ദാനം അല്ലാഹുവിന്റെ പ്രീതി സമ്പാദിക്കുക എന്ന ലക്ഷ്യത്തിനുവേണ്ടി മാത്രമായിരിക്കണം. പേരോ പ്രശസ്തിയോ ഭൗതികമായ എന്തെങ്കിലും താല്‍പര്യമോ ദാനം വാങ്ങുന്നവനില്‍നിന്ന് ലഭിക്കുന്ന പ്രത്യുപകാരമോ വിധേയത്വമോ ഒന്നും ആഗ്രഹിക്കാവതല്ല. വലത് കൈ കൊടുക്കുന്നത് ഇടത് കൈ അറിയാന്‍ പാടില്ല.


ലുബ്ധത മനുഷ്യനെ ബാധിക്കുന്ന ഗുരുതരമായ രോഗമാണ്. ചെലവഴിച്ചാല്‍ തീര്‍ന്നുപോകുമെന്നാണ് പേടിയെങ്കില്‍ കൊടുക്കാതെ ധനം കെട്ടിപ്പിടിച്ച് വെക്കുന്നവന് നാശം വരുത്തേണമേ എന്നായിരിക്കും മലക്കുകളുടെ പ്രാര്‍ത്ഥന. ലുബ്ധതയില്‍നിന്ന് സ്വന്തത്തെ രക്ഷപ്പെടുത്തിയവനാണ് വിജയം എന്ന് ഖുര്‍ആന്‍ പ്രസ്താവിക്കുന്നു. ആര്‍ക്കും ഒന്നും കൊടുക്കാതെ കൈ കഴുത്തിലേക്ക് ബന്ധിക്കരുത്. കയ്യില്‍ ഒന്നും വെക്കാതെ മുഴുവന്‍ കൊടുത്ത് തീര്‍ക്കുകയും ചെയ്യരുത്. 'പടച്ചവനേ, ലുബ്ധതയില്‍നിന്ന് എന്നെ രക്ഷിക്കേണമേ' എന്ന് വിശ്വാസി സദാ പ്രാര്‍ത്ഥിക്കണം. റമസാന്‍ വിശ്വാസികളില്‍ ഉദാരശീലം വളര്‍ത്തട്ടെ. - പി. മുഹമ്മദ് കുട്ടശ്ശേരി (ചന്ദ്രിക)