ഒമാനൊഴികെ ഗള്‍ഫ് രാജ്യങ്ങളില്‍ നാളെ പെരുന്നാള്‍; കേരളത്തിൽ ചൊവ്വാഴ്ച

മക്ക: ഒമാനൊഴികെയുള്ള ഗള്‍ഫ് രാജ്യങ്ങളില്‍ നാളെ പെരുന്നാള്‍. സൗദിയില്‍ മാസപ്പിറ ദൃശ്യങ്ങള്‍ കണ്ടതോടെയാണ് യു എ ഇ അടക്കമുള്ള രാജ്യങ്ങളില്‍ നാളെ ഈദുല്‍ ഫിത്വര്‍ ആഘോഷിക്കുന്നത്. ഇരുമ്പത്തിയൊമ്പത് നോമ്പ് പൂര്‍ത്തിയാക്കിയാണ് ഗള്‍ഫ് രാജ്യങ്ങള്‍ നാളെ പെരുന്നാളാഘോഷിക്കുന്നത്. ഒമാനില്‍ മറ്റെന്നാളായിരിക്കും പെരുന്നാളെന്ന് ഒമാന്‍ മതകാര്യവകുപ്പ് അറിയിച്ചു.
അതേ സമയം, കേരളത്തിൽ എവിടെയും ശവ്വാല്‍ മാസപ്പിറവി ദൃശ്യമാകാത്ത സാഹചര്യത്തില്‍ റമസാന്‍ 30 പൂര്‍ത്തിയാക്കി കേരളത്തില്‍ ചെറിയ പെരുന്നാള്‍ ചൊവ്വാഴ്ചയായിരിക്കുമെന്ന് പാണക്കാട് ഹൈദരലി ശിഹാബ് തങ്ങള്‍, കോഴിക്കോട് വലിയ ഖാദി സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമാ ജനറല്‍ സെക്രട്ടറി ചെറുശ്ശേരി സൈനുദ്ദീന്‍ മുസ്ലിയാര്‍ എന്നിവർ അറിയിച്ചു.