ഐക്യത്തിനും സമാധാനത്തിനും വേണ്ടി പ്രവര്‍ത്തിക്കുക: തങ്ങള്‍

മലപ്പുറം: മാനവരാശിയുടെ ഐക്യത്തിനും സമാധാനത്തിനും വേണ്ടി പ്രവര്‍ത്തിക്കുമെന്ന് ഓരോ വിശ്വാസിയും പ്രതിജ്ഞ പുതുക്കേണ്ട പുണ്യദിനമാണ് ഈദുല്‍ ഫിത്വര്‍ എന്ന് പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍ ഈദ് സന്ദേശത്തില്‍ പറഞ്ഞു.റമസാന്‍ വ്രതാനുഷ്ഠാനം മനുഷ്യന് നല്‍കിയ ജീവിത പാഠങ്ങളെ ആയുസ്സുടനീളം കാത്ത് സൂക്ഷിക്കാന്‍ കഴിയണം.
അചഞ്ചലമായ ദൈവവിശ്വാസത്തിന്റെയും സഹജീവി സ്‌നേഹത്തിന്റെയും മാതൃകയായി വ്യക്തിയെ പരിവര്‍ത്തിപ്പിച്ച പുണ്യവ്രതത്തിന്റെ സമാപനം കുറിക്കുന്ന ആഘോഷമാണ് ഈദുല്‍ഫിത്വര്‍. നന്മയുടെ നിലാവ് തെളിയുന്ന സുദിനം.
മത, ജാതി, പ്രാദേശികമായ എല്ലാ വിഭാഗീയതകളും വൈരവും വെടിഞ്ഞ് മനുഷ്യന്‍ ഒന്നാണ് എന്ന സാഹോദര്യ സന്ദേശത്തിന്റെ പ്രചാരകരാവാന്‍ തങ്ങള്‍ ആഹ്വാനം ചെയ്തു. കഷ്ടപ്പെടുന്നവരുടെ കണ്ണീരൊപ്പാന്‍ മുന്‍കൈ എടുക്കണം. ദരിദ്രര്‍ക്കും രോഗികള്‍ക്കും ആശ്രയമാവണം. വ്യക്തിയുടെയും സമൂഹത്തിന്റെയും ദേശത്തിന്റെയും സ്വാതന്ത്ര്യവും പരമാധികാരവും പരിപാലിക്കേണ്ടത് ആധുനിക ജനതയുടെ കടമയാണ്. അധികാര മേല്‍ക്കോയ്മക്കായി മനുഷ്യരെ കൊന്നു തള്ളുന്ന പ്രാകൃത ഗോത്ര സംസ്‌കാരത്തിന്റെ ഭയാനകമായ ഇരുട്ടിലേക്കാണ് പുതിയ കാലം പോകുന്നത്.
ഫലസ്തീനില്‍ നടക്കുന്ന നരമേധങ്ങള്‍ മനുഷ്യനെക്കുറിച്ചുള്ള എല്ലാ സങ്കല്‍പങ്ങളും തകര്‍ക്കുന്നവയാണ്.
യുദ്ധം എന്നു പേരിട്ട് ഏകപക്ഷീയമായ ആക്രമണങ്ങളിലൂടെ ആയിരങ്ങളെ കൂട്ടക്കശാപ്പ് ചെയ്യുകയാണ് ഇസ്രാഈല്‍ ഭരണകൂടം. ഈദുല്‍ഫിത്വര്‍ ആഘോഷിക്കുന്നവരുടെ മനസ്സില്‍ ഫലസ്തീനില്‍ പ്രാണന്‍ നഷ്ടപ്പെടുന്നവരുടെയും ഉറ്റവരെ ഓര്‍ത്ത് വിലപിക്കുന്നവരുടെയും മുഖങ്ങള്‍ തെളിയണം. പെരുന്നാള്‍ ആഘോഷങ്ങളില്‍ മിതത്വം പാലിക്കണം. സമൂഹത്തില്‍ സമാധാനവും ശാന്തിയും സ്ഥാപിതമാകുന്നതിന് പ്രപഞ്ചനാഥനോട് ഉള്ളുരുകി പ്രാര്‍ത്ഥിക്കണം.


പ്രാര്‍ത്ഥന തന്നെ ഒരു കരുത്തുറ്റ രക്ഷാകവചമാണ്.- തങ്ങള്‍ പറഞ്ഞു. സ്‌നേഹത്തിന്റെയും ഐക്യത്തിന്റെയും സന്ദേശം പ്രചരിപ്പിക്കുക. അചഞ്ചലമായ ദൈവവിശ്വാസവുമായി നന്മയുടെ പാതയില്‍ കൈകോര്‍ത്തു നീങ്ങുക. എല്ലാവര്‍ക്കും ഹൃദയം നിറഞ്ഞ ഈദ് ആശംസകള്‍.
അല്ലാഹു അക്ബര്‍ വലില്ലാഹില്‍ഹംദ്....