ഇരു ഹറമുകളും നിറഞ്ഞൊഴുകി റമദാനിലെ അവസാന ജുമുഅ

മദീന: റമദാനിലെ അവസാന ജുമുഅ നമസ്കാരത്തില്‍ ഇരുഹറമുകളിലും തീര്‍ഥാടക ലക്ഷങ്ങള്‍ പങ്കെടുത്തു. മക്കയില്‍ മസ്ജിദുല്‍ ഹറാമില്‍ സ്വദേശികളും വിദേശികളും ഉംറ തീര്‍ഥാടകരുമടക്കം 25 ലക്ഷത്തിലധികമാളുകള്‍ നമസ്കാരത്തില്‍ പങ്കെടുത്തതായാണ് കണക്ക്. വ്യാഴാഴ്ച 27ാം രാവിന് ഹറമിലത്തെിയ ആഭ്യന്തര തീര്‍ഥാടകരിലധികവും വെള്ളിയാഴ്ച ജുമുഅ നമസ്കാരത്തില്‍ പങ്കെടുത്തശേഷമാണ് വിടവാങ്ങിയത്. 
വിടപറയുന്ന റമദാനിലെ പുണ്യങ്ങള്‍ നേടാന്‍ കഴിയാത്തവന്‍ ദൗര്‍ഭാഗ്യവാനാണെന്ന് ഇമാം ശൈഖ് ഡോ. സുഊദ് അല്‍ശുറൈം പറഞ്ഞു. ഖുര്‍ആനിക ഉപദേശങ്ങള്‍ ഉള്‍ക്കൊണ്ട് ജീവിക്കാനും ദാനധര്‍മങ്ങള്‍ വര്‍ധിപ്പിക്കാനും സുവര്‍ണാവസരമായ റമദാനിലെ ദിനരാത്രങ്ങള്‍ ഉപയോഗപ്പെടുത്താന്‍ കഴിയാത്തവന് പിന്നെ എപ്പോഴാണ് അതിന് സാധിക്കുകയെന്നും ഇമാം ചോദിച്ചു.
മദീനയിലെ മസ്ജിദുന്നബവിയില്‍ അഞ്ചു ലക്ഷത്തിലധികമാളുകള്‍ ജുമുഅ നമസ്കാരത്തില്‍ പങ്കെടുത്തു. ജുമുഅ ഖുതുബക്കും നമസ്കാരത്തിനും ശൈഖ് സ്വലാഹ് അല്‍ബദീര്‍ നേതൃത്വം നല്‍കി.