27 -ആം രാവും അവസാന വെള്ളിയാഴ്ചയും ഒന്നിച്ചെത്തുന്നത് 53 വര്‍ഷത്തിന് ശേഷം
മക്ക: ലൈലതുല്‍ ഖദറിന്റെ പ്രതീക്ഷിത രാവുകളിലൊന്നായ ഇന്നലെ ഇരുഹറമുകളിലേക്ക് വിശ്വാസികളുടെ അണമുറിയാത്ത പ്രവാഹം. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നും വിദേശങ്ങളില്‍ നിന്നുമായി നാല്പത് ലക്ഷത്തിലധികം പേരാണ് ഇരുഹറമുകളിലേക്കും ഒഴുകിയെത്തിയത്.
സുരക്ഷ വിഭാഗങ്ങളും ഹറം കാര്യ സമിതിയും എല്ലാ തയ്യാറെടുപ്പുകളും നടത്തിയതിനാല്‍ ഹറമിലെത്തിയവര്‍ക്ക് കര്‍മ്മങ്ങള്‍ സുഗമമായി ചെയ്യാനും പ്രാര്‍ഥനകളില്‍ പങ്കെടുക്കാനും സാധിച്ചു.
ഇന്നലെ മഗ്രിബ് നിസ്കാരത്തോടെ തന്നെ മസ്ജിദുല്‍ ഹറാമും മുറ്റങ്ങളും നിറഞ്ഞുകവിഞ്ഞെന്ന് സിവില്‍ ഡിഫന്‍സ് അറിയിച്ചു.
നിസ്കരിക്കാന്‍ സമീപത്തെ പള്ളികളിലേക്ക് പോകണമെന്ന് മൊബൈലുകള്‍ വഴി അവര്‍ സന്ദേശം അയച്ചുകൊണ്ടിരുന്നു. റമസാനിലെ അവസാനത്തെ വെള്ളിയാഴ്ചയായ ഇന്നത്തെ ജുമുഅയില്‍ കൂടി പങ്കെടുത്ത ശേഷമേ ഹറമിലെ ജനബാഹുല്യത്തിന് ശമനമുണ്ടാവുകയുള്ളൂ. ഇരുപത്തി ഏഴാം രാവും അവസാന വെള്ളിയാഴ്ചയും ഒന്നിച്ചെത്തുന്നത് 53 വര്‍ഷത്തിന് ശേഷമാണെന്ന പ്രത്യേകതയും ഇക്കുറിയുണ്ട്.
പള്ളിയിലേക്കും തിരിച്ചുമുള്ള ആളുകളുടെ നീക്കങ്ങള്‍ സുരക്ഷാസേന പ്രത്യേകമായി നിരീക്ഷിക്കുന്നുണ്ട്. തറാവീഹ്, തഹജ്ജുദ് നിസ്കാരങ്ങള്‍ക്ക് പ്രത്യേകം ഉദ്യോഗസ്ഥരെയാണ് നിയമിച്ചിരിക്കുന്നത്. മസ്ജിദുല്‍ ഹറാമിന്റെ എല്ലാ ഭാഗങ്ങളിലും നിരവധി സിവില്‍ ഡിഫന്‍സ്, ആംബുലന്‍സ് വിങ്ങുകള്‍ വിന്യസിച്ചിട്ടുണ്ടെന്ന് സിവില്‍ ഡിഫന്‍സ് മേധാവി അറിയിച്ചു.
ജനത്തിരക്കുള്ള ഭാഗങ്ങളില്‍ ഓടിയെത്താന്‍ ബൈക്ക് വ്യൂഹത്തെയും സജ്ജമാക്കിയിരുന്നു. തിരക്കുള്ള ഭാഗങ്ങളുടെ ചിത്രങ്ങളെടുത്ത് ബന്ധപ്പെട്ടവര്‍ക്ക് കൈമാറാനും അതനുസരിച്ച് നിയന്ത്രണ വിധേയമാക്കാനും പദ്ധതി നടപ്പാക്കി. ഹറമിലേക്കുള്ള റോഡുകള്‍ ഉച്ചയോടെ തന്നെ ട്രാഫിക് വിഭാഗത്തിന്റെ പൂര്‍ണ നിയന്ത്രണത്തിലായിരുന്നു.
കിങ് അബ്ദുല്ല വികസന പദ്ധതി പ്രദേശത്തേക്ക് കാല്‍നടയാത്രക്കാര്‍ക്കുള്ള തുരങ്കം ഇന്നലെ തുറന്നു. ഇതു വിശ്വാസികള്‍ക്ക് വലിയ ആശ്വാസമാകും. 16 മീറ്റര്‍ വീതിയും ഒരു കിലോ മീറ്റര്‍ നീളവുമുള്ളതാണിത്. മസ്ജിദുന്നബവിയില്‍ പത്തുലക്ഷം പേരാണ് തറാവീഹിനും തഹജ്ജുദിനുമെത്തിയത്.(അവ.ചന്ദ്രിക).