മമ്പുറം/തിരൂരങ്ങാടി: ഇരുപത്തേഴാം രാവും വ്യാഴാഴ്ച സ്വലാത്തും ഒന്നിച്ചു വന്നതോടെ മമ്പുറത്തേക്ക് വിശ്വാസി പ്രവാഹം. മമ്പുറം തങ്ങളുടെ കാലത്ത് തുടങ്ങി, ഇന്നും മുറതെറ്റാതെ നടന്നു വരുന്ന സ്വലാത്തിന് വന്‍ ജനാവലിയാണ് പങ്കെടുത്തത്. ദൂരദിക്കുകളില്‍ നിന്നു പോലും നേരത്തെ തന്നെ വിശ്വാസികളെത്തിയിരുന്നു. ആത്മീയ നിര്‍വൃതിയില്‍ കടലുണ്ടിപ്പുഴപോലും ലയിച്ചു.
മമ്പുറം മഖാമിലെ സ്വലാത്തിന്ന് നൂറ്റാണ്ടുകളുടെ പഴക്കമുണ്ട്. മമ്പുറം ഖുതുബുസമാന്‍ സയ്യിദ് അലവി തങ്ങള്‍ അന്ത്യവിശ്രമം കൊള്ളുന്ന മഖാം ശരീഫില്‍ എല്ലാ വ്യാഴാഴ്ച്ചകളിലും മഗ്രിബ് നമസ്കാരത്തിന്ന് ശേഷം രാത്രിയിലാണ് സ്വലാത്തും ദുആയും നടക്കുന്നത്. ഇരുപത്തേഴാം രാവും വ്യാഴാഴ്ച രാവും ഒന്നിച്ചെത്തിയതോടെ വിശ്വാസികള്‍ക്ക് ഇരട്ട സന്തോഷമായിരുന്നു.
മമ്പുറം തങ്ങള്‍ എന്നറിയപ്പെടുന്ന സയ്യിദ് അലവി തങ്ങളുടെ അമ്മാവനും ഭാര്യ പിതാവുമായ സയ്യിദ് ഹസ്സന് ജിഫ്രി തങ്ങളുടെ ഖബറിടത്തില്‍ 200 വര്‍ഷങ്ങള്‍ക്ക് മുമ്പ് തുടങ്ങിയതാണ് വ്യാഴാഴ്ച്ചകളിലെ സ്വലാത്തും പ്രാര്‍ത്ഥനയും എന്നാണ് ചരിത്രം. പ്രതികൂല കാലാവസ്ഥയോ, ബുദ്ധിമുട്ടുകളോ, പ്രയാസങ്ങളോ ഇന്ന് വരെ സ്വലാത്തിന്ന് തടസമായിട്ടില്ല. മഴക്കാലത്ത് മഖാമിന്ന് ചുറ്റും വെള്ളം നിറഞ്ഞിരിക്കുന്ന സമയങ്ങളില്‍ പോലും സ്വലാത്ത് നടക്കും.
സ്വലാത്ത് നടക്കുന്നതിനാല്‍ വെള്ളിയാഴ്ച്ച രാവ് ദിവസം മറ്റൊരു പരിപാടിയും മമ്പുറത്തും പരിസരങ്ങളിലും സംഘടിപ്പിക്കാറില്ല. സ്വലാത്തിന് പുറമേ മഖാമില്‍ ഖത്തം ദുആയും നടന്നു വരുന്നു. ഖുര്‍ആന്‍ പാരായണം നടത്തുന്നതിനായി മുമ്പ് 40 സ്ഥിരം മുല്ലമാര്‍ ഉണ്ടായിരുന്നു.
വ്യഴാഴ്ച്ച രാവിലെയാണ് ഖത്തം ദുആ നടക്കുക. അല്ലാഹുമ്മ സ്വല്ലി അലാമുഹമ്മദ് യാറബ്ബി സ്വല്ലി അലൈഹി വസ്വല്ലിം എന്ന് 101 തവണയും അസ്സലാത്തു വസ്സലാമു അലൈക്ക എന്ന സ്വലാത്ത് ഒന്‍പത് തവണയും ചൊല്ലി മൂന്ന് യാസീനും ഓതി ദുആ ചെയ്യുക എന്നതാണ് സ്വലാത്തിന്റെ രീതി. ജിഫ്രി കുടുംബത്തിലെ 11 പേരാണ് മഖാമില്‍ അന്ത്യവിശ്രമം കൊള്ളുന്നത്.
ദിനേന ജാതി മത ഭേദമന്യെ ആയിരങ്ങള്‍ ഇവിടെയെത്തി അനുഗ്രഹവും ആശിര്‍വാദവും തേടുന്നു. വിശ്വാസികള്‍ക്ക് നോമ്പ് തുറക്കായി തയ്യാറാക്കുന്ന ജീരക കഞ്ഞിക്കും നൂറ്റാണ്ടുകളുടെ പഴക്കമുണ്ട്. മുമ്പ് ജീരകകഞ്ഞി തങ്ങളുടെ തറവാട്ട് മുറ്റത്തായിരുന്നു വിതരണം ചെയ്തിരുന്നത്. ഇപ്പോള്‍ ജീരക കഞ്ഞി വിതരണം ചെയ്യുന്നത് മഖാമിന്റെ മുന്‍ വശത്തുള്ള ഹിഫഌ കോളജിന്റെ മുറ്റത്താണ്. ചെമ്മാടുള്ള ദാറുല്‍ ഹുദാ ഇസ്ലാമിക് യൂണിവേഴ്സിറ്റിക്കാണ് മഖാമിന്റെ നടത്തിപ്പ്.