ഗള്‍ഫ് രാജ്യങ്ങളില്‍ ഈദുല്‍ ഫിത്വര്‍ ആഘോഷിച്ചു; കേരളത്തിൽ ഇന്ന്


മദീനയിലെ ഈദ് നിസ്കാരം 
റിയാദ്: സ്വന്തം വീടുകളില്‍ നിന്ന് ആട്ടിയോടിക്കപ്പെട്ട് ദുരിതങ്ങളുടെ ദൈന്യതയില്‍ കഴിയുന്ന അറബ് മുസ്‌ലിം സഹോദരങ്ങള്‍ക്ക് സുരക്ഷിതത്വം നല്‍കണമെന്ന് പ്രപഞ്ചനാഥനോട് കേണപേക്ഷിച്ച് ഗള്‍ഫ് രാജ്യങ്ങള്‍ ഈദുല്‍ഫിത്വര്‍ ആഘോഷിച്ചു. ഒമാനൊഴികെയുള്ള ഗള്‍ഫ്, അറബ് രാജ്യങ്ങളില്‍ ഇന്നലെയായിരുന്നു ഈദുല്‍ ഫിത്വര്‍. സൂര്യോദയത്തിന് ശേഷം ഒരുമണിക്കൂറിനുള്ളില്‍ നിസ്‌കാരങ്ങള്‍ പൂര്‍ത്തിയാക്കി ഇമാമുമാര്‍ ഖുതുബയിലേക്ക് പ്രവേശിച്ചു.
ഖുതുബയുടെ അവസാനം ഗസ്സയിലും സിറിയയിലും ഇറാഖിലും മറ്റും വ്രണിത മനസ്സുമായി കഴിയുന്ന മുസ്‌ലിം സഹോദരങ്ങള്‍ക്ക് പ്രത്യേകിച്ചും ലോക മുസ്‌ലിംകള്‍ക്ക് പൊതുവായും സുദീര്‍ഘമായ പ്രാര്‍ഥനകളുയര്‍ന്നു.മക്കയിലെ മസ്ജിദുല്‍ ഹറാമില്‍ 25 ലക്ഷം പേരും മസ്ജിദുന്നബവിയില്‍ പത്ത് ലക്ഷം പേരുമാണ് നിസ്‌കാരത്തിനെത്തിയത്.
മക്കയിൽ  നിന്ന് 
മക്ക ഹറമില്‍ പള്ളിയുടെ എല്ലാ നിലകളും പുതുതായി തുറന്ന കിങ് അബ്ദുല്ല വികസന ഭാഗവും മുറ്റങ്ങളും സമീപത്തെ റോഡുകളും നിറഞ്ഞു കവിഞ്ഞിരുന്നു. 
കഴിഞ്ഞ ഒരാഴ്ചയായി മനസ്സും ശരീരവും അല്ലാഹുവിലര്‍പ്പിച്ച് റമസാനിന്റെ അവസാന രാവുകളെ സുകൃതങ്ങളില്‍ സജീവമാക്കിയ നിര്‍വൃതിയില്‍ പെരുന്നാള്‍ നിസ്‌കാരത്തില്‍ കൂടി പങ്കെടുത്ത് സ്ഫുടം ചെയ്‌തെടുത്ത മനസ്സുമായാണ് എല്ലാവരും ഹറമിനോട് യാത്ര പറഞ്ഞത്. സഊദി കിരീടാവകാശി അമീര്‍ സല്‍മാന്‍ ബിന്‍ അബ്ദുല്‍ അസീസും രണ്ടാം കിരീടാവകാശി അമീര്‍ മുഖ്‌രിനും മന്ത്രിമാരും രാജകുടുംബാംഗങ്ങളില്‍ പ്രമുഖരും നിസ്‌കാരത്തിന് ഹറമിലെത്തി.
മസ്ജിദുല്‍ ഹറാമില്‍ പെരുന്നാള്‍ നിസ്‌കാരത്തിനും ഖുതുബക്കും ശൈഖ് സാലിഹ് അല്‍ഹുമൈദും മദീന മസ്ജിദുന്നബവിയില്‍ ശൈഖ് സാലിഹ് അല്‍ബുദൈറും നേതൃത്വം നല്‍കി. മനുഷ്യര്‍ പരസ്പരം ആശ്രിതരാണെന്നും ബന്ധുക്കളുമായും സുഹൃത്തുക്കളുമായും ബന്ധപ്പെട്ടു നില്‍ക്കുന്നവരാണെന്നും ഈ ആഘോഷ ദിവസങ്ങളില്‍ ബന്ധങ്ങള്‍ സുദൃഢമാക്കാന്‍ ശ്രമിക്കണമെന്നും ഹറം ഇമാം ശൈഖ് സാലിഹ് ഉദ്‌ബോധിപ്പിച്ചു. മുസ്‌ലിംകള്‍ ഒരു ശരീരം പോലെയാണ്. ശരീരത്തിന്റെ ചിലഭാഗങ്ങളിലുണ്ടാവുന്ന വേദന ശരീരം മുഴുവനും അറിയുന്നു.

സഹോദരന്റെ സുഖത്തിലും ദുഃഖത്തിലും പങ്കാളികളാവണം. അറബ് ലോകത്ത് മുസ്‌ലിം സമൂഹം പ്രതിസന്ധിയിലാണ്. നിരവധി പരീക്ഷണ ഘട്ടങ്ങളിലൂടെയാണ് അവര്‍ കടന്നുപോകുന്നത്. ആട്ടിയോടിക്കപ്പെട്ടവരും വിധവകളും യതീമുകളും അഭയാര്‍ഥികളും ദരിദ്രരുമായി അവരില്‍ ഭൂരിഭാഗം പേരും കഴിയുന്നു. ഈ പെരുന്നാള്‍ ദിനത്തില്‍ അവര്‍ക്ക് സന്തോഷിക്കാനാവുന്നില്ല. അന്തിമ വിജയം അല്ലാഹു അവര്‍ക്ക് നല്‍കട്ടെ. അദ്ദേഹം തുടര്‍ന്നു. പൊതുജനങ്ങളില്‍ നിന്ന് ആശംസ സ്വീകരിച്ച ശേഷം അമീര്‍ സല്‍മാന്‍ ജിദ്ദയിലെ കൊട്ടാരത്തിലേക്ക് പോയി.

എല്ലാ ഗവര്‍ണര്‍മാരും അതത് പ്രവിശ്യയിലെ പ്രാധന മസ്ജിദുകളിലാണ് നിസ്‌കാരത്തില്‍ പങ്കെടുത്തത്. നിസ്‌കാര ശേഷം ആശംസ നേരാനെത്തിയവരെ സ്വീകരിക്കുകയും ആസ്പത്രികളില്‍ രോഗികളെ സന്ദര്‍ശിക്കുകയും ചെയ്തു. വൈകുന്നേരത്തോടെ എല്ലാ പ്രവിശ്യകളും കരിമരുന്ന് പ്രയോഗമടക്കമുള്ള ഈദാഘോഷ ചടങ്ങുകള്‍ നടന്നു.
കേരളത്തിൽ ഈദുല്‍ ഫിത്വര്‍  ഇന്ന്
കോഴിക്കോട്: പുണ്യങ്ങളുടെ പെരുമഴക്കാലം തീര്‍ത്ത ആത്മവിശുദ്ധിയില്‍ ഇന്ന് കേരളത്തിൽ ആഹ്ളാദത്തിന്‍െറ ചെറിയ പെരുന്നാള്‍. വാക്കുകളും കര്‍മങ്ങളും ഒരുപോലെ വിശുദ്ധിയുടെ വഴികള്‍ തേടിയ റമദാനിലെ പകലിരവുകള്‍ക്ക് വിരഹവും ആത്മഹര്‍ഷവും നിറഞ്ഞ മനസ്സോടെയാണ് വിശ്വാസികള്‍ വിട ചൊല്ലിയത്. സല്‍കര്‍മങ്ങളില്‍ മതിമറന്നാഹ്ളാദിച്ച ഒരു മാസത്തെ വിട്ടുപിരിയുന്നതിന്‍െറ വിരഹവും ആഹ്ളാദത്തിന്‍െറ പൂനിലാവുമായത്തെിയ ചെറിയ പെരുന്നാളിനെ നെഞ്ചേറ്റുന്നതിന്‍െറ നിര്‍വൃതിയും വിശ്വാസികളെ വീര്‍പ്പുമുട്ടിച്ചു. അതേസമയം, ഗസ്സയുടെ തെരുവീഥികളില്‍ ഒഴുകിയ ചോരപ്പുഴയില്‍ രക്തസാക്ഷ്യം വരിച്ച പിഞ്ചുപൈതങ്ങളുടെ മുഖം മനുഷ്യസ്നേഹികളെ ഈ പെരുന്നാള്‍ദിനത്തിലും കരയിപ്പിക്കുന്നു. റമദാന്‍ 30 പൂര്‍ത്തിയാക്കിയാണ് കേരളത്തിലെ മുസ്ലിംകള്‍ ഇന്ന് പെരുന്നാള്‍ ആഘോഷിക്കുന്നത്. പള്ളികളില്‍ പെരുന്നാള്‍ നമസ്കാരത്തിന് വിപുലമായ സൗകര്യങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്.(അവ.)