മത ചിഹ്നങ്ങള്‍ വിലക്കുന്ന സ്ഥാപനങ്ങള്‍ക്കെതിരെ സമരം : SKSSF ക്യാമ്പസ്‌ വിംഗ്‌

കോഴിക്കോട്‌ : മത ചിഹ്നങ്ങള്‍ക്ക്‌ വിലക്കേര്‍പ്പെടുത്തുന്ന വിദ്യാഭ്യാസ-തൊഴില്‍ സ്ഥാപനങ്ങള്‍ക്കെതിരെ ശക്ത്മായ സമരം സംഘടിപ്പിക്കുമെന്ന് SKSSF ക്യാമ്പസ്‌ വിംഗ്‌. മുസ്ലിം മത വിശ്വാസ പ്രകാരമുള്ള മഫ്ത ധരിക്കുന്നതില്‍ നിന്നും, താടി നീട്ടി വളര്‍ത്തുന്നതില്‍ നിന്നും വിദ്യാര്‍ഥികളെയും ഉദ്യോഗസ്ഥരെയും വിലക്കുന്ന ചില സ്ഥാപനങ്ങള്‍ ഉച്ചക്ക്‌ നിസ്കരിക്കുവാന്‍ സമയം പോലും അനുവദിക്കുന്നില്ല. രാജ്യ താല്‍പര്യത്തിനും വ്യക്തി സ്വാതന്ത്ര്യത്തിനും വിരുദ്ധമായുള്ള ഇത്തരം സ്ഥാപനങ്ങളുടെ പ്രവര്‍ത്തനാനുമതി സര്‍ക്കാര്‍ റദ്ദാക്കണം. സ്വകാര്യ സ്ഥാപനങ്ങള്‍ മത സ്വാതന്ത്ര്യത്തില്‍ കൈ കടത്തരുത്‌. മുസ്ലിം ന്യൂനപക്ഷത്തിന്റെ ആനുകൂല്യങ്ങള്‍ വരെ കൈക്കലാക്കുന്ന സ്ഥാപനങ്ങള്‍ ഇത്തരം രീതികളുമായി മുന്നോട്ട്‌ പോകുന്നത്‌ പ്രതിഷേധാര്‍ഹമാണ്. ചില ഉദ്യോഗസ്ഥ മേഖലയില്‍ മത സ്വാതന്ത്ര്യം അനുവധിക്കാത്തത്‌ അത്തരം മേഖലകളില്‍ നിന്നും ന്യൂനപക്ഷത്തെ മാറ്റി നിര്‍ത്താനുള്ള അജണ്ടയുടെ ഭാഗമാണോ എന്ന് സംശയിക്കണം. മത ചിഹ്നങ്ങള്‍ വിലക്കുന്ന വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ ബഹിഷ്കരിക്കാന്‍ വിദ്യാര്‍ത്ഥികളും രക്ഷിതാക്കളും തയ്യാറാകുമെന്നും, ഇത്‌ മറ്റൊരു ചേരി തിരിവിനു കാരണമാകുമെന്നും, അതിനാല്‍ രാജ്യ താല്‍പര്യത്തെ മുന്‍ നിര്‍ത്തി മത സ്വാതന്ത്ര്യം അനുവദിക്കുന്ന സമീപനം ബന്ധപ്പെട്ടവര്‍ കൈക്കൊള്ളണമെന്നും ക്യാമ്പസ്‌ വിംഗ്‌ പ്രസ്താവിച്ചു. യോഗത്തില്‍ സത്താര്‍ പന്തലൂര്‍, ഷബിന്‍ മുഹമ്മദ്‌, ജനറല്‍ കൺവീനര്‍ മുനീര്‍ പി.വി, ബഷീര്‍ ഹുദവി, മുഹമ്മദ്‌ സാദിഖ്‌, സലീം തുടങ്ങിയവര്‍ സംസാരിച്ചു.
SKSSF STATE COMMITTEE