കാഞ്ഞങ്ങാട് : പുതിയ തലമുറയില്‍ വിവര സ്രോതസ്സുകളും സാങ്കേതിക വിദ്യകളും അനുദിനം പുരോഗമിച്ചുക്കൊണ്ടിരുക്കുന്നുവെങ്കിലും ധാര്‍മിക മൂല്യങ്ങളും സന്മാര്ഗ വിജ്ഞാനങ്ങളും ശോഷിച്ചുക്കൊണ്ടിരിക്കുകയാണ്. മാറിയ കാലത്തെ സ്വകാര്യതയില്‍ കുട്ടികള്‍ വഴിപിഴച്ചു പോവരുതെന്നും നൂതന സാങ്കേതിക വിദ്യകളെ ക്കുറിച്ച് രക്ഷിതാക്കളും ബോധവാന്മാരാകണമെന്നും പാണക്കാട് സയ്യിദ് റശീദലി ശിഹാബ് തങ്ങള്‍. ശഹ്റു റമളാന്‍ വിശുദ്ധിയുടെ വിളിയാളം എന്ന പ്രമേയത്തില്‍ ദാറുല്‍ ഹുദാ ഇസ്ലാമിക് യൂണിവേഴ്സിറ്റിയില്‍ നിന്ന് പഠനം പൂര്‍ത്തിയാക്കിയ ഹുദവി പണ്ഡിതരുടെ കൂട്ടായ്മ ഹുദവീസ് അസോസിയേഷന് ഫോര്‍ ഡെവോറ്റഡ് ഇസ്ലാമിക് ആക്ടിവിറ്റീസ് (ഹാദിയ) മാണിക്കോത്ത് ഗ്രാന്റ് ഓഡിറ്റോറിയത്തില്‍ സംഘടിപ്പിക്കുന്ന ചതുര്‍ദിന റമളാന്‍ പ്രഭാഷണ പരമ്പരയിലെ രണ്ടാം ദിവസ വേദി ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. വിജ്ഞാനം സംസ്കാരവും സംസ്കൃതിയും വിളവെടുത്ത് തരും. അല്ലാത്ത പഠനങ്ങള്‍ വൃഥയാണ്. അജ്ഞത അധപതനത്തിന്റെ ഗര്‍ത്തങ്ങളിലേക്കാണ് തള്ളിവിടുന്നത്. ധര്മപാഠമോതാത്ത വിജ്ഞാനങ്ങള്‍ വിവരക്കേടുകളാണ്. പരിഷ്കൃത ലോകത്തെ വിവരങ്ങളില്‍ നിന്നുള്ള നെല്ലും പതിരും തിരിച്ചറിയാന്‍ ഏവരും തയ്യാറാകണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
- MIC Chattanchal Kasaragod