"സുകൃതങ്ങളുടെ സമുദ്ധാരണത്തിന്‌" SKSSF ബഹുജന പ്രചരണ കാമ്പയിന് തുടക്കമായി

വ്യാജ കേശം; മുഖ്യമന്ത്രി നിലപാട് വ്യക്തമാക്കണം-എസ്.കെ.എസ്.എസ്.എഫ്


കോഴിക്കോട്:പ്രവാചകന്‍ മുഹമ്മദ് നബി (സ) യുടെ പേരില്‍ സാമ്പത്തിക ചൂഷണം ലക്ഷ്യമാക്കി അവതരിപ്പിച്ച കേശം വ്യാജമാണെന്ന് കാന്തപുരം വിഭാഗത്തിലെ ഒരു വിഭാഗം തന്നെ സമ്മതിച്ച സാഹചര്യത്തില്‍ അതുപയോഗിച്ചുള്ള സാമ്പത്തിക ചൂഷണ കേന്ദ്രത്തിന് ശിലപാകാന്‍ മന്ത്രി പരിവാരങ്ങളുമായി വന്നതിന്റെ ധാര്‍മികതയെന്തെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി വിശദീകരിക്കണമെന്ന് എസ്.കെ.എസ്.എസ്.എഫ് സംസ്ഥാന ബഹുജന പ്രചരണ കാമ്പയിന് ഉദ്ഘാടന സമ്മേളനത്തില്‍ അവതരിപ്പിച്ച പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു.

സുകൃതങ്ങളുടെ സമുദ്ധരണത്തിന് എന്ന പ്രമേയവുമായി രണ്ട് മാസം നീണ്ടുനില്‍ക്കുന്ന കാമ്പയിന്റെ സംസ്ഥാന തല ഉദ്ഘാടന പരിപാടിയില്‍ പാണക്കാട് സയ്യിദ് അബ്ബാസലി ശിഹാബ് തങ്ങള്‍ അദ്ധ്യക്ഷത വഹിച്ചു.
വ്യാജ കേശം സൂക്ഷിക്കാന്‍ പള്ളി നിര്‍മ്മിക്കുമെന്നും അതിന് ചുറ്റും ടൗണ്‍ഷിപ്പ് പണിയുമെന്നും പ്രചരിപ്പിച്ച് സ്വരൂപിച്ച കോടിക്കണക്കിന് രൂപ സംബന്ധിച്ച് ഉടന്‍ അന്വേഷണത്തിന് ഉത്തരവിടണം. ഇത്തരം ചൂഷകര്‍ക്ക് ഇടം ലഭിക്കാന്‍ മഹല്ല് തലങ്ങളില്‍ നടന്നു വരുന്ന ശിഥിലീകരണ ശ്രമങ്ങള്‍ക്ക് സംസ്ഥാന ആഭ്യന്തര വകുപ്പിന്റെ നിലപാട് പ്രതിഷേധാര്‍ഹമാണ്.സമസ്ത കേരള ജംഇയ്യത്തുല്‍ മുദരിസീന്‍ ജനറല്‍ സെക്രട്ടറി സയ്യിദ് മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങള്‍ ഉദ്ഘാടനം ചെയ്തു. കോട്ടുമല ടി.എം ബാപ്പു മുസ്‌ലിയാര്‍, ഡോ.ബഹാഉദ്ദീന്‍ മുഹമ്മദ് നദ്‌വി,പ്രസംഗിച്ചു. ജനറല്‍ സെക്രട്ടറി ഓണംപിള്ളി മുഹമ്മദ് ഫൈസി സ്വാഗതവും അയ്യൂബ് കൂളിമാട് നന്ദിയും പറഞ്ഞു. തുടര്‍ന്ന് നടന്ന സെഷന്‍ സുന്നി യുവജന സംഘം സംസ്ഥാന സെക്രട്ടറി അബ്ദുല്‍ ഹമീദ് ഫൈസി അമ്പലക്കടവ് ഉദ്ഘാടനം ചെയ്തു. അഷ്‌റഫ് ഫൈസി കണ്ണാടിപ്പറമ്പ്, മുസ്ഥഫ മുണ്ടുപാറ,നാസര്‍ ഫൈസി കൂടത്തായി പ്രസീഡിയം നിയന്ത്രിച്ചു. മുജീബ് ഫൈസി പൂലോട് വിഷയാവതരണം നടത്തി. സത്താര്‍ പന്തലൂര്‍ സ്വാഗതവും മുസ്ഥഫാ അഷ്‌റഫി കക്കുപ്പടി നന്ദിയും പറഞ്ഞു.