മുടി ഗ്രൂപ്പുകാർ കൈവിട്ടു; കുറ്റിപ്പുറം നിക്ഷേപ തട്ടിപ്പ് പ്രതി അബ്ദുല്‍ നൂർ കോടതിയില്‍ കീഴടങ്ങാനൊരുങ്ങുന്നു..

ജാമ്യത്തിലിറങ്ങിയപ്പോൾ വിദേശത്തേക്ക് മുങ്ങാൻ സഹായിച്ചത് മുടി ഗ്രൂപ്പുകാർ 
അബ്ദുല്‍ നൂർ 
കുറ്റിപ്പുറം: നിക്ഷേപ തട്ടിപ്പ് കേസിലെ പ്രതിയും കാന്തപുരത്തിന്റെ വലം കയ്യുമായിരുന്ന അബ്ദുല്‍ നൂർ ഉടനെ കോടതിയില്‍ കീഴടങ്ങിയേക്കുമെന്ന് സൂചന. വിദേശത്തുള്ള കുറ്റിപ്പുറം ഷാന്‍ എന്റര്‍പ്രൈസസ് ഉടമ കമ്പാല അബ്ദുല്‍ നൂറാണ് കോടതിയില്‍ കീഴടങ്ങുമെന്ന വിവരം ലഭിച്ചത്. 
തട്ടിപ്പിനെ തുടര്‍ന്ന് പൊലീസ് പിടിയിലായപ്പോള്‍ ജാമ്യത്തിലിറങ്ങി മുങ്ങിയ നൂറിനെ നാട്ടിലെത്തിക്കാന്‍ ക്രൈംബ്രാഞ്ച് ഇന്റര്‍പോളിന്റെ സഹായത്തോടെ ശ്രമം നടത്തിവരികയാണ്.
ലക്ഷം രൂപക്ക് 5000 രൂപ മാസ ലാഭം വാഗ്ദാനം നല്‍കിയായിരുന്നു അബ്ദുല്‍നൂര്‍ മതസ്ഥാപനങ്ങളില്‍ നിന്നുംമുഅല്ലിമുകൾ അടക്കമുള്ള വളരെ പാവപ്പെട്ടവരിൽ നിന്നും  നിക്ഷേപം സ്വീകരിച്ചിരുന്നത്.
പദ്ധതിയിലെ പാളിച്ചയെ തുടര്‍ന്ന് 2008 നവംബറില്‍ പ്രതിയെ പൊലീസ് പിടികൂടിയെങ്കിലും നിക്ഷേപകരുടെ പരാതി ഇല്ലെന്ന കാരണത്താല്‍ കോടതി പ്രതിക്ക് ജാമ്യം അനുവദിക്കുകയായിരുന്നു. കോടതിയില്‍ നിന്ന് പാസ്‌പോര്‍ട്ട് കരസ്ഥമാക്കിയ ശേഷം
പ്രതി മുങ്ങുകയായിരുന്നു.
പിന്നീട് നിരവധി പരാതികള്‍ ഉയര്‍ന്നെങ്കിലും ലോക്കല്‍ പൊലീസില്‍ നിന്നും നടപടി ഇല്ലാത്തതിനാല്‍ നിക്ഷേപകര്‍ ആക്ഷന്‍ കമ്മിറ്റി രുപീകരിച്ച് രംഗത്തിറങ്ങി.
മുഖ്യമന്ത്രിക്ക് പരാതി സമര്‍പ്പിക്കുകയും ഹൈക്കോടതിയെ സമീപിക്കുകയും ചെയ്തതോടെ കേസ് ക്രൈംബ്രാഞ്ചിന് കൈമാറി. അന്വേഷണത്തിന്റെ ഭാഗമായി നിക്ഷേപകരെയും നൂറിന്റെ സഹോദരങ്ങളെയും വിളിച്ച് ക്രൈംബ്രാഞ്ച് മൊഴി രേഖപ്പെടുത്തി. ക്രൈംബ്രാഞ്ച് ഡിവൈ.എസ്.പി കാസിമിന്റെ നേതൃത്വത്തില്‍ കുറ്റിപ്പുറത്ത് സിറ്റിംങും നടത്തി.
പ്രതിക്കായി ക്രൈംബ്രാഞ്ച് കോടതിയെ സമീപിച്ച് ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിക്കാനുള്ള ശ്രമത്തിലാണ്. പ്രതിയുടെ കോഴിക്കോട്ടുകാരിയായ രണ്ടാം ഭാര്യയുടെ സ്വത്ത് കണ്ടുകെട്ടാനും വിദേശത്തുള്ള നിക്ഷേപം കണ്ടെത്താനും ക്രൈംബ്രാഞ്ച് നടപടി സ്വീകരിച്ചുവരികയാണ്. ഇയാളുടെ കോടിക്കണക്കിന് രൂപയുടെ സ്വത്ത് ബിനാമികളുടെ കൈവശമുണ്ടെന്ന വിവരവുമുണ്ട്.
നേരത്തെ പ്രതിയുടെ സ്വത്ത് ലേലം ചെയ്യാന്‍ തിരൂര്‍ കോടതി ഉത്തരവിട്ടിരുന്നു. എന്നാല്‍ ലേലക്കാരില്‍ മതിയായ പണം ഇല്ലാത്തതിനാല്‍ ഇത് നടന്നില്ല.
 ഏതായാലും ഇയാൾക്ക് ഇത്രയും കാലം സംരക്ഷണം നല്കിയിരുന്നത് കാന്തപുരം വിഭാഗത്തിലെ മുടി ഗ്രൂപ്പ് ആയിരുന്നു. നാട്ടിൽ ഇപ്പോൾ മുടി വിഷയം കത്തി നിൽക്കുമ്പോൾ പിടികൊടുക്കപ്പെടുന്നത് ഒട്ടും ഉചിതമായിരിക്കില്ലെന്ന് മനസ്സിലാക്കിയാണ് സംരക്ഷണം കൂടുതൽ ശക്തമാക്കിയിരുന്നെങ്കിലും ഒടുവിൽ പിടിക്കപ്പെടുമെന്നു ഉറപ്പായതോടെയാണ് അവരും കൈ ഒഴിയുന്നതെന്നും കോടതിയിൽ കീഴടങ്ങുന്നെതെന്നുമാണ് സൂചന.