ഏക സിവില്‍കോഡ് വാദികള്‍ക്ക് പുതിയകൂട്ട് : പിണങ്ങോട് അബൂബക്കര്‍

2013 സെപ്തംബര്‍ 24ന് കോഴിക്കോട് ഹൈസണില്‍ യോഗം ചേര്‍ന്നത് കേരളത്തിലെ ആധികാരിക മുസ്‌ലിം സംഘടനാ പ്രതിനിധികളാണ്. (സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമാ, മുസ്‌ലിം ലീഗ്, മുജാഹിദ് (ഇരുവിഭാഗം), ജമാഅത്തെ ഇസ്‌ലാമി, ദക്ഷിണ കേരള ജംഇയ്യത്തുല്‍ ഉലമ, സമസ്താന കേരള ജംഇയ്യത്തുല്‍ ഉലമാ, എം..എസ്. എം.എസ്.എസ്)
ക്ഷണിക്കാതിരുന്നത് ഒന്ന്, എസ്.ഡി.പി., രണ്ട് - കാന്തപുരം വിഭാഗം. ഈ രണ്ടുവിഭാഗവും മുഖ്യധാരയിലോ, മുസ്‌ലിം പൊതുജീവിതത്തിലോ ഇടമുള്ളവരല്ല. ''നെഗറ്റീവ് ആക്ടിവിറ്റിസ''മാണിവരുടെ കര്‍മധര്‍മങ്ങളുടെ ആകെ കൈമുതല്‍ നന്മ തിന്മകൊണ്ട് തടയുന്ന വിഭാഗങ്ങള്‍ (വിശുദ്ധ ഖുര്‍ആന്‍ പരാമര്‍ശത്തിന് വിരുദ്ധമാണിത്)
പ്രസ്തുത യോഗം മുന്നോട്ടുവെച്ചത് രണ്ട് കാര്യമാണ്. ഒന്ന്, പരക്കെ ഉയര്‍ന്നുവന്ന മുസ്‌ലിം പെണ്‍കുട്ടികളുടെ വിവാഹപ്രായ പരിധി സംബന്ധിച്ച പ്രയാസങ്ങള്‍. രണ്ട്, ഈ സാഹചര്യങ്ങളുടെ അനന്തരഫലങ്ങള്‍.
മുസ്‌ലിം പെണ്‍കുട്ടികളെ കൊച്ചുനാളില്‍ തന്നെ കെട്ടിച്ചുയക്കണമെന്നോ അതിന് വേണ്ടി നിലകൊള്ളണമെന്നോ സംഘടനകള്‍ ആവശ്യം ഉന്നയിച്ചിട്ടില്ല.
നിലവില്‍ മുസ്‌ലിംകളുടെ വ്യക്തിനിയമങ്ങള്‍ ശരീഅത്ത് അനുസരിച്ചാണ് നടന്നുവരുന്നത്. അതിന് ഭാരതത്തില്‍ ഭരണഘടനാപരമായ പരിരക്ഷയും ലഭ്യമാണ്. ശരീഅത്തില്‍ വിവാഹ പ്രായം
വയസടിസ്ഥാനത്തിലല്ല നിശ്ചയിച്ചത്. ശരീര ശാസ്ത്രപരമായ പക്വത കൈവരിക്കുന്ന ഋതുമതിയാവലാണ്.
വര്‍ഗീയ ശക്തികളും ഫാസിസ്റ്റുകളും കാലങ്ങളായി വാദിച്ചുവരുന്ന ഏക സിവില്‍കോഡിലേക്കുള്ള പ്രയാണത്തിന്റെ തുടക്കമാണ് പുതിയ പ്രായപരിധിയും, ലംഘിക്കുന്നത് ക്രിമിനല്‍ പ്രൊസീജറില്‍പെടുത്തിയ 2006ലെ ചൈല്‍ഡ് മാരേജ് ആക്ടും.
ഇന്ത്യയിലെ പല മുസ്‌ലിം സംഘടനകളും അന്നുതന്നെ സുപ്രീംകോടതിയില്‍ കക്ഷിചേര്‍ന്നിട്ടുണ്ട്. മര്‍ഹൂം പാണക്കാട് ഉമര്‍ അലി ശിഹാബ് തങ്ങള്‍ മുന്‍കൈ എടുത്തു രൂപീകരിച്ച ജംഇയ്യത്തുല്‍ ഖുളാത്ത് വല്‍ മഹല്ലാത്ത് ഇത് സംബന്ധിച്ച പ്രാഥമിക പ്രവര്‍ത്തനങ്ങള്‍ നടത്തിവരുന്നതിന്നിടയിലാണ് അദ്ദേഹത്തിന്റെ ആകസ്മിക അന്ത്യം ഉണ്ടായത്.
വിവാഹം കഴിക്കുന്നവരും, കഴിപ്പിക്കുന്നവരും കൈവരിക്കുന്ന വിദ്യാഭ്യാസ പരവും സാമുഹ്യബോധപരവുമായ പക്വതകള്‍ക്കനുസരിച്ച് സ്വയം വികസിതമാവുന്നതാണ് പ്രായപരിധിയും കാലനിര്‍ണയവും ഉള്‍പ്പെടെയുള്ള എല്ലാ കാര്യങ്ങളും. സത്രീയുടെ പാര്‍പ്പിട ഭക്ഷണ, സംരക്ഷണാദി കാര്യങ്ങള്‍ നിര്‍വ്വഹിക്കാന്‍ പ്രാപ്തനായ പുരുഷനാണ് വിവാഹം സന്നുത്ത്. അല്ലാത്തവര്‍ ഉപവസിക്കാനാണ് ശരീഅത്ത് നിര്‍ദ്ദേശിച്ചത്. എന്നാല്‍, അനിവാര്യഘട്ടങ്ങളില്‍ സംഭവിക്കുന്ന വിവാഹം പ്രായം തികഞ്ഞില്ലെന്നതിന്റെ പേരില്‍ നിഷേധിക്കുന്നതിനും ശക്ഷകള്‍ക്കും കാരണമാവുന്നത് ഒട്ടും ശരിയല്ല. അത് ഭരണഘടനയോടുള്ള വെല്ലുവിളിയാണ്. ആകയാല്‍ ശരീഅത്തില്‍ കൈകടത്തുന്ന നിയമനിര്‍മാണങ്ങളില്‍ നിന്ന് ഭരണകൂടങ്ങള്‍ വിട്ടുനില്‍ക്കണം. ഇതാണ് യോഗത്തിന്റെ അടിസ്ഥാനപരമായ ആവശ്യം.
പാര്‍ലിമെന്റില്‍ അവതരിപ്പിച്ചുപാസാക്കിയെടുത്ത ശരീഅത്ത് സംരക്ഷണ ബില്ല് പൈലറ്റ് ചെയ്ത ഗുലാം മഹ്മൂദ് ബനാത്ത് വാലയും രാജീവ് ഗാന്ധി സര്‍ക്കാര്‍ ഈ സ്വകാര്യബില്ല് ഏറ്റെടുത്തു ചില ഭേദഗതികളോടെ പാസാക്കുന്നതിന് കൈപൊക്കിയ അംഗങ്ങളും മതേതരവാദികളല്ലെന്ന് വാദമുണ്ടോ?
ലോക പ്രശസ്തനായ നദ്‌വി സാഹിബി(അലിമിയാന്‍)ന്റെ നായകത്വത്തില്‍ ഇബ്രാഹീം സുലൈമാന്‍ സേട്ട് സാഹിബ് അടക്കമുള്ള മുസ്‌ലിം നേതാക്കള്‍ തദാവശ്യാര്‍ത്ഥം ഇന്ത്യയില്‍ കോഴിക്കോട് അടക്കം പലയിടങ്ങളിലും ശരീഅത്ത് സംരക്ഷണ സമ്മേളനങ്ങള്‍ നടത്തിയിരുന്നു. ധാരാളം ജാഥകളും നടന്നു. ശബാനു കേസ് വിധിയില്‍ യൂസഫ് അലി ലാഹോരിയുടെ ദി ഹോളി ഖുര്‍ആനിലെ ''മതാഅ്'' എന്ന പദത്തിന് മൈന്റനന്‍സ് എന്ന വ്യാഖ്യാനം കോടതി ഉദ്ധരിച്ചതായിരുന്നു പ്രശ്‌നത്തിന്റെ മര്‍മ്മം.
ഇതനുസരിച്ച് വിവാഹ മുക്തക്ക് ജീവനാംശം നല്‍കേണ്ടെതാണന്ന് കോടതി കണ്ടെത്തി. വിശുദ്ധ ഗ്രന്ഥം വ്യാഖ്യാനിച്ചു വിധി പറയുന്ന അവസ്ഥയുണ്ടാവരുതെന്നും, ശരീഅത്തിലെ വ്യക്തിനിയമങ്ങള്‍ ഇമാമുമാര്‍ ക്രോഡീകരിച്ചത് അവലംബിക്കുകയാണ് ശരിയായ വഴിയെന്നും മുസ്‌ലിം ഇന്ത്യ ഒന്നടങ്കം ആവശ്യപ്പെട്ടു.
''ഒന്നും കെട്ടും, രണ്ടും കെട്ടും, .എം.എസിന്റെ ഓളേം കെട്ടും'' എന്ന് തെരുവില്‍ മുദ്രാവാക്യം വിളികളുയരുന്നു. : .എം.എസ്., ടി.കെ.ഹംസ, ആര്യാടന്‍ മുഹമ്മദ് എന്നിവരായിരുന്നു ശരീഅത്ത് വിരുദ്ധ പക്ഷത്തെ കേരള പ്രഭാഷക താരങ്ങള്‍. ഒരു മുസ്‌ലിം പോലുമില്ലാത്ത പൊതുയോഗങ്ങളില്‍ പോലും ശരീഅത്ത് നിഷിധമായി വിമര്‍ശിക്കപ്പെട്ടു.
ഇസ്‌ലാം പെണ്ണ്‌കെട്ട് മതമാണെന്നും സ്ത്രീത്വം മാനിക്കുന്നില്ലെന്നും തോന്നുമ്പോള്‍ മൊഴിചൊല്ലാന്‍ മുസ്‌ലിയാര്‍ ഫത്‌വ നല്‍കുകയാണെന്നും പരിഹസിക്കപ്പെട്ടു. ചൂട്പിടിച്ച ചര്‍ച്ചകള്‍ക്കൊടുവില്‍ മാന്യനായ സ: .എം.എസ്. തനിക്ക് ശരീഅത്തിനെ സംബന്ധിച്ച് അറിവില്ലെന്നും അറിയാതെ പറഞ്ഞത് അബദ്ധമായെന്നും അംഗീകരിച്ചു പ്രസ്താവനയിറക്കി.
ഇപ്പോള്‍ വി.മുരളീധരന്‍, വി.എസ്. അച്ചുതാനന്ദന്‍, പിണറായി വിജയന്‍, പന്ന്യന്‍ രവീന്ദ്രന്‍, പി.സി.ജോര്‍ജ്. എം.എം.ഹസന്‍, എം..ഷാനവാസ്, ആര്യാന്‍ മുഹമ്മദ്, ഷാഫി പറമ്പില്‍, സാദിഖലി, ഫിറോസ് തുടങ്ങിയവര്‍ വീണ്ടും ഉയര്‍ത്തുന്നത് പണ്ടൂയര്‍ത്തി പാതാളത്തിലെത്തിയ അപരിഷ്‌കൃത വാദങ്ങള്‍ തന്നെയാണ്.
ഇസ്‌ലാം ശരീഅത്ത് ദൈവദത്തമാണ്. അതിന്റെ സകല വ്യവസ്ഥകളും സമ്പൂര്‍ണ്ണമാണ്. അംഗീകരിക്കാനും അംഗീകരിക്കാതിരിക്കാനും എല്ലാവര്‍ക്കും അവകാശം ശരീഅത്ത് നല്‍കുന്നു. ശരീഅത്ത് അംഗീകരിക്കുന്നവര്‍ക്ക് ആ അവകാശം ലഭിക്കാന്‍ ഭരണഘടന കൂട്ടുനില്‍ക്കുന്നുണ്ട്. മുസ്‌ലിംകളുടെ ശരീഅത്തിന്റെ കാര്യം പറയേണ്ടത് ഇസ്‌ലാം പണ്ഡിതരാണ്. അക്കാര്യം അവരാണ് നിര്‍വ്വഹിക്കേണ്ടത്. രാഷ്ട്രീയക്കാര്‍, മതവിഷയങ്ങളില്‍ ഇടപെടുന്നത് ഫാസിസത്തിന്റെ വകഭേതമാണ്. മോഡിയെ പ്രധാനമായും പ്രതിക്കൂട്ടില്‍ നിര്‍ത്തുന്നത് മതവിശ്വാസം രാഷ്ട്രീയവല്‍ക്കരിക്കുന്നത് കൊണ്ടാണല്ലോ.
മുസ്‌ലിം സംഘടനകള്‍ ബഹു. സൂപ്രീം കോടതിയില്‍ അന്യായം ബോധിപ്പിക്കുമെന്ന് പറഞ്ഞത് മഹാ അപരാധമല്ല. കോടതി പരാതി കേള്‍ക്കട്ടെ, വിധി പറയട്ടെ. തര്‍ക്കമോ എതിരഭിപ്രായമോ ഉള്ളവര്‍ക്ക് അവിടെ കക്ഷിചേരാവുന്നതാണല്ലോ. ഭരണഘടനാ പരിരക്ഷ മുസ്‌ലിംകള്‍ക്ക് ലഭിക്കണമെന്ന് മുസ്‌ലിം സംഘടനകള്‍ പറയുമ്പോള്‍ അതെങ്ങനെയാണ് പിന്നോട്ടടിക്കലാവുന്നതെന്ന് മനസ്സിലാവുന്നില്ല.
അനാവശ്യ വിവാദങ്ങള്‍ ഉണ്ടാക്കുന്നവര്‍ക്ക് തീര്‍ച്ചയായും താല്‍പര്യം ഉണ്ട്. വരാനിരിക്കുന്ന തെരഞ്ഞെടുപ്പുകളിലെ ജയപരാജയങ്ങളില്‍ ശരീഅത്ത് എത്രമാത്രം ഉപയോഗപ്പെടുത്താമെന്ന ഗവേഷണം. പെണ്ണിന്റെ കണ്ണുനീരും ദൈന്യതയും വോട്ടാക്കാമെന്ന കണക്കുകൂട്ടല്‍. ഇതൊക്കെ രാഷ്ട്രീയത്തിന്റെ മലിനമുഖങ്ങളെ അടയാളപ്പെടുത്തുന്നു. ദാരിദ്ര്യവും, രോഗവും വോട്ട് വിപണനത്തിന് ഉപയോഗിച്ചു പാഠമുള്ള പാര്‍ട്ടികള്‍ക്ക് പാകമാവാത്തതൊന്നുമില്ലല്ലോ.
ശരീഅത്ത് സംബന്ധിച്ച് വിപ്പ് നല്‍കാനോ വിധി പറയാനോ, രാഷ്ട്രീയ ഫത്‌വകള്‍ പുറപ്പെടുവിക്കാനോ ഇവിടെ ആര്‍ക്കും അധികാരമില്ല. അഥവാ അത്തരം വ്യാജ ഫത്‌വകള്‍ അതര്‍ഹിക്കുന്നവിധം അവഗണിക്കാന്‍ മുസ്‌ലിം സമൂഹം പാകമാണ്.
ശൈശവ വിവാഹം പ്രോത്സാഹിപ്പിക്കുന്ന ഒരു നടപടിയും ശരീഅത്ത് സ്വീകരിച്ചിട്ടില്ല. ശരീഅത്ത് പഠിക്കാതെ പറയാന്‍ ചര്‍മ്മ സമ്പത്ത് കാണിക്കുന്നവര്‍ മുട്ട് മടക്കിവരും. ഇന്ത്യയിലെ യഥാര്‍ത്ഥ പ്രശ്‌നങ്ങളില്‍ നിന്ന് ഒളിച്ചോടാന്‍ പാര്‍ട്ടികള്‍ ഉപയോഗപ്പെടുത്തുന്ന തുരുപ്പുഗുലാനുകളില്‍ ശരീഅത്ത് ഉള്‍പ്പെടുത്തരുത്. ലോക്‌സഭാ തെരഞ്ഞെടുപ്പ് വഷയം മാറ്റാന്‍ ശ്രമിക്കുന്നവര്‍ പിന്നെയും പലതും മറച്ചുവെക്കാനാണ് ശ്രമിക്കുന്നത്.
കേരളത്തിലെവിടെയും ഇപ്പോള്‍ ശൈശവ വിവാഹം വ്യാപകമല്ല. 18 വയസെന്ന കട്ടോഫ് ഏജില്‍ പോലും വിവാഹങ്ങള്‍ നടക്കുന്നില്ല. 25ഉം, 30ഉം വയസായിട്ട് കെട്ടാനോ കെട്ടിക്കാനോ കഴിയാതെ അനേക ലക്ഷം മുസ്‌ലിം-മുസ്‌ലിമേതര പെണ്‍കുട്ടികള്‍ ഇവിടെ പാര്‍ക്കുന്നുണ്ട്. അവരുടെ ജീവിതത്തിന്റെ പച്ചപ്പിലേക്കൊരു കൊച്ചുകിളിവാതില്‍ തുറക്കാന്‍ രാഷ്ട്രീയ ബഡായികള്‍ പറയുന്നവരുടെ മുമ്പില്‍ വല്ല പദ്ധതികള്‍ ഉണ്ടോ, ഒരു സാന്ത്വനത്തിന്റെ വാക്കെങ്കിലും നല്‍കാനുണ്ടോ? സകല സുഖങ്ങളും അനുഭവിക്കുന്ന രാഷ്ട്രീയ സുഖാനന്ദമാര്‍ക്ക് കോവണിപ്പടിക്കായി പാവം സ്ത്രീത്വം ഉപയോഗിക്കരുതേ എന്ന് വിനീത അപേക്ഷയാണുള്ളത്. 18 വയസ് വരെ ശൈശവത്തില്‍ ഉള്‍പ്പെടുത്തിയത് കാരണം നിരവധി കുറ്റവാളികള്‍ മതിയായ ശിക്ഷ ലഭിക്കാതെ രക്ഷപ്പെടുന്നു. 16-18 വയസിലാണ് അധിക മാനഭംഗവും പീഢനവും നടക്കുന്നതെന്നും അതിനാല്‍ 16 വയസ് മുതിര്‍ന്ന പ്രായമായി കണക്കാക്കി നിയമനിര്‍മാണം നടത്തണമെന്നും ശിശുക്ഷേമ മന്ത്രാലയം കേന്ദ്രസര്‍ക്കാറിന് നിര്‍ദ്ദേശം മസര്‍പ്പിച്ചിട്ടുണ്ട്. പോലീസ് രേഖകളെ ആധാരമാക്കിയാണീ നിഗമനത്തിലവരെത്തിയത്. കുപ്രസിദ്ധ ഡല്‍ഹി മാനഭംഗക്കേസിലെ ആറാം പ്രതിക്ക് 18 വയസ്സു തികയാന്‍ രണ്ട് മാസം ബാക്കി ഉണ്ടെന്ന കാരണത്താല്‍ വധശിക്ഷ ലഭിച്ചില്ല. ദുര്‍ഗുണ ശാലയിലാക്കുകയായിരുന്നു.
(സുന്നിമഹല്ല് ഫെഡറേഷന്‍ സംസ്ഥാന സെക്രട്ടറിയാണ് ലേഖകന്‍)  
- Samasthalayam Chelari