ഒരു പൊതി ചോറ് കരുതിയിരുന്നു സി.എച്ച്‌- സി.എഛിനെ സി.പി സൈതലവി അനുസ്‌മരിക്കുന്നു

കനത്ത പൊലീസ് അകമ്പടിയില്‍, കൊടിവെച്ച സ്റ്റേറ്റ് കാര്‍ പൂക്കോട്ടൂര്‍ അങ്ങാടിയിറങ്ങി പാഞ്ഞുവരുന്നത് കണ്ടപ്പോള്‍ ഇല്ലിക്കല്‍ മൊയ്തു മറ്റൊന്നും ചിന്തിച്ചില്ല. ആഭ്യന്തര മന്ത്രിയുടെ കാറിനു നേര്‍ക്ക് കൈനീട്ടി. മന്ത്രിക്കാര്‍ പെട്ടെന്നു ചവിട്ടി നിര്‍ത്തിയതിന്റെ ഒച്ച കേട്ട് പള്ളിപ്പടിയിലെ വീട്ടുകാര്‍ എത്തിനോക്കി. മാര്‍ക്‌സിസ്റ്റ്-നക്‌സലൈറ്റ് വധഭീഷണിയുടെ നിഴലില്‍ കഴിയുന്ന ആഭ്യന്തരമന്ത്രിയുടെ സുരക്ഷാ വാഹനങ്ങളില്‍ നിന്ന് സായുധ പൊലീസ് യുദ്ധസജ്ജരായി ചാടിയിറങ്ങി. 
ഒരു കള്ളിമുണ്ട് മാത്രമുടുത്ത്, മുഷിഞ്ഞ തോര്‍ത്തു കൊണ്ട് ചുമല്‍ മറച്ച് ക്ഷീണിതനായ ആ വയസ്സന്‍ ബീഡി തൊഴിലാളി കാറിനടുത്തേക്ക് ചെന്നു. കൈമുറുകെ പിടിച്ച് മന്ത്രി ചോദിച്ചു: ''എന്തിനാ വണ്ടി നിര്‍ത്തിച്ചത്?'' മൊയ്തു പറഞ്ഞു: ''സി.എച്ച് ഇതിലെ വരുന്നൂന്ന് പത്രത്തിലുള്ളതായി കുട്ടികള്‍ പറഞ്ഞു കേട്ടു. അപ്പോള്‍ കാണാനൊരു പൂതി''. ''എന്നിട്ടു കണ്ടില്ലേ? ഇനി ഞാനെന്താ വേണ്ടത്''; മന്ത്രി ചോദിച്ചു. ''ഒന്നും വേണ്ട, കണ്ടല്ലോ; അതുമതി''. മൊയ്തു പറഞ്ഞു. വീട്ടുവിശേഷങ്ങള്‍ ചോദിച്ചറിഞ്ഞു. ''എന്നാല്‍ പോട്ടേ?'' കൂട്ടിപ്പിടിച്ച കൈകള്‍ കുലുക്കി മന്ത്രി സലാം ചൊല്ലി. കണ്‍മറയുവോളം കാര്‍ നോക്കി നിന്ന മൊയ്തു തോളിലെ തോര്‍ത്തെടുത്ത് കണ്ണുകളൊപ്പി. ഒരു രാജ്യം സ്വന്തമായി കിട്ടിയ ആഹ്ലാദത്തോടെ തിരിഞ്ഞു നടന്നു.
പൂക്കോട്ടൂരിലെ മുസ്‌ലിംലീഗ് പ്രവര്‍ത്തകന്‍ കെ.കെ. ഹംസയാണ് തന്റെ ബാല്യം സാക്ഷിയായ ഈ കാഴ്ച പതിറ്റാണ്ടുകള്‍ക്കു മുമ്പൊരിക്കല്‍ പറഞ്ഞുതന്നത്. പിന്നീടൊരിക്കല്‍ മലപ്പുറത്ത് ഒരു ചായമേശക്ക് മുന്നിലിരുന്ന്, സി.എച്ചിന്റെ സ്‌നേഹപാത്രമായിരുന്ന റഹീം മേച്ചേരിയോട് ഈ കഥ കൈമാറിയപ്പോള്‍ ഒന്നും മിണ്ടാതെ നിറകണ്ണുമായി ഏറെ നേരമിരുന്ന് ചായ ബാക്കിയാക്കി ഇറങ്ങിപ്പോയി ആ സ്‌നേഹം. 
ഒരുപക്ഷേ, ഇങ്ങനെയെല്ലാമായിരിക്കണം ''സാനഡു എന്ന മണിമാളികയില്‍ നിന്ന് ഞാനിതാ ജനഹൃദയങ്ങളുടെ മാണിക്യക്കൊട്ടാരത്തിലേക്ക് താമസം മാറ്റിയിരിക്കുന്നു''വെന്ന് ചങ്കൂറ്റത്തോടെ സി.എച്ച്. വിളിച്ചുപറഞ്ഞത്. ഇങ്ങനെയാവണം മറ്റാരും പ്രകടിപ്പിക്കാത്ത ആ ആത്മവിശ്വാസം, ജനത്തെ കാണാച്ചരടില്‍ കോര്‍ത്ത് സി.എച്ച് എന്ന ഭരണാധികാരിയില്‍ തളിരിട്ട് പൂത്തുലഞ്ഞത്. കേരള രാഷ്ട്രീയത്തിലെ മത്തഗജങ്ങള്‍ മേയുന്ന കാലം. സി. കേശവനും പനമ്പിള്ളിയും സി.കെ.ജിയും ആര്‍. ശങ്കറും പി.ടി ചാക്കോയും കരുണാകരനും മന്നവും പട്ടവും ഇ.എം.എസും എ.കെ.ജിയും എം.എനും ടി.വിയും അച്യുതമേനോനും പൊതുരംഗം നിയന്ത്രിക്കുന്ന യുഗം. ഖാഇദേമില്ലത്തും സീതിസാഹിബും ബാഫഖി തങ്ങളും മുസ്‌ലിംലീഗിന്റെ അമരം നയിക്കുന്നു. ആ കുംഭഗോപുരങ്ങള്‍ക്കു മധ്യേയാണ് സി.എച്ച് മുഹമ്മദ് കോയ എന്ന താഴികക്കുടം വിദൂര പ്രഭ ചൊരിഞ്ഞു നിന്നത്. പതിമൂന്നു വയസ്സില്‍ തുടങ്ങി അമ്പത്തഞ്ചിലവസാനിച്ച ഒരു പൊതുജീവിതം യുഗങ്ങള്‍ കെടാതെ സൂക്ഷിക്കുന്ന അമര സ്മരണയുടെ കൈത്തിരിനാളമായി മാറിയ വീര കഥയാണത്. തലമുറകള്‍ പാടിനടക്കുന്ന ഇതിഹാസം. 

1983 സെപ്തംബര്‍ 28 കടന്നുപോയിട്ട് വര്‍ഷം മുപ്പതായി. എന്നിട്ടും ഒരു പണത്തൂക്കം കുറയുന്നില്ല മാറ്റ്. ഓര്‍മ്മപ്പൂക്കളില്‍ നിന്നു കണ്ണീരിറ്റി വീണു തിളക്കം കൂടിക്കൂടിവരുന്നു സി.എച്ച് എന്ന മരതകക്കല്ലിന്. വര്‍ണചിത്രങ്ങള്‍ക്ക് ഇത്ര മിഴിവില്ലായിരുന്നു ആ സി.എച്ച് യുഗത്തില്‍. ചലന ദൃശ്യങ്ങള്‍ പകര്‍ത്തിവെക്കാവുന്ന സാങ്കേതികത കൈയെത്താ ദൂരത്താണന്ന്. ശബ്ദരേഖ പോലും ദുര്‍ലഭം. മനസ്സില്‍ കൊത്തിവെച്ച ചിത്രവും ശബ്ദവുമാണേറെയും. കണ്ടവരും അടുത്തുനിന്നു കേട്ടവരും കുറഞ്ഞുവരുന്നു. എന്നിട്ടും ഒരു ജനതയുടെ ഹൃദയരാഗമായി സി.എച്ച് താളമിടുന്നു. പിന്നെയും പിന്നെയും പുനര്‍ജ്ജനിക്കുന്ന വീരപൗരുഷം. ഒരായുസ്സിന്റെ ആരോപണങ്ങളെ പ്രതിരോധിക്കാന്‍ ഒറ്റവാക്കിലൊരു മറുപടി മതിയായിരുന്നു. വെട്ടാന്‍ വരുന്ന പോത്തിനോട് വേദമോതി നേരം കളഞ്ഞില്ല. പക്ഷേ, ഒരു തുള്ളിനര്‍മ്മം കൊണ്ട് മദയാനക്കൂട്ടത്തെ തന്നെ തളയ്ക്കും. അതാണ് ഒരു നിര്‍വചനത്തിനും വഴങ്ങാത്ത സി.എച്ച് എന്ന മാസ്മര പ്രഭ. 
സി.എച്ച് മുഹമ്മദ്‌കോയക്കു മൂക്കുകയറിടണമെന്ന് മാര്‍ക്‌സിസ്റ്റ് നേതാവിന്റെ പ്രസ്താവന വന്ന ദിവസമാണ് വിദ്യാഭ്യാസ മന്ത്രി സി.എച്ച് പാലക്കാട് വഴി പോകുന്നത്. അവിടെ സി.പി.എം പ്രകടനം കാരണം ഗതാഗത തടസ്സം. മന്ത്രി തല്‍ക്കാലം ഗസ്റ്റ്ഹൗസില്‍ തങ്ങി. വിവരമറിഞ്ഞ പത്രക്കാര്‍ ഓടിയെത്തി. എന്തിനാണ് പാലക്കാട്ട് വന്നത് എന്ന് ചോദ്യം. മാര്‍ക്‌സിസ്റ്റുകാര്‍ക്ക് മൂക്കിന് അളവു കൊടുക്കാന്‍ വന്നതാണെന്ന് മറുപടി. പിറ്റേ ദിവസം ആ വാര്‍ത്ത വായിച്ച സി.പി.എമ്മുകാരും ചിരിച്ചുപോയി. 
സി.എച്ചിന്റെ പ്രാണനായിരുന്ന 'ചന്ദ്രിക'യുടെ മുറ്റത്ത് ഒരു നിമിഷം തനിച്ചു നിന്നാല്‍ മതി; ഓര്‍മ്മയിലോടിവരാതിരിക്കില്ല സി.എച്ച്. ആ മുറ്റത്തെ ചവിട്ടിത്തേഞ്ഞു മിനുസമാര്‍ന്ന ചരല്‍ക്കല്ലുകള്‍ പോലും സി.എച്ചിന്റെ പാദസ്പര്‍ശമോര്‍ത്ത് പുളകമണിയുന്നുണ്ടിന്നും. നിശ്ശബ്ദ യാമങ്ങളില്‍ ഏകാന്തമായി കാതോര്‍ത്തു നിന്നാല്‍ പ്രതിഭയുടെ താപമേറ്റ ആ കുസൃതികളും ഉപമകളും പൊട്ടിച്ചിരികളും എങ്ങുനിന്നോ ഒഴുകിവരുന്നത് ഇപ്പോഴും കേള്‍ക്കാമെന്ന് സി.എച്ചിനൊപ്പം കഴിഞ്ഞവര്‍ പറയും. സി.എച്ചിന്റെ കളിയാക്കലിന് പാത്രമാകുന്നതു പോലും ബഹുമതിയായി കണ്ടു ആ തലമുറ. ആത്മമിത്രങ്ങള്‍ക്കാണ് പലപ്പോഴും സി.എച്ച് ചെല്ലപ്പേരിടാറുള്ളത്. 
നല്ല എണ്ണക്കറുപ്പുള്ള ഒരു സെക്ഷന്‍ മാനേജരുണ്ടായിരുന്നു. ഉറ്റ തോഴന്‍. ഒഴിവ് കിട്ടുമ്പോഴൊക്കെ സി.എച്ച് ചെന്നിരിക്കാറുള്ളതും ആ മാനേജരുടെ മുറിയില്‍. അദ്ദേഹത്തെ സി.എച്ച് പറയുക: 'ഹജറുല്‍ അസ്‌വദ്' എന്നാണ്. വിശുദ്ധ കഅബയില്‍ സ്ഥാപിച്ച സ്വര്‍ഗത്തിലെ കറുത്ത കല്ല്. അതുകേട്ട് രസിച്ച് ഊറിച്ചിരിക്കും സുഹൃത്ത്. അപരന്റെ ആത്മാവില്‍ ചേര്‍ന്നുനില്‍ക്കുന്ന ഗാഢസ്‌നേഹമാകാന്‍ സി.എച്ചിനെന്നും കഴിഞ്ഞു. 
നോക്കിയിരിക്കെ പെരുകിപ്പെരുകി വരുന്ന അത്ഭുതമായിരുന്നു സി.എച്ച്. 'അത്തോളി മണ്ണ്' എന്ന കവിതയില്‍ യൂസുഫലി കേച്ചേരി വിശേഷിപ്പിച്ച 'പട്ടിണിത്തീയില്‍ മുളച്ചുവന്നാശതന്‍ പച്ചത്തലപ്പ് കാണിച്ച'വന്‍. ദരിദ്ര ബാല്യം. അന്നത്തിനു തന്നെ കഷ്ടിയായിടത്ത് അക്ഷരാഭ്യാസത്തിന് ആര് തുണക്കാന്‍. പക്ഷേ, ഫീസ് കൊടുത്തു പഠിക്കേണ്ട പ്രായമെത്തിയപ്പോള്‍ കൊയിലാണ്ടി ഗവ. ഹൈസ്‌കൂളില്‍ ബാഫഖി തങ്ങളുടെ പഠന സഹായം കാത്തിരിപ്പുണ്ടായിരുന്നു മറ്റു പലര്‍ക്കുമൊപ്പം മുഹമ്മദ്‌കോയ എന്ന അത്തോളിക്കാരന്‍ കുട്ടിയെയും. പഠനത്തിലെ മികവിന് കിട്ടിയ സ്‌കോളര്‍ഷിപ്പ് ആ കടങ്ങള്‍ ബാക്കിവെക്കാതിരിക്കാനുള്ള മറ്റൊരു ഭാഗ്യം. സ്‌കൂള്‍ പ്രായത്തിലേ തെളിഞ്ഞു വാഗ്‌വൈഭവത്തിന്റെ നക്ഷത്രത്തിളക്കം. നെഹ്‌റുവിന്റെ ഇടക്കാല മന്ത്രിസഭയില്‍ ധനകാര്യമന്ത്രിയും പില്‍ക്കാലം പാക്കിസ്താന്റെ പ്രധാനമന്ത്രിയുമെല്ലാമായ നവാബ് സാദാലിയാഖത്തലി ഖാന്‍ മലബാര്‍ സന്ദര്‍ശനത്തിനെത്തുമ്പോള്‍ എം.എസ്.എഫ് പ്രതിനിധിയായി പ്രസംഗ പീഠത്തില്‍ സി.എച്ച്. അന്ന് പ്രായം 16. 
ഇന്റര്‍ മീഡിയറ്റിനു ചേര്‍ന്നേയുള്ളൂ. ഘോരമാരി നിലച്ച പ്രതീതിയായിരുന്നു പ്രസംഗമവസാനിക്കുമ്പോള്‍. ഖാഇദേ അഅ്‌സം മുഹമ്മദലി ജിന്നാസാഹിബ് പ്രസിഡന്റായ സര്‍വേന്ത്യ മുസ്‌ലിം ലീഗിന്റെ സെക്രട്ടറി ജനറല്‍, രാജരക്തമായ നവാബ് സാദാ അരികില്‍ ചേര്‍ത്തു പിടിച്ച് ദരിദ്രനില്‍ ദരിദ്രനായ മലബാറിന്റെ രാജകുമാരനോട് ചോദിച്ചു: 'വരുന്നോ ഉത്തരേന്ത്യയിലേക്ക്'? മറുപടി രാഷ്ട്രീയ ഗുരുവിന്റേതായിരുന്നു: 'ഇല്ല; കൊണ്ടുപോകാനനുവദിക്കില്ല. ഇവിടെ വേണം. നാളെ നയിക്കാന്‍. ഞങ്ങള്‍ക്കിവന്‍ വേണം. സത്താര്‍ സേട്ട് സാഹിബിന്റെ വാശി. കെ.എം. സീതി സാഹിബ് ഏല്‍പിച്ച എം.എസ്.എഫ് എന്ന വിത്ത് കുഴിച്ചിട്ട് വന്‍മരമാക്കി വളര്‍ത്തിയെടുത്തു സി.എച്ച്. പഠിക്കാന്‍ വന്ന കോഴിക്കോട് മഹാനഗരം തന്റെ കളിമുറ്റമായി, കര്‍മക്ഷേത്രമായി, വാസ സ്ഥാനമായി, അന്ത്യവിശ്രമ സങ്കേതമായി മാറിയതും ആ ഇതിഹാസ കഥയിലെ ഒരേട്. 1946-ല്‍ പതിനെട്ടാം വയസ്സില്‍ 'ചന്ദ്രിക'യുടെ പത്രാധിപ സമിതിയിലംഗം, മൂന്നുവര്‍ഷം കഴിഞ്ഞ് ഇരുപത്തൊന്നാം വയസ്സില്‍ പത്രാധിപര്‍, പിന്നാലെ മുഖ്യ പത്രാധിപര്‍. ഇരുപത്തിനാലാം വയസ്സില്‍ കോഴിക്കോട് നഗരസഭയിലംഗം. 
വര്‍ഗീയ വൈരത്തിന്റെ ചോരപ്പുഴകളൊഴുകുന്നിടത്ത് ജീവന്‍ പണയംവെച്ച് ധീരനായി കടന്നുചെന്ന് സാന്ത്വനത്തിന്റെ കൊടിമരങ്ങള്‍ സ്ഥാപിച്ചു. 'ചത്തകുതിരക്കുയിേരകുമത്ഭുത തത്വവിജ്ഞാനം' കൊണ്ട് പണ്ഡിറ്റ് നെഹ്‌റുവിന് മറുപടി പറഞ്ഞ മാപ്പിളച്ചെറുപ്പക്കാരന്‍ അരനൂറ്റാണ്ടിനിടയില്‍ മലയാളത്തില്‍ കേട്ട പൗരുഷമാര്‍ന്ന സ്വരമാണെന്ന് സി. അച്യുതമേനോന്‍ പറഞ്ഞതിന് സാക്ഷിയാകാന്‍ ഞങ്ങളുടെ തലമുറക്കും സിദ്ധിച്ചു ഭാഗ്യം. 
ഐക്യ കേരളത്തിന്റെ ഒന്നാം നിയമസഭയിലേക്ക് ഹരിതമുദ്ര മാറിലണിഞ്ഞെത്തിയ എട്ടംഗ സംഘത്തില്‍ ഇളയവന്‍ - ഇരുപത്തൊമ്പതു വയസ്സില്‍ നിയമസഭാ കക്ഷി നേതാവായി. വ്യവസ്ഥാപിത ബാലറ്റിലൂടെ അധികാരമേറിയ ആദ്യ കമ്മ്യൂണിസ്റ്റ് സര്‍ക്കാരെന്ന് ലോകം വാഴ്ത്തിയ ഇ.എം.എസ്. മന്ത്രിസഭ 'ഇരുമ്പുലക്ക വിഴുങ്ങി ചുക്കുവെള്ളം' കുടിക്കുന്നത് എങ്ങനെയെന്നു കാണാന്‍ സി.എച്ചിന്റെ ഊഴം വരുന്നതും കാത്തിരുന്നു നിയമസഭ. 
കവിത മയങ്ങുന്ന ഭാഷയും അറിവിന്റെ ആഴങ്ങള്‍ തൊട്ട ഉദ്ധരണികളും ഉപമകളുടെ അലങ്കാര ചമയവും സ്വരഗാംഭീര്യവും ഉള്‍ചേര്‍ന്ന ഒരു ഗോവര്‍ദ്ധനം സി.എച്ച് എന്ന സാഗരത്തില്‍ നിന്ന് പൊങ്ങി വരുന്നത് കണ്ടുകണ്ടങ്ങനെ നിന്നു കേരളം. ആ വിരലനക്കത്തിനൊപ്പം ചുവടുവെച്ചു ഒരു ജനത. കമ്മ്യൂണിസ്റ്റ് വാഴ്ചയില്‍ നിന്ന് കേരളത്തെ വിമോചിപ്പിച്ച ജനമുന്നേറ്റത്തിന്റെ ഇന്ധനമായി സി.എച്ചിന്റെ വാക്കുകള്‍. മുപ്പത്തിമൂന്നു വയസ്സില്‍ കേരള നിയമസഭയുടെ സ്പീക്കര്‍. ആര്‍. ശങ്കറും ഇ.എം.എസും പി.ടി. ചാക്കോയുമുള്ള സഭയുടെ അധ്യക്ഷന്‍. 'രാജകൊട്ടാരത്തിന്റെ മട്ടുപ്പാവില്‍ വന്നിരിക്കുന്ന കാക്കയുടെ തല ചെരിച്ചു പിടിച്ച നോട്ടത്തില്‍പോലുമുണ്ട് അധികാരത്തിന്റെ ഒരഹന്ത' എന്ന് 'യയാതി'യില്‍ ഖാണ്‌ഡേക്കര്‍ പറയുന്നുണ്ട്. അധികാരമില്ലാത്ത സമുദായത്തിനു ആദ്യമായി കിട്ടിയ പദവിയുടെ തൂക്കവും സി.എച്ചിന്റെ പ്രായവുംവെച്ച് അളന്നാല്‍ ആര്‍ക്കും അങ്ങനെ തോന്നിപ്പോകാവുന്ന നേരം. പക്ഷേ, സയ്യിദ് അബ്ദുറഹിമാന്‍ ബാഫഖി തങ്ങള്‍ കോഴിക്കോട്ട് നിന്ന് ഫോണ്‍ ചെയ്തു പറഞ്ഞു സി.എച്ചിനോട്: 'ഈ മുന്നണി ബന്ധം തുടരാനാവില്ല; ഈയാഴ്ച തന്നെ സ്പീക്കര്‍ സ്ഥാനം രാജിവെക്കണമെന്നാണ് കൗണ്‍സില്‍ തീരുമാനമെന്ന്. ഫോണിന്റെ മറുതലക്കല്‍ നിന്ന് മറുപടി: 'ഞാനിതാ രാജിവെച്ചു കഴിഞ്ഞു'. 

'അധികാരം ഒരു പിച്ചളപ്പിന്നുപോലെ വലിച്ചെറിഞ്ഞ് ഇതാ ഇറങ്ങിവരുന്നു ജനഹൃദയങ്ങളുടെ മാണിക്യക്കൊട്ടാരത്തിലേക്കെന്ന് സി.എച്ച് പ്രഖ്യാപിച്ചത് അക്ഷരംപ്രതി ശരിയായി. 1962-ലെ ലോക്‌സഭാ ഇലക്ഷനില്‍. തോല്‍ക്കുമെന്നുറപ്പുള്ള കോഴിക്കോട് സീറ്റില്‍ മുന്നണി ബന്ധങ്ങളുടെ ഭാരവും തുണയുമില്ലാതെ തനിച്ച് നിന്നൊരു പോരാട്ടം. ജയിച്ചു സി.എച്ച്. വയസ്സ് 34ല്‍ പാര്‍ലമെന്റംഗം. മഞ്ചേരിയില്‍ മുസ്‌ലിം ഇന്ത്യയുടെ ആത്മാവായ ഖാഇദേമില്ലത്തും. പണ്ഡിറ്റ് നെഹ്‌റുവിന്റെ പാര്‍ലമെന്റില്‍, ലാല്‍ബഹദൂര്‍ ശാസ്ത്രിയും ഇന്ദിരാഗാന്ധിയും പ്രധാനമന്ത്രിമാരായ സഭയില്‍ ഒരു സി.എച്ച് സ്പര്‍ശം. മുപ്പത്തൊമ്പത് വയസ്സില്‍ മന്ത്രി. ഇ.എം.എസ്. മന്ത്രിസഭയില്‍. 

ഉന്മൂലന രാഷ്ട്രീയത്തിന്റെ വധശ്രമത്തില്‍ നിന്ന് തലനാരിഴയില്‍ രക്ഷപ്പെടുമ്പോള്‍ ആ ആഭ്യന്തര മന്ത്രിക്ക് പ്രായം 42. സ്വതന്ത്ര ഇന്ത്യയില്‍ ഒരു മുസ്‌ലിംലീഗുകാരന്‍ മുഖ്യമന്ത്രിയാകുന്ന അത്ഭുതം ഇന്ത്യന്‍ രാഷ്ട്രീയം കണ്ണിമചിമ്മാതെ നോക്കിനിന്നു. 1979 ഒക്‌ടോ. 12 വെള്ളിയാഴ്ച. സി.എച്ചിനപ്പോള്‍ അമ്പത്തൊന്ന് വയസ്സ്. 
രണ്ടു തവണ ഉപമുഖ്യമന്ത്രി. എല്ലാ വകുപ്പുകളും കൈകാര്യം ചെയ്ത മന്ത്രി. കേരളപ്പിറവിക്ക് ശേഷമുള്ള ആദ്യത്തെ മൂന്ന് സര്‍വ്വകലാശാലകളുടെയും സ്ഥാപകന്‍. ഏഷ്യയിലെ ആദ്യത്തെ ശാസ്ത്ര സാങ്കേതിക സര്‍വ്വകലാശാലയും (കുസാറ്റ) കാലിക്കറ്റ് യൂനിവേഴ്‌സിറ്റിയും കാര്‍ഷിക സര്‍വകലാശാലയും. മലപ്പുറം ജില്ല. എണ്ണമറ്റ സ്‌കൂളുകള്‍, കോളജുകള്‍, അക്കാദമികള്‍, പൊലീസ് സേനയുള്‍പ്പെടെ കൈവെച്ച വകുപ്പിലെല്ലാം ആധുനിക വത്ക്കരണത്തിന്റെ സി.എച്ച് മുദ്രകള്‍. അറബി, ഉര്‍ദു, സംസ്‌കൃത ഭാഷകളുടെ സംരക്ഷണം. മുസ്‌ലിം - നാടാര്‍ വിദ്യാര്‍ത്ഥി സ്‌കോളര്‍ഷിപ്പ്, മുസ്‌ലിം വനിതാ വിദ്യാഭ്യാസ മുന്നേറ്റം, സര്‍വകലാശാലയിലെ -- വിദ്യാര്‍ത്ഥി പ്രാതിനിധ്യം, വിദ്യാഭ്യാസം, സംവരണം, സാമൂഹിക പരിഷ്‌കരണം--. മുസ്‌ലിംകളാദി ന്യൂനപക്ഷ, പിന്നാക്ക ജനതയുടെ സര്‍വ പുരോഗതിയുടെയും അസ്തിവാരമിട്ട ശില്‍പി. ''നമസ്‌ക്കാരത്തഴമ്പും ചന്ദനക്കുറിയും വെന്തിങ്ങയും ഒരുമിച്ചു ഘോഷയാത്ര'' നടത്തുന്ന വസന്ത കാലത്തിനായി നിലമൊരുക്കിയ മനുഷ്യ സ്‌നേഹി. ചൂഷണത്തിനും അന്ധവിശ്വാസങ്ങള്‍ക്കും ജീര്‍ണതകള്‍ക്കുമെതിരെ വില്ലു കുലച്ച വിപ്ലവകാരി. എഴുത്തുകാരന്‍, ഗ്രന്ഥകാരന്‍, വാഗ്മി, സഞ്ചാര സാഹിത്യകാരന്‍, ഭരണ തന്ത്രജ്ഞന്‍, സമുദായ പരിഷ്‌കര്‍ത്താവ്, അവകാശ സമര പോരാളി. 

മനസ്സിന്റെ ആര്‍ദ്രതയും മുഖമാകെ പടര്‍ന്ന് നില്‍ക്കുന്ന നിറ പുഞ്ചിരിയും ആരും കൊതിച്ചുപോകുന്ന ആകാര സൗഷ്ഠവവുമായി വ്യക്തി പ്രഭാവത്തിന്റെ സര്‍വ ചിഹ്നങ്ങളും മാറിലണിയാന്‍ പ്രാപ്തമായ മഹാപുരുഷ പ്രഭ. മലബാര്‍ ജില്ലാ എം.എസ്.എഫിന്റെ സ്ഥാപക നേതൃത്വം മുതല്‍ ഇന്ത്യന്‍ യൂണിയന്‍ മുസ്‌ലിംലീഗിന്റെ സാരഥ്യം വരെ. അനുഗൃഹീതമായ സര്‍വ പ്രതിഭയും പ്രാണനും സമര്‍പ്പിച്ചത് തന്റെ ജനതക്കുവേണ്ടി,. കൂട്ടത്തില്‍ ദരിദ്രനായവനെ നെഞ്ചില്‍ ചേര്‍ത്തു പിടിച്ചു. 

അവഗണനയും നിരക്ഷരതയും കൂടിക്കുഴഞ്ഞ കറുത്ത ഭൂഖണ്ഡങ്ങളില്‍ നിത്യ നിരാശയുടെ പാഴ്‌ചേറിലമര്‍ന്ന് കഴിഞ്ഞിരുന്ന ജനതതിയെ വിളിച്ചുണര്‍ത്തി ആത്മധൈര്യത്തിന്റെ ഉത്തരീയമണിയിച്ച് അവരില്‍ അവകാശ ബോധത്തിന്റെ പതാകയേല്‍പിച്ചു സി.എച്ച്. അക്ഷരം അവര്‍ക്ക് ആയുധമായി നല്‍കി. ഹരിതക്കൊടിയുടെ തണലില്‍ ആ ജനത സ്വയം തിരിച്ചറിഞ്ഞു. വിവേചനത്തിന്റെ മതില്‍ക്കെട്ടുകള്‍ തകര്‍ത്ത് മുന്നേറിയ ആ മനുഷ്യര്‍ അധികാര ശക്തിയായി മാറി. ഭരണകൂടങ്ങളാല്‍ നിരന്തരം തോല്‍പിക്കപ്പെട്ട ജനതയുടെ അധികാരാരോഹണം. അവഗണിക്കപ്പെട്ടവര്‍ അധികാര ശക്തിയായ ഘോഷയാത്രയുടെ ചരിത്രമുടനീളം പൂരവിളക്കായി ജ്വലിച്ചുനില്‍ക്കുന്നു സി.എച്ച് എന്ന ഗോപുരം. ദേഹം തകര്‍ന്നുകൊണ്ടിരിക്കുമ്പോഴും മരണംവരെ മനസ്സുലയാതെ നിന്ന വീരനായകന്‍. സി.എച്ചിന്റെ പന്തിയില്‍ എന്നും കൂടെയിരുന്നത് ദരിദ്രന്റെ സ്വപ്‌നങ്ങളായിരുന്നു. ആരുമില്ലാത്തവര്‍ക്ക് ഞാനുണ്ട് കൂടെയെന്ന് ഒരു പൊതി ചോറ് കരുതി സി.എച്ച് എന്നും. 

മുന്‍മന്ത്രി എം.പി. ഗംഗാധരന്‍ ഒരു തീവണ്ടി യാത്രയുടെ അനുഭവത്തിലൂടെ ഞങ്ങളെകൊണ്ടുപോയി ഒരിക്കല്‍. സി.എച്ച്. എന്ന സുല്‍ത്താന്റെ പ്രജകളെ. 
''കേരളത്തില്‍ നിന്നുള്ള എം.എല്‍.എമാരുടെ സംഘം ഉത്തരേന്ത്യന്‍ പര്യടനത്തിലാണ്. പഞ്ചാബിലേക്കാണ് അടുത്ത യാത്ര. സി.എച്ച്. തന്നെയാണ് തലവന്‍. 1981 കാലം. സി.എച്ച് അവശനാണ്. രാത്രി ഏറെ വൈകിയിരിക്കുന്നു. കഴിക്കാന്‍ ചോറുതന്നെ കിട്ടി. എല്ലാവരും കൈകഴുകിവന്നു. സി.എച്ച് പെട്ടി തുറന്ന് ഒരു പേപ്പറെടുത്തു. സീറ്റില്‍ വിരിക്കാനായിരിക്കുമെന്ന് ഞങ്ങള്‍ കരുതി. അല്‍പം ചോറ് പ്ലേറ്റിലിട്ട് ബാക്കി പൊതിഞ്ഞുവെക്കുന്നു. എന്തിനാവുമിത്. പ്രാതലിന് വേണ്ടി കരുതിവെക്കേണ്ട. കിട്ടിയ ചോറാണെങ്കില്‍ ഒരാള്‍ക്ക് കഴിക്കാനേയുള്ളൂ. ഞങ്ങള്‍ ഭക്ഷണം കഴിക്കാതെ നോക്കിയിരുന്നു. സി.എച്ച് പൊതിയുമായി എഴുന്നേറ്റു. വാഷ്‌ബേസിനടുത്തേക്ക് പോകുന്നു. എന്തിനാകും? പുറത്തേക്കെറിയാനോ! ഞങ്ങള്‍ പിന്നാലെ ചെന്നു. ആ ഇടനാഴിയില്‍ വയസ്സുവയസ്സായി എല്ലുന്തിയ ഒരു മനുഷ്യക്കോലം ഉറങ്ങുന്നു. ഭിക്ഷക്കാരിയാണെന്ന് തോന്നുന്നു. സി.എച്ച് അവരെ വിളിച്ചുണര്‍ത്തി. മുഖം കഴുകാന്‍ വെള്ളം കൊടുത്തു. ആ വൃദ്ധയുടെ മുന്നില്‍ സി.എച്ച് ചമ്രംപടിഞ്ഞിരുന്നു. ചോറ് ഉരുളയാക്കി കൈകളില്‍ വെച്ച് കൊടുക്കുന്നു. ആ കാഴ്ച ഞങ്ങളെ തളര്‍ത്തി. ഇങ്ങനെയും ഒരു മനുഷ്യനോ? അജ്ഞാതമായ ഏതോ ദിക്കിലെ ഭിക്ഷക്കാരിക്ക് ചോറ് വാരിക്കൊടുക്കുന്ന ഇയാള്‍ മാലാഖയാണോ! ഞങ്ങള്‍ക്കന്ന് ഭക്ഷണം കഴിക്കാന്‍ കഴിഞ്ഞില്ല. ഓര്‍ത്തോര്‍ത്ത് കണ്ണുനിറഞ്ഞ് ആ രാത്രി ഉറങ്ങിയില്ല. സി.എച്ച് പക്ഷേ ഒന്നുമറിയാത്തപോലെ വന്നു കിടന്നു.''- (ചന്ദ്രിക).