ഹജ്ജ് ക്യാമ്പ്‌; 603 തീർഥാടകർ ഇന്നലെ പുറപ്പെട്ടു; ഇന്ന് 600 പേര്‍ പുറപ്പെടും.മുഖ്യമന്ത്രി ഇന്ന് ഹജ്ജ് ക്യാമ്പിലെത്തും


ഹജ്ജ് ക്യാമ്പിൽ നിന്ന് ഒരു ദ്രശ്യം 
കൊണ്ടോട്ടി: ഹജ്ജ് ക്യാമ്പ്‌ സജീവമാകുന്നു. രണ്ട് വിമാനങ്ങളി ലായി മൂന്ന് കുട്ടികളടക്കം 603 പേര്‍ ഇന്നലെ യാത്ര പുറപ്പെട്ടു. രാവിലെ 140 പുരുഷന്മാരും 161 സ്ത്രീകളും രണ്ട് കുട്ടികളുമുണ്ട്. വൈകീട്ട് 148 പുരുഷന്മാരും 151 സ്ത്രീകളും ഒരു കുട്ടിയുമാണ് യാത്ര തിരിച്ചത്. നാലാം സംഘത്തെ പാണക്കാട് സാദിഖലി ശിഹാബ് തങ്ങള്‍ അഭിസംബോധന ചെയ്തു.
ആദ്യ ദിവസം തന്നെ ഹാജിമാര്‍ക്കുള്ള സംസം വെള്ളം കരിപ്പൂരിലെത്തിച്ചു തുടങ്ങി. ഹാജിമാരെ ജിദ്ദയില്‍ ഇറക്കിയുള്ള മടക്ക സര്‍വ്വീസിലാണ് സംസം വെള്ളം സഊദി എയര്‍ലൈന്‍സ് കൊണ്ടുവരുന്നത്.
ഹജ്ജ് ടെര്‍മിനലില്‍ ഇവ സൂക്ഷിക്കാനുള്ള സൗകര്യം ഒരുക്കിയിട്ടുണ്ട്. ഹാജിമാര്‍ ഹജ്ജ് പൂര്‍ത്തീകരിച്ച് തിരിച്ചുവരുമ്പോള്‍ കരിപ്പൂരില്‍ നിന്നു 10 ലിറ്റര്‍ വീതം കൈമാറും. മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി ഇന്ന് ഹജ്ജ് ക്യാമ്പിലെത്തുന്നുണ്ട്. ഉച്ചതിരിഞ്ഞാണ് മുഖ്യ മന്ത്രി ഹാജിമാര്‍ക്ക് യാത്രാമംഗളം നേരാന്‍ എത്തുക. ഇന്ന്
രാവിലെ 9.35നും വൈകീട്ട് 4.05നുമായി 600 പേര്‍ പുറപ്പെടും.
25 വനിതകള്‍ ഉള്‍പ്പെടെ 200 വളണ്ടിയര്‍മാര്‍ സജീവ സേവനത്തിലുണ്ട്. രണ്ടാം സംഘത്തില്‍ പുറപ്പെട്ടവര്‍ രാവിലെ 8 മണിയോടെ ക്യാമ്പിലെത്തി. ലഗേജ് കൈമാറ്റവും രജിസ്‌ട്രേഷനും ഒരു കൗണ്ടറില്‍ ആക്കി ഹാജിമാര്‍ക്ക് സൗകര്യമായി ജില്ലാ മെഡിക്കല്‍ ഓഫീസറുടെ നേതൃത്വത്തില്‍ രണ്ട് വീതം ഡോക്ടര്‍മാരുടെയും പാരാ മെഡിക്കല്‍ സ്റ്റാഫിന്റെയും സേവനം 24 മണിക്കൂറും ലഭിക്കും. സ്ത്രീകള്‍ക്ക് അവരുടെ താമസ സ്ഥലത്ത് തന്നെ മെഡിക്കല്‍ ക്ലിനിക്കും ഒരുക്കിയിട്ടുണ്ട്. പുറമെ പെരിന്തല്‍മണ്ണ ഇ.എം.എസ്. ആസ്പത്രിയുടെ റൂറല്‍ മെഡിക്കല്‍ വിഭാഗവും സേവനത്തിനുണ്ട്.
ലബോറട്ടറി, ഇ.സി.ജി., ഓക്‌സിജന്‍, ആംബുലന്‍സ് സൗകര്യവും ഹോമിയോ ക്ലിനിക്കും സജ്ജമാക്കിയിട്ടുണ്ട്. അതിനിടെ ഹജ്ജ് യാത്രയുടെ ഫഌഗ് ഓഫ് റിപ്പോര്‍ട്ട് ചെയ്യാന്‍ വന്ന മാധ്യമ പ്രവര്‍ത്തകരെ ഉദ്യോഗസ്ഥര്‍ അകത്തേക്ക് കടത്താതിരുന്നത് വിവാദമായി.