പ്രൊഫ. ആലിക്കുട്ടി മുസ്‌ലിയാര്‍ കാസര്‍കോട് സംയുക്ത ജമാഅത്ത് ഖാസി

പ്രൊഫ. ആലിക്കുട്ടി മുസ്‌ലിയാര്‍
കാസര്‍കോട്: കാസര്‍കോട് സംയുക്ത ജമാഅത്ത് ഖാസിയായി പ്രൊഫ. ആലിക്കുട്ടി മുസ്‌ലിയാരെ തിരഞ്ഞെടുത്തു. മാലിക്ദീനാര്‍ വലിയ ജമാഅത്ത് പള്ളി ഓഫീസില്‍ ചേര്‍ന്ന സംയുക്ത ജമാഅത്ത് പ്രവര്‍ത്തകസമിതി യോഗത്തില്‍ ഏകകണ്ഠമായാണ് തീരുമാനം. 
ജാമിഅ നൂരിയ അറബിക് കോളജ് പ്രിന്‍സിപ്പല്‍, സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ സെക്രട്ടറി, പേര്‍സനല്‍ ലോ ബോര്‍ഡ് അംഗം, മുസ്‌ലിം റാബിത്തുന്‍ ആലിമുല്‍ ആലം അംഗം, എസ്.വൈ.എസ്. സംസ്ഥാന സെക്രട്ടറി എന്നീ സ്ഥാനങ്ങള്‍ വഹിക്കുന്നു. കേരള ഹജ്ജ് കമ്മിറ്റി ചെയര്‍മാന്‍, കേന്ദ്ര ഹജ്ജ് കമ്മിറ്റി വൈസ് ചെയര്‍മാന്‍ തുടങ്ങിയ പദവികളും വഹിച്ചിരുന്നു
ജാമിയ നൂരിയ അറബിയയില്‍നിന്നാണ് പഠനം പൂര്‍ത്തിയാക്കിയത്. പഠനകാലത്തുതന്നെ 1965 മുതല്‍ തിരൂര്‍കാട് സുന്നി ജമാഅത്ത് പള്ളി ഖാസിയായിരുന്നു. നിരവധി ഗ്രന്ഥങ്ങള്‍ രചിച്ചിട്ടുണ്ട്. സുന്നി അഫ്കാര്‍, മുഅല്ലിം, ഡാറ്റ ഇയര്‍ബുക്ക്, അല്‍ നൂര്‍ മാസികകളുടെ ചീഫ് എഡിറ്ററാണ്. പുണ്യഭൂമിയിലേക്ക് എന്ന പേരില്‍ ഹജ്ജിനെക്കുറിച്ച് മൂന്ന്
പുസ്തകങ്ങള്‍ രചിച്ചു. മുസ്‌ലിം ലോകം എന്ന പുസ്തകത്തിന്റെ മൂന്ന് വാള്യങ്ങള്‍, ദിക്‌റുകള്‍, ഇസ്‌ലാമിക മുന്നേറ്റം ആഗോളതലത്തില്‍, പലസ്തീന്‍: ജൂതര്‍ക്ക് എന്ത് അവകാശം എന്നിവ പ്രധാന കൃതികളാണ്. ഇംഗ്ലീഷ്, അറബി മലയാളം ഡിക്ഷണറിയും രചിച്ചിട്ടുണ്ട്.മൂസ ഹാജിയുടെയും ഇയ്യാത്തുക്കുട്ടിയുടെയും മകനാണ്. മലപ്പുറം സ്വദേശിയാണ്. 
സംയുക്ത ജമാഅത്ത് യോഗത്തില്‍ പ്രസിഡന്റ് ചെര്‍ക്കളം അബ്ദുള്ള അധ്യക്ഷനായി. അബ്ദുല്‍ മജീദ് ബാഖവി പ്രാര്‍ഥനനടത്തി. എന്‍.എ. നെല്ലിക്കുന്ന് എം.എല്‍.എ., പി.ബി.അബ്ദുള്‍റസാഖ് എം.എല്‍.എ., എന്‍.എ.അബൂബക്കര്‍, കെ.എസ്.മുഹമ്മദ്കുഞ്ഞി ഹാജി, എം.എ.അബ്ദുള്‍റഹ്മാന്‍ ഹാജി, കെ.മുഹമ്മദ് ഹാജി, സുലൈമാന്‍ ഹാജി ബാങ്കോട്, എ.അബ്ദുള്‍റഹ്മാന്‍ എന്നിവര്‍ സംസാരിച്ചു. സെക്രട്ടറി കെ.ബി.മുഹമ്മദ്കുഞ്ഞി സ്വാഗതം പറഞ്ഞു. ബലിപെരുന്നാളിനുശേഷം സ്ഥാനാരോഹണം നടക്കും.