രണ്ട് വര്‍ഷം മുമ്പ് കോഴിക്കോട്ടെ ഒരു സ്ഥാപനത്തില്‍ അവതരിച്ച കേശവുമായി ബന്ധപ്പെട്ട വിവാദം കേരളത്തില്‍ വീണ്ടും സജീവമായിരിക്കുന്നു. ആദ്യമാദ്യം മുസ്ലിം സാമുദായിക വൃത്തത്തില്‍ മാത്രം നടന്ന ചര്‍ച്ചകള്‍ വിഷയത്തിന്റെ ഗൗരവം ബോധ്യപ്പെട്ടതിനു ശേഷം സാമൂഹിക തലത്തിലേക്കും വ്യാപിച്ചു.
2011 ജനുവരിയില്‍ കാരന്തൂരിലെ ഒരു സ്ഥാപനത്തിന്റെ വാര്‍ഷിക സമ്മേളനത്തില്‍ അഹ്മദ് ഖസ്റജി എന്ന യു.എ.ഇ പൗരന് സ്ഥാപനത്തിന്റെ പരമാധികാരിയായി അറിയപ്പെടുന്ന കാന്തപുരം അബൂബക്കര്‍ മുസ്ലിയാര്‍ക്ക് ഒരു കേശം കൈമാറുന്നു. പ്രസ്തുത കേശം പ്രവാചകന്റേതാണെന്നും തനിക്ക് തലമുറകളായി കൈമാറിക്കിട്ടിയതാണെന്നും നബിയുടെ കല്പനപ്രകാരമാണ് കാന്തപുരത്തിന് കൈമാറുന്നതെന്നുമായിരുന്നു കേശദാതാവിന്റെ അവകാശവാദം. കേശദാന വേദിയില്‍ സ്വീകര്‍ത്താവ് ഇത് പരസ്യമായി പ്രഖ്യാപിക്കുകയും അനുകൂലികള്‍ തക്ബീര്‍ ധ്വനികളോടെ സ്വീകരിക്കുകയും ചെയ്തു. കേശത്തിന്റെ പേരിലുള്ള ധനസമാഹരണവും അനുബന്ധ കോലാഹലങ്ങളും തുടര്‍ന്ന് സജീവമായി. കേശസൂക്ഷിപ്പിനായി 40 കോടി രൂപയുടെ പള്ളി പണിയുകയാണെന്നും 'ചരിത്ര ദൗത്യ'ത്തിലേക്ക് ഓരോ വിശ്വാസിയും ആയിരം രൂപ മുതല്‍ സംഭാവന നല്‍കണമെന്നും കല്‍പ്പന വന്നു. പിരിവുകള്‍ സജീവമായി.
മുടിയുടെ ആധികാരികത പരിശോധിക്കണമെന്ന് പണ്ഡിതന്മാര് ആവശ്യപ്പെട്ടു. കേശാനുകൂലികള്‍ മറുപടിയുമായി രംഗത്തു വന്നെങ്കിലും അവരുടെ വിശദീകരണങ്ങളിലുണ്ടായ പ്രകടമായ വൈരുദ്ധ്യങ്ങള്‍ വീണ്ടും വീണ്ടും തിരുകേശത്തെ സംശയത്തിന്റെ നിഴലിലാക്കി. മുടിയുടെ ആധികാരികത ബോധ്യപ്പെട്ട ശേഷം മാത്രമേ അതിനോടുള്ള തുടര്‍ സമീപനം സമുദായം തീരുമാനിക്കാവൂ എന്ന ഒരാവശ്യം മാത്രമാണ് സമസ്തയുടെ പ്രസിഡന്റ് കാളമ്പാടി ഉസ്താദ്
ഇവ്വിഷയകമായി പറഞ്ഞത്. പക്ഷേ കേശാനുകൂലികള്‍ തുടക്കം മുതലേ സംഘടനാപരമായ പ്രശ്നമായാണ് ഇതിനെ അവതരിപ്പിച്ചത്. മുടിയവതരണത്തിലൂടെ എന്താണവര്‍ ലക്ഷ്യമിട്ടതെന്ന് ഈ സമീപനം തന്നെ വ്യക്തമാക്കുന്നുണ്ട്.
ഇവ്വിഷയകമായി പറഞ്ഞത്. പക്ഷേ കേശാനുകൂലികള്‍ തുടക്കം മുതലേ സംഘടനാപരമായ പ്രശ്നമായാണ് ഇതിനെ അവതരിപ്പിച്ചത്. മുടിയവതരണത്തിലൂടെ എന്താണവര്‍ ലക്ഷ്യമിട്ടതെന്ന് ഈ സമീപനം തന്നെ വ്യക്തമാക്കുന്നുണ്ട്.
മുടിയുടെ ആധികാരികത എന്നത് കൊണ്ടുദ്ദേശിക്കുന്നത് അത് കൈമാറിപ്പോന്ന സനദ്, (കൈമാറ്റ ശൃംഖല) സ്ഥിരീകരിക്കുക എന്നതാണ്. ആ വിഷയത്തില്‍ കേശാനുകൂലികള്‍ നല്കിപ്പോന്ന വിശദീകരണങ്ങള്‍ ആരെയും ചിരിപ്പിക്കും. അത്രയുമധികം പ്രകടമായ വൈരുദ്ധ്യങ്ങളുടെ സങ്കരമായിരുന്നു അവ.
കേശത്തിന്റെ ആധികാരികത പ്രാഥമികമായി തെളിയിക്കാനുള്ള സനദ് കേശാനുകൂലികള്‍ പക്ഷം ഇല്ലെന്ന് ഇതോടെ പൊതുസമൂഹത്തിന് പൂര്‍ണമായി ബോധ്യപ്പെട്ടു. പ്രാമാണികമായ ചില ഭൗതിക പരീക്ഷണങ്ങളിലൂടെ മുടി പരിശോധനാവിധേയമാക്കാവുന്നതാണ് എന്ന നിര്‍ദ്ദേശവും സത്യം ബോധ്യപ്പെടണമെന്ന് ആഗ്രഹിക്കുന്നവരുടെ ഭാഗത്ത് നിന്നുണ്ടായി.
ഈച്ച, ഉറുമ്പ് പോലെയുള്ളവ ഇരിക്കാതിരിക്കുക, നിഴലില്ലാതിരിക്കുക, അഗ്നിക്കിരയാകാതിരിക്കുക എന്നിവ പ്രവാചക ശരീരഭാഗങ്ങളുടെ പ്രത്യേകതകളാണെന്ന് പ്രാമാണികമായി അംഗീകരിക്കപ്പെട്ടതാണ്. എന്നാല്‍ ഈ നിര്‍ദേശം കേശവക്താക്കള് പാടെ തള്ളിക്കളയുകയാണുണ്ടായത്. പ്രവാചക കേശത്തിന് ഇത്തരം പ്രത്യേകതകള്‍ ഉണ്ടെന്ന് അംഗീകരിക്കുന്നതോടൊപ്പം പരീക്ഷണാടിസ്ഥാനത്തില്‍ ഇവ ചെയ്യുന്നത് അനിസ്ലാമികമാണെന്ന വിചിത്ര ന്യായം പറഞ്ഞ് ഇവര്‍ ഒഴിഞ്ഞുമാറി.
കഥ ഇവിടെ എത്തിനില്‍ക്കുമ്പോഴാണ് നേതാവിന്റെ കപടമുഖം ബോധ്യപ്പെട്ട അനുയായികളില്‍ ചിലര്‍ അദ്ദേഹവുമായുള്ള ബാന്ധവം ഒഴിവാക്കി പ്രത്യക്ഷപ്പെടുന്നത്. അവരില്‍ പലരും അപമാനം ഭയന്നോ പൂര്‍വ്വകാല സൗഹൃദങ്ങളുടെ മൂല്യ സംരക്ഷണാര്‍ത്ഥമോ അറിയാവുന്ന സത്യങ്ങള്‍ പലതും മൂടിവെച്ചു. പക്ഷേ, ഭൗതികതയുടെ നശ്വരതക്കപ്പുറം പരലോകത്തെ അനശ്വരതക്ക് വിലകല്‍പ്പിച്ചിട്ടുള്ള ചിലര്‍ പല സത്യങ്ങളും തുറന്ന് പറയുകയാണിപ്പോള്‍. അവയാകട്ടെ മതേതരമായി ചിന്തിക്കുന്നവരെ പോലും ഞെട്ടിപ്പിക്കുന്നവയാണ്. മതപാണ്ഡിത്യത്തിന് സമൂഹം കല്‍പ്പിച്ചുകൊടുത്ത പരിശുദ്ധിയും വിശ്വാസ്യതയും കാറ്റില്‍പറത്തി സ്വന്തക്കാരെയും പൊതുസമൂഹത്തെയും വഞ്ചിക്കുകയായിരുന്നു ഇദ്ദേഹമെന്ന് കേശകൂടാരം വിട്ടുപോരുന്ന ഓരോ വ്യക്തിയും സാക്ഷ്യപ്പെടുത്തുന്നു.
2011 നു മുമ്പും ഒരു കേശക്കഥ കാരന്തൂരില്‍ അരങ്ങേറിയിട്ടുണ്ട് .
അവിടെനിന്നാണ് പുതിയ വെളിപ്പെടുത്തലുകളുടെ പരമ്പര ആരംഭിക്കുന്നത്. 2011 ലെ അറബിക്കേശത്തിന്റെ ആധികാരികത ചോദ്യം ചെയ്യപ്പെട്ടപ്പോള്‍ സ്വാഭാവികമായും 2005 ലെ കേശവും ചോദ്യം ചെയ്യപ്പെട്ടു. 2005 ല്‍ അവതീര്‍ണമായ കേശത്തിന് വക്താക്കള്‍ ഒരു രഹസ്യസ്വഭാവം സൂക്ഷിച്ചിരുന്നു. അതിനാല്‍ അതത്ര ചര്‍ച്ചാവിഷയമായിരുന്നില്ല. അതിന്റെ അടിസ്ഥാനത്തില്‍ കോട്ടക്കല്‍ നടന്ന സമ്മേളനത്തില്‍ വെച്ച് ഈ പൂര്‍വ്വ കേശത്തിന്റെ സനദ് എന്ന പേരില്‍ ഒരു കുറിപ്പ് കേശത്തലവന് വായിക്കുകയുണ്ടായി. എന്നാല്‍ പ്രാഥമിക നോട്ടത്തില്‍ തന്നെ പ്രസ്തുത സനദ് ഖാദിരിയ്യാ ത്വരീഖത്തിന്റെ സില്‍സിലയാണെന്നും മുടിയുടേതല്ലെന്നും സമസ്തയുടെ പണ്ഡിതന്മാര് സ്ഥിരീകരിച്ചു. മാത്രമല്ല ആ സനദ് നിര്മിച്ചതാരാണെന്നതടക്കം പുറത്തുവരികയുണ്ടായി.
സമസ്ത നേതൃത്വം അന്ന് പറഞ്ഞത് തീര്‍ത്തും ശരിയാണെന്ന് അടിവരയിടുകയാണ് ഇപ്പോള്‍ ഒരു 'സത്യ പ്രകാശകന്‍'. കാന്തപുരം കൂടാരത്തിലെ പ്രധാന പ്രവര്‍ത്തകനും കേശ സൂക്ഷിപ്പുകാരന്റെ പ്രശംസാപാത്രവും മുടി വിഷയത്തില്‍ സമസ്ത നേതാക്കളുടെ ഓഡിയോ വീഡിയോ ക്ലിപിംഗുകള്‍ സൃഷ്ടിച്ച് കേശസ്ഥിരീകരണത്തിന് വിലപ്പെട്ട സേവനങ്ങളര്പ്പിച്ചയാളുമായ ഒരു മാഹിക്കാരനാണത്. വല്ലപ്പുഴക്കാരനായ ഒരു 'ഉത്തമ' സഖാഫിയാണ് കാരന്തൂര്‍ കേശത്തിന്റെ വ്യാജസനദ് നിര്‍മിച്ചതെന്ന് സമസ്ത നേതാക്കള്‍ ആദ്യമേ പുറത്തു വിട്ടിരുന്നു. ഇതിന് അടി വരയിടുകയാണ് മാഹിക്കാരന്റെ നേരനുഭവങ്ങള്‍.
ഇവിടം മുതല്‍ എന്തൊക്കെയോ ചില ദുരൂഹതകള്‍ മണത്തുതുടങ്ങിയ ഇയാള്‍ തന്നെ തുടരന്വേഷണവുമായി മുമ്പോട്ടു പോയപ്പോഴാണ് അതിലും വലിയ സത്യങ്ങള്‍ ബോധ്യപ്പെടുന്നത്. സമസ്ത നേതാക്കള്‍ മുമ്പ് വെളിപ്പെടുത്തിയ പോലെ കേശത്തിനുള്ള വ്യാജസനദ് നിര്‍മിച്ചത് താനാണെന്ന് വല്ലപ്പുഴ സഖാഫി ഇയാളോട് തുറന്ന് സമ്മതിക്കുകയുണ്ടായി.
ഇനിയുമുണ്ട് കാര്യങ്ങള്‍. പൂര്‍വ്വ മുടിയുടെ ഉറവിടമന്വേഷിച്ച് ഇയാള്‍ കാന്തപുരത്തിന്റെ ഗുരുവായ ജാലിയാവാല (ബോംബെ) യുടെയടുത്തെത്തിപ്പെട്ടു. ആദ്യമുടികള്‍ തന്നത് ഈ വാലയാണെന്ന് നേതാവും പുത്രനും മുമ്പ് പറഞ്ഞിരുന്നു. ഈ ബോംബെക്കാരന്റെ വ്യക്തിത്വം എങ്ങനെയാണെന്ന് കുറച്ച് മുമ്പ് സമസ്ത: നടത്തിയ ചില നേര്പരിശോധനയിലൂടെ വെളിപ്പെടുകയും അതിന്റെ വീഡിയോ സഹിതം ജനങ്ങളെ ബോധ്യപ്പെടുത്തുകയും ചെയ്തിരുന്നു. തുല്യ അനുഭവമാണ് മാഹിക്കാരനുമുണ്ടായത്. ഇയാളുടെ പക്കല്‍ ആയിരക്കണക്കിന് കേശമാണത്രെ സ്റ്റോക്ക് ചെയ്തിരിക്കുന്നത്. പ്രവാചക മുടിക്കുപുറമെ മുന്‍കാല മഹത്തുക്കളുടെ തിരുശേഷിപ്പുകളും ഇയാള്‍ വശം ഉണ്ട്. ഗള്‍ഫുകാരനാണെന്ന് പരിചയപ്പെടുത്തിയതോടെ ജാലിയാവാല ആഗതനില്‍ നല്ല ഒരു കസ്റ്റമറെ കണ്ടു. പക്ഷേ, തത്സമയം കേരളത്തില്‍ നിന്ന് ഒരു പ്രമുഖന് വിളിച്ച് ജാലിയാവാലയെ മുടികൊടുക്കുന്നതില് നിന്ന് വിലക്കിയത്രെ. കച്ചവടക്കാരനും ഉപയോക്താക്കളും തമ്മിലുള്ള ബന്ധമാണ് ഇത് കാണിക്കുന്നത്.
തനിക്ക് കിട്ടിയ പതിനെട്ട് മുടികളുമായി എ.പി വിഭാഗത്തിലെ പ്രധാന നേതാക്കളെ മുഴുവന്‍ താന്‍ സമീപിച്ചെന്ന് ഇയാള്‍ പറയുന്നു. അവിടന്നുണ്ടായ അനുഭവങ്ങളാണ് ഏറെ അത്ഭുതകരം. ആദ്യം സമീപിച്ചത് പ്രസ്തുത വിഭാഗം മുശാവറ സെക്രട്ടറി കൂടിയായ പ്രമുഖ നേതാവിനെ. നേരത്തെ കൊണ്ടുവന്ന മുടി തന്നെ എങ്ങുമെത്താത്ത സ്ഥിതിക്ക് ഇനിയും നീ പുതിയതുമായി വന്നിരിക്കുകയാണോ എന്നു പ്രതികരിച്ച് തന്റെ നിരപരാധിത്വവും നിസ്സഹായതയും പ്രവര്ത്തകനുമുമ്പില് നേതാവ് വ്യക്തമാക്കി.
സത്യത്തില്‍ കേശനേതാവും വളരെ അടുത്ത ചില ശിങ്കങ്ങളും ചേര്‍ന്നാണ് മുടിയാട്ട നാടകത്തിന് തിരക്കഥ രചിച്ചിട്ടുള്ളത്. കുറച്ച് ഉയര്‍ന്ന് ചിന്തിക്കുന്ന പല നേതാക്കളും തുടക്കം മുതലേ അതിനോട് അകലം പാലിച്ചിരുന്നു എന്നതാണ് വസ്തുത.
കേശദാന ചടങ്ങില്‍ തന്നെ കൈമാറ്റ സമയത്ത് സ്റ്റേജിലുണ്ടായിരുന്ന പ്രമുഖ വിദേശാതിഥി ശൈഖ് ഉമര്‍ കാമില്‍ അതിനോട് വിയോജിപ്പ് പ്രകടിപ്പിച്ചിരുന്നുവത്രെ; നിജസ്ഥിതി ഉറപ്പിക്കാതെ മുടിയുമായി ബന്ധപ്പെടേണ്ടെന്നും പിന്നീട് പുലിവാലാകുമെന്നും മുന്നറിയിപ്പും നല്കി. എന്നാല്‍ കേശാടനത്തിലൂടെ പുലരാന്‍ പോകുന്ന വലിയ സ്വപ്ന ലോകങ്ങളും സാമ്പത്തിക സാമ്രാജ്യങ്ങളും മാത്രം മുന്നില്‍ കണ്ട പ്രമുഖ നേതാക്കള്‍ അത് ചെവി കൊണ്ടില്ലെന്ന് മാത്രമല്ല ഇന്ത്യയില്‍ നിന്ന് വരുന്ന ഒരു കോളും അദ്ദേഹത്തിന് കൊടുക്കരുതെന്ന് പ്രൈവറ്റ് സെക്രട്ടറിക്ക് മുന്നറിയിപ്പും കൊടുത്തു. നാടകാരംഭം മുതല്ക്കേ അവര്‍ ജാഗരൂകരായിരുന്നെന്ന് വ്യക്തം.
2005 ലെ ബോംബെ മുടിയുടെ പിന്നാമ്പുറ കഥകളാണിപ്പോള്‍ സമസ്ത നേതാക്കള്‍ നേരത്തെ പറഞ്ഞ പ്രകാരം തന്നെ ശക്തമായ തെളിവുകള്‍ സഹിതം പുറത്ത് വന്നിരിക്കുന്നത്. അപ്പോള്‍ പിന്നെ കേശനേതാവ് പലപ്പോഴും പറയാറുള്ളത് പോലെ 'അതിന് ബോംബെ മുടി മാത്രമല്ലല്ലോ നമ്മുടെ അടുത്തുള്ളത്' എന്ന് സമാശ്വസിക്കാന്‍ വരട്ടെ. ഖസ്റജി മുടിയുടെ ഉത്ഭവവും ബോംബെയിലെ ജാലിയാവാലയില്‍ നിന്നാണെന്ന് നേരത്തെ തെളിയിക്കപ്പെട്ടിട്ടുണ്ട്. ജാലിയാവാല ഖസ്റജിക്ക് മുടി കൊടുത്തതിന്റെ മുഴുവന്‍ രേഖകളും സുന്നീ പ്രവര്‍ത്തകര്‍ നേരിട്ട് പോയി കണ്ട് ബോധ്യപ്പെട്ടതാണ്. ഖസ്റജിയുടെ കുടുംബത്തില്‍ തിരുകേശം ഒരിക്കലും ഉണ്ടായിരുന്നില്ലെന്ന് ആ കുടുംബം രേഖാമൂലം നിഷേധിച്ചിട്ടുമുണ്ട്.
മറ്റൊരര്‍ത്ഥത്തില്‍ പറഞ്ഞാല്‍ 2005 ലെ ബോംബെ മുടിക്ക് വേണ്ടത്ര ആധികാരികത പോരെന്ന് സ്വയം തോന്നിയതിന്റെ അടിസ്ഥാനത്തില്‍ ഖസ്റജിയെ കൂട്ടു പിടിച്ച് ബോംബെയില്‍ നിന്ന് മുടി അറേബ്യയിലേക്ക് കടത്തി അതിങ്ങോട്ട് കേരളത്തിലെത്തിച്ചാല്‍ മുടിക്കൊരു അറബിച്ചുവയും 'അന്താരാഷ്ട്ര' മികവും കൈവരികയും വിശ്വാസ്യത വര്‍ദ്ധിക്കുകയും ചെയ്യുമെന്ന് മുഖ്യ കേശാലു മനസ്സില്‍ കണ്ടു. അതിനാണ് ഒരു കേശാലു- ജാലിയാവാല- ഖസ്റജി ത്രികോണ സംരംഭം നടത്തിയത്. പക്ഷേ, വിശുദ്ധപ്രവാചകനെ ജനങ്ങളുടെ കുപ്രചരണങ്ങളില്‍ നിന്ന് കാത്തുസൂക്ഷിക്കുമെന്ന അല്ലാഹുവിന്റെ വാഗ്ദാനം പാലിക്കപ്പെട്ടു.
തനിക്ക് തന്നെ വിശ്വാസമില്ലാത്ത ഒരു വസ്തുവിന്റെ വിശുദ്ധത മറ്റുള്ളവരെ കൊണ്ട് വിശ്വസിപ്പിക്കുകയും അവരെ സാമ്പത്തികമായി ചൂഷണം ചെയ്യുകയും ചെയ്തു എന്ന അതീവ ഗുരുതരമയ പാപമാണ് പണ്ഡിതവേഷധാരികളായ കേശാലുവും സില്‍ബന്തികളും കേരളീയ സമൂഹത്തില്‍ നടത്തിയത്. സ്വന്തം മുശാവറ അംഗങ്ങളെയും സംഘടനാ നേതാക്കളെയും അനുയായികളേയും ഹീനമായി വഞ്ചിച്ചിരിക്കുന്നു. വിശ്വാസ്യതക്കും ധാര്‍മികതക്കും ശക്തമായ നിഷ്ക്കര്‍ഷത കല്‍പ്പിച്ചിട്ടുള്ള ഇസ്ലാമിന്റെ പേരിലാണ് ഈ തട്ടിപ്പുകളത്രയും നടത്തുന്നതെന്ന് വരുമ്പോള്‍ അതെത്രമാത്രം ഗൗരവതരമല്ല.
'എന്റെ പേരില്‍ കളവ് പ്രചരിപ്പിച്ചയാള്‍ നരകത്തിലൊരു ഇരിപ്പിടം തയ്യാറാക്കട്ടെ' എന്ന പ്രവാചകന്റെ മൊഴിയുടെ അടിസ്ഥാനത്തില്‍ പ്രവാചകനെ പറ്റി വ്യാജം പ്രചരിപ്പിക്കുകയും അത് ന്യായീകരിക്കാന്‍ ഒരായിരം കളവുകള്‍ പറയുകയും കപടനാടകമഭിനയിക്കുകയും ചെയ്ത കേശാലുവിനും കൂട്ടു പ്രതികള്‍ക്കും നാം എന്ത് വിധി കല്പ്പിക്കണം? നിഷ്ക്കളങ്കരായ പ്രവാചകാനുരാഗികളുടെ ഹൃദയവികാരത്തെ മനഃപൂര്‍വ്വം സാമ്പത്തിക ചൂഷണത്തിന് വിധേയമാക്കിയ ഒരു വ്യക്തി മതേതര നിയമത്തിന്റെ മുമ്പില്‍ എങ്ങനെ വിലയിരുത്തപ്പെടണം?
മുടിയുടെ യഥാര്‍ത്ഥ വശങ്ങള് സമൂഹത്തിന് സമര്പ്പിച്ചപ്പോഴൊക്കെയും അതിനെ ന്യായീകരിച്ച് കവലകളില്‍ ഗീര്‍വാണം മുഴക്കുകയും സ്വപ്നങ്ങള്‍ കാണുകയും അവ വിശദീകരിക്കുകയും ചെയ്തു നടന്ന കൂലി പ്രഭാഷകര്ക്കിപ്പോള് എന്തു പറയാനുണ്ട്?. ഇപ്പോള്‍ മാത്രമാണ് വസ്തുത ബോധ്യപ്പെടുന്നതെങ്കില്‍ പരസ്യമായി തെറ്റ് തിരുത്താന്‍ അവര്‍ ബാധ്യസ്ഥരല്ലേ? സത്യം ബോധ്യപ്പെട്ടിട്ടും 'തെറ്റാര്‍ക്കും പറ്റാവുന്നതല്ലേ, ഉസ്താദിനും ഒരു തെറ്റുപറ്റി' എന്ന് പറഞ്ഞ് ലാഘവത്തോടെ ഒഴിഞ്ഞുമാറാവുന്നതാണോ ഈ ഗുരുതര പാതകം?. സമാനതകളില്ലാത്ത ഈ ആത്മീയ തട്ടിപ്പുകേസ് സര്‍ക്കാരിനും കോടതിക്കും മുമ്പാകെ ബന്ധപ്പെട്ടവര്‍ അവതരിപ്പിച്ചിട്ടുണ്ട്. ഇതു വരെ അര്‍ഹിക്കും വിധം ഒരു പരിഗണന അതിന് നല്കപ്പെടാതെ പോയത് ഖേദകരമാണ്. ഇനിയെങ്കിലും ഉത്തരവാദപ്പെട്ടവര്‍ പ്രശ്നത്തിന്റെ സാമൂഹിക പ്രസക്തി പരിഗണിക്കേണ്ടിയിരിക്കുന്നു.
(അന്താരാഷ്ട്ര മുസ്ലിം പണ്ഡിത സഭാ അംഗമാണ് ലേഖകന്‍ )