കൊച്ചി: കഴിഞ്ഞ ദിവസം അന്തരിച്ച പ്രമുഖ പണ്ഡിതനും സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ കേന്ദ്ര മുശാവറാംഗവും സമസ്ത എറണാകുളം ജില്ലാ പ്രസിഡന്റുമായ കെ.കെ. അബ്ദുറഹ്മാന്‍ മുസ്‌ലിയാരുടെ കബറടക്കം നടത്തി. ചെമ്പിട്ടപള്ളി ഉസ്താദ് എന്ന പേരില്‍ പ്രശസ്തനായ അദ്ദേഹം കൊച്ചി ചെമ്പിട്ടപള്ളിയില്‍ അരനൂറ്റാണ്ടോളം ഖത്തീബ്-മുദരിസായി സേവനം ചെയ്തു വരികയായിരുന്നു. ഇടപ്പള്ളി ജുമാമസ്ജിദില്‍ നടന്ന മയ്യിത്ത് നമസ്‌കാരത്തില്‍ ആയിരങ്ങള്‍ പങ്കെടുത്തു.
അനുസ്മരണ സമ്മേളനത്തില്‍ സമസ്തയുടെ പ്രമുഖ പണ്ഡിതരും നേതാക്കളും സംബന്ധിച്ചു. ഇടപ്പള്ളി ജുമാ മസ്ജിദ് മുദ്‌രിസ് അബ്ദുല്‍ മജീദ് ഫൈസി അധ്യക്ഷത വഹിച്ചു. സമസ്ത കേന്ദ്ര മുശാവറാംഗം എം.എം. മുഹയുദ്ദീന്‍ മുസ്‌ലിയാര്‍ ആലുവ ദുആക്ക് നേത്രത്വം നല്‍കി. എന്‍.കെ. മുഹമ്മദ് അശ്‌റഫ് അല്‍-ഖാസിമി, അലി മുസ്‌ലിയാര്‍, മീരാന്‍ മൗലവി രണ്ടാര്‍കര, റഫീഖ് നൈന, മഹല്ല് പ്രസിഡന്റ് പി.എച്ച്. അബ്ദുറഷീദ് എന്നിവര്‍ സംസാരിച്ചു.