ഹജ്ജ് : സഊദി സര്‍ക്കാര്‍ സേവനം പ്രശംസനീയമെന്ന് തങ്ങള്‍

മലപ്പുറം : പരിശുദ്ധ ഹജ്ജിന് സര്‍വ്വവിധസൗകര്യങ്ങളും ചെയ്തുകൊടുത്ത സഊദി സര്‍ക്കാരിനെയും അബ്ദുല്ലാ രാജാവിനെയും പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍ അഭിനന്ദിച്ചു. വിവിധ രാജ്യങ്ങളില്‍നിന്നെത്തിയ കാല്‍കോടിയിലധികം വരുന്ന തീര്‍ത്ഥാടകര്‍ ഒരുമിച്ചുകൂടിയ മഹാസംഗമം ഗതാഗത പ്രശ്നം പോലുമില്ലാതെ സുഗമമാക്കാന്‍ സര്‍ക്കാരിന് കഴിയുന്നു. വിശ്വാസികളുടെ പുണ്യതീരത്ത് വിപുലമായ സൗകര്യങ്ങള്‍ ഒരുക്കിയ സഊദി സര്‍ക്കാരിന് തങ്ങള്‍ നന്ദി അറയിച്ചു. ഹജ്ജ് കര്‍മ്മത്തിന്റെ പുണ്യം നേടാനുള്ള അവസരം പരാതികളില്ലാതെ ഏര്‍പ്പെടുത്തുന്നതില്‍ പ്രശംസനീയമായ ശ്രദ്ധയും കരുതലും സര്‍ക്കാര്‍ നല്‍കിയിട്ടുണ്ട്. 
തീര്‍ത്ഥാടകര്‍ക്ക് ആവശ്യമായ സൗകര്യം ചെയ്യാന്‍ ആയിരക്കണക്കിന് മലയാളികളും കര്‍മ്മനിരതരാണെന്നത് അഭിമാനമുണര്‍ത്തുന്നു. ഇരുഹറമുകളിലും അവരുടെ സേവനങ്ങള്‍ അഭിനന്ദനാര്‍ഹമാണ്. വിവിധ പ്രവിശ്യകളില്‍ തൊഴിലെടുക്കുന്നവരാണ് ഹാജിമാരെ സഹായിക്കാന്‍ എത്തിയിരിക്കുന്നത്. ഹാജിമാര്‍ക്കായി സേവനം ചെയ്യുന്ന എല്ലാവര്‍ക്കും തങ്ങള്‍ നന്ദി രേഖപ്പെടുത്തി.