ഇന്ത്യന്‍ ഹജ്ജ് മിഷന്‍റെ സേവനം മെച്ചപ്പെടുത്തണം : ഇസ്‍ലാമിക് സെന്‍റര്‍

മിന : ഇന്ത്യയില്‍ നിന്ന് ഈ വര്‍ഷത്തിന് പരിശുദ്ധ ഹജ്ജ് കര്‍മ്മത്തിന് എത്തിച്ചേര്‍ന്ന ഹാജിമാര്‍ക്ക് മതിയായ സൗകര്യം ഒരുക്കുന്നതില്‍ കേന്ദ്ര ഹജ്ജ് കമ്മിറ്റി പരാജയപ്പെട്ടിരിക്കുകയാണെന്ന് മിനയില്‍ ചേര്‍ന്ന ഇസ്‍ലാമിക് സെന്‍റര്‍ സൗദി നാഷണല്‍ ഉച്ചകോടി അഭിപ്രായപ്പെട്ടു. മുന്‍ വര്‍ഷങ്ങളില്‍ നിന്ന് വ്യത്യസ്തമായി മക്കയിലെ താമസ സ്ഥലങ്ങളില്‍ മതിയായ സൗകര്യം ഒരുക്കാത്തത് ഹാജിമാര്‍ക്ക് ഏറെ പ്രയാസം അനുഭവിക്കാന്‍ കാരണമാവുകയും പ്രായ പരിഗണന നോക്കാതെ ടെന്‍റുകള്‍ അലോട്ട് ചെയ്യപ്പെട്ടപ്പോള്‍ വൃദ്ധരായവര്‍ക്ക് ഹജ്ജ് കര്‍മ്മം നിര്‍വ്വഹിക്കുന്നതില്‍ വളരെയധികം പ്രയാസം നേരിടുകയും ചെയ്തു.
മിന ടെന്‍റുകളിലെ വൃത്തിയില്ലായ്മയും പരിമിതമായ സ്ഥലത്ത് കൂടുതല്‍ ആളുകളെ പാര്‍പ്പിച്ചതും ഏറെ ദുഷ്കരമായിരുന്നു. വിവിധ സംഘടനകള്‍ക്ക് കീഴിലെ ഹജ്ജ് വളണ്ടിയര്‍മാരുടെ സേവനം ഈ അപര്യാപ്തതക്കിടയിലും ഏറെ പ്രശംസിക്കപ്പെടേണ്ടതാണെന്നും ഉച്ചകോടി അഭിപ്രായപ്പെട്ടു.

അടുത്ത ഹജ്ജിന് മുന്പെ ഹാജിമാര്‍ക്ക് സൗകര്യം ഒരുക്കുന്നതില്‍ കൂടുതല്‍ ജാഗ്രത പാലിക്കുകയും മതിയായ സൗകര്യം ഒരുക്കുന്നതിന് വിവിധ സംഘടനാ പ്രതിനിധികളുടെ അഭിപ്രായം ആരായാന്‍ തയ്യാറായാല്‍ കൂടുതല്‍ മെച്ചപ്പെട്ട സൗകര്യം ഒരുക്കാന്‍ സാധിക്കുമെന്നും യോഗം അഭിപ്രായപ്പെട്ടു.
ഉച്ചകോടി ഇസ്‍ലാമിക് സെന്‍റര്‍ കേന്ദ്ര കമ്മിറ്റി സെക്രട്ടറി മുസ്തഫ മാസ്റ്റര്‍ മുണ്ടുപാറ ഉദ്ഘാടനം ചെയ്തു. സൗദി നാഷണല്‍ കമ്മിറ്റി പ്രസിഡന്‍റ് അബൂബക്കര്‍ ഫൈസി ചെങ്ങമനാട് അദ്ധ്യക്ഷത വഹിച്ചു. സലീം അന്‍വരി, സിദ്ധീഖ് ഫൈസി (ജിസാന്‍), അലവിക്കുട്ടി ഒളവട്ടൂര്‍, എന്‍.സി. മുഹമ്മദ് ഹാജി, റസാഖ് വളക്കൈ, മുസ്തഫ ബാഖവി, അസീസ് പുള്ളാവൂര്‍ (റിയാദ്), മുഹമ്മദലി ഫൈസി, മുസ്തഫ (അബഹ), അബ്ദുറഹ്‍മാന്‍ മലയമ്മ, റശീദ് ദാരിമി, അശ്റഫ് ബാഖവി, ഫൈസല്‍ മൗലവി (ദമ്മാം), ഒമാനൂര്‍ അബ്ദുറഹ്‍മാന്‍ മൗലവി (മക്ക), മജീദ് പുകയൂര്‍, കെ.കെ. ജലീല്‍ (ജിദ്ധ), തുടങ്ങിയവര്‍ പങ്കെടുത്തു. നാഷണല്‍ കമ്മിറ്റി ജന. സെക്രട്ടറി അസ്‍ലം മൗലവി അടക്കാത്തോട് സ്വാഗതവും നന്ദിയും പറഞ്ഞു.