ഹജ്ജില്‍ മനുഷ്യകുലത്തിന് പാഠമുണ്ട് -ഒബാമ

റിയാദ്: വ്യത്യസ്ത വംശീയ, സാമ്പത്തിക ചുറ്റുപാടുകളില്‍നിന്ന് ഒത്തുകൂടുന്ന വലിയൊരു ജനസഞ്ചയം എല്ലാ ഭിന്നതകളും മറികടക്കുകയും ഒരു ലക്ഷ്യത്തിനായി ഒന്നിക്കുകയും ചെയ്യുമ്പോള്‍, വൈവിധ്യങ്ങള്‍ ശക്തിയുടെ സ്രോതസ്സാണെന്നും ദൈവത്തിന്‍െറ അനുഗ്രഹമാണെന്നും മാനവരാശിക്കാകമാനം പാഠമാവുന്നുണ്ടെന്ന് അമേരിക്കന്‍ പ്രസിഡന്‍റ് ബറാക് ഹുസൈന്‍ ഒബാമ. അബ്ദുല്ല രാജാവിന് അയച്ച പെരുന്നാള്‍ സന്ദേശത്തിലാണ് ഈദ് ആഘോഷിക്കുന്നവര്‍ക്ക് തന്‍െറയും പത്നി മിഷേലിന്‍െറയും ആശംസകളും ഹജ്ജ് തീര്‍ഥാകര്‍ക്ക് അഭിനന്ദനങ്ങളും അറിയിച്ചത്.
തീര്‍ഥാടകര്‍ അവരുടെ അടിസ്ഥാന കര്‍മങ്ങളിലൊന്നാണ് നിര്‍വഹിക്കുന്നത്. ഈവര്‍ഷം 30ലക്ഷം ഹാജിമാര്‍ കര്‍മങ്ങള്‍ നിര്‍വഹിക്കുമ്പോള്‍ ആയിരക്കണക്കിന് യു.എസ് പൗരന്മാരും അവരോടൊപ്പമുണ്ട് എന്നതില്‍ അഭിമാനിക്കുന്നു. ഈദുല്‍ അദ്ഹ സ്വപുത്രനെ ബലി അര്‍പ്പിക്കാന്‍ പ്രവാചകന്‍ ഇബ്രാഹീം കാണിച്ച ത്യാഗസന്നതതയെയാണ് അനുസ്മരിപ്പിക്കുന്നത്. ഇതിന്‍െറ ഭാഗമായി തീര്‍ഥാടകര്‍ ബലിയറുക്കുകയും അവയുടെ മാംസം ആഫ്രിക്കയില്‍ വരള്‍ച്ചാദുരിതം നേരിടുന്നവര്‍ക്കടക്കമുള്ള പാവങ്ങള്‍ക്ക് എത്തിച്ചുകൊടക്കുകയും ചെയ്യുന്നു. ഇബ്രാഹീമി മതങ്ങള്‍ പങ്കുവെക്കുന്ന വേരുകളെയും അശരണര്‍ക്ക് അഭയമേകുന്നതില്‍ മതം ചെലുത്തുന്ന ശക്തമായ സ്വാധീനത്തെയും ഓര്‍മപ്പെടുത്തുന്ന സന്ദര്‍ഭമാണിത്. ‘ഈദ്മുബാറക്, ഹജ്ജ് മബ്റൂര്‍’-എന്ന ആശംസകളോടെയാണ് ഒബാമ തന്‍െറ സന്ദേശത്തിന് വിരാമമിടുന്നത്.