നിലമ്പൂര്‍ മര്‍ക്കസ് വാര്‍ഷികവും മാനു മുസ്‌ലിയാര്‍ അനുസ്മരണവും ഫിബ്ര: 2 മുതല്‍

വര്‍ഷം തോറും ഫിബ്രവരിയില്‍ സ്ഥിരം സമ്മേളനങ്ങള്‍
നിലമ്പൂര്‍ : മര്‍ക്കസുല്‍ ഉലൂമില്‍ ഇസ്‌ലാമിയയുടെ മൂന്നാം വാര്‍ഷിക സമ്മേളവും കെ.ടി. മാനു മുസ്‌ലിയാര്‍ അനുസ്മരണവും 2012 ഫിബ്രവരി രണ്ട്, മൂന്ന് തിയ്യതികളില്‍ ചന്തക്കുന്ന് മര്‍ക്കസ് കാമ്പസ് മീരാന്‍ ഔലിയ നഗറില്‍ നടക്കും. ഫിബ്രവരി രണ്ടിന് രാവിലെ പത്തുമണിക്ക് നജാത്ത് സെന്ററില്‍ നിന്നും മാനു മുസ്‌ലിയാര്‍ മഖ്ബറ സിയാറത്തോടെ തുടക്കം കുറിക്കുന്ന പരിപാടിയില്‍ പ്രാസ്ഥാനിക സമ്മേളനം, സാംസ്‌കാരിക സമ്മേളനം, അനുസ്മരണ പ്രഭാഷണം, മര്‍ക്കസ് പൊതുയോഗം, കലാവിരുന്ന് തുടങ്ങിയവ നടക്കും. വൈകീട്ട് മൂന്നുമണിക്ക് നടക്കുന്ന പൊതുസമ്മേളനത്തില്‍ സമസ്ത നേതാക്കള്‍ക്ക് പുറമെ കേന്ദ്ര-സംസ്ഥാന മന്ത്രിമാരും പങ്കെടുക്കും.
വാര്‍ഷിക സമ്മേളനം സംബന്ധിച്ച് ചേര്‍ന്ന യോഗത്തില്‍ ഒ. കുട്ടി മുസ്‌ലിയാര്‍ അധ്യക്ഷതവഹിച്ചു. പി.എ. ജലീല്‍ ഫൈസി, ഇ.കെ. കുഞ്ഞമ്മദ് മുസ്‌ലിയാര്‍ , യാക്കൂബ് ഫൈസി, കെ.ടി. കുഞ്ഞാന്‍ , ഹാജി കെ. മൊയ്തുപ്പ മൗലവി എന്നിവര്‍ പ്രസംഗിച്ചു. പുത്തനഴി മൊയ്തീന്‍ ഫൈസി സ്വാഗതവും മാനേജര്‍ ഹംസ ഫൈസി നന്ദിയും പറഞ്ഞു. തുടര്‍ന്ന് വരുന്ന എല്ലാ വര്‍ഷങ്ങളിലും ഫിബ്രവരി രണ്ട്, മൂന്ന് തിയ്യതികളില്‍ മര്‍ക്കസിന്റെ സ്ഥിരം സമ്മേളനങ്ങള്‍ നടക്കുമെന്ന് ഭാരവാഹികള്‍ അറിയിച്ചു.