ജ്ഞാന സാഗരം തീര്‍ത്ത് ഹാദിയ റമദാന്‍ പ്രഭാഷണത്തിന് ഉജ്ജ്വല സമാപ്തി

തിരൂരങ്ങാടി : ഒരാഴ്ചക്കാലമായി ദാറുല്‍ ഹുദായുടെ അക്ഷര മുറ്റത്ത് അറിവിന്റെ ജ്ഞാനതീരം തീര്‍ത്ത് ഹുദവീസ് അസോസിയേഷന്‍ ഹാദിയ സംഘടിപ്പിച്ച മുസ്ഥഫ ഹുദവി ആക്കോടിന്റെ റമദാന്‍ പ്രഭാഷണത്തിന് പ്രൗഢോജ്ജ്വല പരിസമാപ്തി. വിശുദ്ധ റമദാന്‍ വിശ്വാസിയുടെ ആത്മഹര്‍ഷം എന്ന പ്രമേയത്തില്‍ വിവിധ വിഷയങ്ങളിലായി അറിവിന്റെ ആഴങ്ങളിലേക്കിറങ്ങിയുള്ള പ്രഭാഷണങ്ങള്‍ കേള്‍ക്കാന്‍ കേരളത്തിലെ വിവിധ ദിക്കുകളില്‍ നിന്നും പതിനായിരക്കണക്കിനു വിശ്വാസികളായിരുന്നു ഹിദായ നഗരിയിലേക്കൊഴുകിയത്. ബുധനാഴ്ചയാരംഭിച്ച പ്രഭാഷണ പരമ്പരയില്‍ ബീവി ആഇശ മഹിളകള്‍ക്ക് മാതൃക, കടമകള്‍ മറക്കുന്ന മനുഷ്യര്‍, വിനോദം വിനാശത്തിന്റെ കെണിവലകള്‍, വിശ്വാസ വ്യതിയാനം കരുതിയിരിക്കുക തുടങ്ങിയ പ്രസക്തമായ വിഷയങ്ങളായിരുന്നു പ്രഭാഷണം. ഓരോ ദിവസവും പ്രമുഖ പണ്ഡിതരുടെ നേതൃത്വത്തിലുളള പ്രാര്‍ഥനാ സദസ്സോടെയായിരുന്നു പ്രഭാഷണം സമാപിച്ചത്.
സമാപന ചടങ്ങ് പാണക്കാട് സയ്യിദ് റശീദലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനം ചെയ്തു. സമസ്ത പ്രസിഡന്റ ആനക്കര സി. കോയക്കുട്ടി മുസ്‌ലിയാര്‍ സമാപന ദിക്‌റ് ദുആ മജ്‌ലിസിന് നേതൃത്വം നല്‍കി. വ്യവസായ ഐ.ടി വകുപ്പ് മന്ത്രി പി.കെ കുഞ്ഞാലിക്കുട്ടി മുഖ്യാതിഥിയായിരുന്നു. യു ശാഫി ഹാജി ചെമ്മാട് ആധ്യക്ഷ്യം വഹിച്ചു. ചെമ്മുക്കന്‍ കുഞ്ഞാപ്പു ഹാജി, കെ.എം സൈദലവി ഹാജി കോട്ടക്കല്‍, കെ.കെ എസ് തങ്ങള്‍ വെട്ടിച്ചിറ, സി. യൂസുഫ് ഫൈസി, അലി മൗലവി ഇരിങ്ങല്ലൂര്‍, ബാവ ഹാജി കുന്നത്തുപ്പറമ്പ്, ഇല്ലത്ത് മൊയ്തീന്‍ ഹാജി തുടങ്ങിയവര്‍ സംബന്ധിച്ചു. പി.കെ നാസ്വിര്‍ ഹുദവി കൈപ്പുറം സ്വാഗതവും ഇ.കെ റഫീഖ് ഹുദവി കാട്ടുമുണ്ട നന്ദിയും പറഞ്ഞു.
- Darul Huda Islamic University