ഹാദിയ റമദാന്‍ പ്രഭാഷണം ഇന്ന് സമാപിക്കും. ദുആ മജ്‌ലിസിന് സമസ്ത പ്രസിഡന്റ് സി. കോയക്കുട്ടി മുസ്‌ലിയാര്‍ നേതൃത്വം നല്‍കും
തിരൂരങ്ങാടി : ആത്മീയതയെ അകറ്റിനിര്‍ത്തി വിനോദങ്ങളിലും ആഘോഷങ്ങളിലും മാത്രമായി യുവ തലമുറ ജീവിതം ചുരുക്കുന്നത് അപകടകരമാണെന്ന് പാണക്കാട് സയ്യിദ് ഹമീദലി ശിഹാബ് തങ്ങള്‍. ദാറുല്‍ ഹുദാ ഇസ്‌ലാമിക് യൂനിവേഴ്‌സിറ്റിയില്‍ പൂര്‍വിദ്യാര്‍ത്ഥി സംഘടന ഹുദവീസ് അസോസിയേഷന്‍ (ഹാദിയ) സംഘടിപ്പിച്ച പ്രഭാഷണ പരമ്പരയുടെ മൂന്നാം ദിവസം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു തങ്ങള്‍. ഭൗതികത തലക്കുപിടിച്ച് ആത്മീയതയെ തള്ളിപ്പറയുന്ന തലമുറയാണ് വളര്‍ന്നുകൊണ്ടിരിക്കുന്നത്. അവരെ നേരിന്റെ പാതിയിലേക്ക് നയിക്കാനും ധാര്‍മികച്യൂതിയില്‍ നിന്ന് കരകയറ്റാനും സാധിച്ചിട്ടില്ലെങ്കില്‍ സമൂഹം വലിയൊരു വിപത്തിലേക്കായിരിക്കും ചെന്നത്തുകയെന്നും തങ്ങള്‍ പറഞ്ഞു.
ദാറുല്‍ ഹുദാ ട്രഷറര്‍ കെ.എം സൈദലവി ഹാജി കോട്ടക്കല്‍ ആധ്യക്ഷ്യം വഹിച്ചു. അത്തിപ്പറ്റ മുഹ്‌യുദ്ധീന്‍ കുട്ടി മുസ്‌ലിയാര്‍ പ്രാര്‍ത്ഥനക്ക് നേതൃത്വം നല്‍കി. ഡോ: ബഹാഉദ്ദീന്‍ മുഹമ്മദ് നദ്‌വി, പി.വി അബ്ദുല്‍ വഹാബ്, ചെമ്മുക്കന്‍ കുഞ്ഞാപ്പു ഹാജി, അബ്ദുറഹ്മാന്‍ രണ്ടത്താണി എം.എല്‍.എ, സൈദ് മുഹമ്മദ് നിസാമി, യു. ശാഫി ഹാജി, ഹബീബ് കോയ തങ്ങള്‍, സൈനുദ്ദീന്‍ ബാഖവി കൂരിയാട് തുടങ്ങിയവര്‍ സംബന്ധിച്ചു. വിനോദം വിനാശത്തിന്റെ കെണിവലകള്‍ എന്ന വിഷയത്തില്‍ മുസ്ഥഫാ ഹുദവി ആക്കോട് മുഖ്യപ്രഭാഷണം നടത്തി.
പ്രഭാഷണം ഇന്ന് സമാപിക്കും. പാണക്കാട് റശീദലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനം ചെയ്യും. വ്യവസായ വകുപ്പ് മന്ത്രി പി.കെ കുഞ്ഞാലി കുട്ടി മുഖ്യാതിഥിയായിരിക്കും. സമാപന ദുആ മജ്‌ലിസിന് സമസ്ത പ്രസിഡന്റ ആനക്കര സി. കോയക്കുട്ടി മുസ്‌ലിയാര്‍ നേതൃത്വം നല്‍കും. പി. ഉബൈദുല്ല എം.എല്‍.എ, മുഹമ്മദുണ്ണി ഹാജി എം.എല്‍.എ തുടങ്ങിയവര്‍ സംബന്ധിക്കും. വിശ്വാസ വ്യതിയാനം കരുതിയിരിക്കുക എന്ന വിഷയത്തില്‍ മുസ്ഥഫ ഹുദവി ആക്കോട് പ്രഭാഷണം നടത്തും.