തിരൂരങ്ങാടി : വിശുദ്ധ റമദാന്‍ വിശ്വാസിയുടെ ആത്മഹര്‍ഷം എന്ന പ്രമേയത്തില്‍ ഹുദവീസ് അസോസിയേഷന്‍ ഹാദിയ സംഘടിപ്പിക്കുന്ന മുസ്ഥഫ ഹുദവി ആക്കോടിന്റെ റമദാന്‍ പ്രഭാഷണത്തിന് ഇന്ന് (02/07/14) ഹിദായ നഗരിയില്‍ തുടക്കമാവും. വാഴ്‌സിറ്റി കാമ്പസില്‍ പ്രത്യേകം സജ്ജമാക്കിയ മര്‍ഹും യൂ.ബാപ്പുട്ടി ഹാജി നഗറില്‍ പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍ പ്രഭാഷണ പരമ്പര ഉദ്ഘാടനം ചെയ്യും. ദാറുല്‍ ഹുദാ വൈസ് ചാന്‍സലര്‍ ഡോ. ബഹാഉദ്ദീന്‍ മുഹമ്മദ് നദ്‌വി അധ്യക്ഷത വഹിക്കും. കെ.പി.സി.സി പ്രസിഡന്റ് വി.എം സുധീരന്‍ മുഖ്യാതിഥിയായിരിക്കും. സമസ്ത ജനറല്‍ സെക്രട്ടറി ശൈഖുനാ ചെറുശ്ശേരി സൈനുദ്ദീന്‍ മുസ്‌ലിയാര്‍ ദുആക്ക് നേതൃത്വം നല്‍കും. അഡ്വ. എം. ഉമ്മര്‍ എം.എല്‍.എ, ഇ. മുഹമ്മദ് കുഞ്ഞി കാളാവ് സൈദലവി മുസ്‌ലിയാര്‍, സി.കെ മൊയ്തീന്‍ ഫൈസി, കുട്ടി മൗലവി വേങ്ങര, വി.കെ ഹാറൂണ്‍ മാസ്റ്റര്‍ തുടങ്ങിയവര്‍ സംബന്ധിക്കും.
നാളെ പാണക്കാട് സയ്യിദ് അബ്ബാസലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനം ചെയ്യും. ഇ.ടി മുഹമ്മദ് ബശീര്‍ എം.പി മുഖ്യാതിഥിയായിരിക്കും. കോഴിക്കോട് ഖാസി സയ്യിദ് മുഹമ്മദ് കോയ തങ്ങള്‍ ജമലുല്ലൈലി, അബ്ദുറഹ്മാന്‍ രണ്ടത്താണി എം.എല്‍.എ, ഡോ.കെ.ടി റബീഉള്ള സംബന്ധിക്കും.
5 ന് പാണക്കാട് സയ്യിദ് ഹമീദലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനം ചെയ്യും. 6 ന് സമാപന സമ്മേളനം പാണക്കാട് റശീദലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനം ചെയ്യും. വ്യവസായ വകുപ്പ് മന്ത്രി പി.കെ കുഞ്ഞാലിക്കുട്ടി മുഖ്യാതിഥിയായിരിക്കും. സമസ്ത പ്രസിഡന്റ് സി. ആനക്കര കോയക്കുട്ടി മുസ്‌ലിയാര്‍ സമാപന ദുആ മജ്‌ലിസിന് നേതൃത്വം നല്‍കും.
ബീവി ആഇശ മഹിളകള്‍ക്ക് മാത്യക, കടമകള്‍ മറക്കുന്ന മനുഷ്യര്‍, വിനോദം വിനാശത്തിന്റെ കെണിവലകള്‍, വിശ്വാസ വ്യതിയാനം കരുതിയിരിക്കുക തുടങ്ങിയ വിഷയങ്ങളിലാണ് ആക്കോടിന്റെ പ്രഭാഷണം.