ഹജ്ജ്: കുത്തിവെപ്പ്; ബന്ധപ്പെട്ട രേഖകള്‍സഹിതം വാക്‌സിനേഷന്‍കേന്ദ്രങ്ങളില്‍ എത്തണം

പാലക്കാട്: ജില്ലയില്‍നിന്ന് പോകുന്ന ഹജ്ജ്തീര്‍ഥാടകര്‍ക്കുള്ള മെനിഞ്ചൈറ്റിസ് കുത്തിവെപ്പ് വിവിധകേന്ദ്രങ്ങളില്‍ ശനിയാഴ്ച മുതൽ ആരംഭിച്ചു. മണ്ണാര്‍ക്കാട് താലൂക്ക് ആസ്​പത്രി, ഒറ്റപ്പാലം താലൂക്ക് ആസ്​പത്രി, പട്ടാമ്പി ഗവ. ആസ്​പത്രി, പാലക്കാട് ജില്ലാ ആസ്​പത്രിക്ക് സമീപമുള്ള സ്ത്രീകളുടെയും കുട്ടികളുടെയും ആസ്​പത്രി എന്നിവയാണ് കേന്ദ്രങ്ങള്‍. ഗവ. ഹജ്ജ്കമ്മിറ്റി മുഖാന്തരം പോകുന്നവര്‍ക്ക് രാവിലെ 10 മുതല്‍ 12 വരെയും സ്വകാര്യ ഹജ്ജ്ഗ്രൂപ്പ് മുഖാന്തരം പോകുന്ന തീര്‍ഥാടകര്‍ക്ക് ഒരുമണിമുതല്‍ മൂന്ന് വരെയുമാണ് സൗകര്യങ്ങള്‍ ഒരുക്കിയിരിക്കുന്നത്. ബന്ധപ്പെട്ട രേഖകള്‍സഹിതം വാക്‌സിനേഷന്‍കേന്ദ്രങ്ങളില്‍ എത്തണം.
തൃശ്ശൂര്‍: സര്‍ക്കാര്‍തലത്തില്‍ ഹജ്ജ് തീര്‍ത്ഥാടനത്തിനു രജിസ്റ്റര്‍ ചെയ്തവര്‍ക്കുള്ള വാക്‌സിനേഷന്‍ ശനിയും ഞായറും നടക്കും. ശനിയാഴ്ച 10ന് ജില്ലാ ആസ്​പത്രിയില്‍ എത്തിച്ചേരണമെന്ന് സൂപ്രണ്ട് അറിയിച്ചു. ഹജ്ജിന് സ്വകാര്യ രജിസ്‌ട്രേഷന്‍ നടത്തിയവര്‍ക്കുള്ള വാക്‌സിനേഷന്‍ മരുന്നു ലഭ്യമാണെങ്കില്‍ പിന്നീട് നടത്തുമെന്ന് അധികൃതര്‍ അറിയിച്ചു. 
താമരശ്ശേരി: സംസ്ഥാന ഹജ്ജ് കമ്മിറ്റി മുഖേന ഹജ്ജിന് പോകുന്ന ഹാജിമാര്‍ക്കുള്ള പ്രതിരോധ കുത്തിവെപ്പ് 14-ന് രാവിലെ എട്ട് മണി മുതല്‍ താമരശ്ശേരി താലൂക്കാസ്​പത്രിയില്‍ നടക്കും. തിരുവമ്പാടി, കൊടുവള്ളി, ബാലുശ്ശേരി നിയോജകമണ്ഡല പരിധിയിലുള്ള ഹാജിമാര്‍ പങ്കെടുക്കണമെന്ന് ഹജ്ജ് ട്രെയിനര്‍ സെയ്തലവി താമരശ്ശേരി അറിയിച്ചു.
ഫറോക്ക്: സംസ്ഥാന ഹജ്ജ്കമ്മിറ്റി മുഖേന ജില്ലയില്‍നിന്ന് ഹജ്ജിന് പോകുന്നവര്‍ക്കുള്ള മെനിഞ്ചൈറ്റിസ് പ്രതിരോധ കുത്തിവെപ്പ്, പോളിയോ തുള്ളിമരുന്ന് എന്നിവ ശനിയാഴ്ച നാല് കേന്ദ്രങ്ങളിലായി നടത്തും. രാവിലെ ഒമ്പതിനാണ് പ്രതിരോധ കുത്തിവെപ്പുകള്‍. ഓരോസ്ഥലത്തും ഉള്‍പ്പെടുന്ന നിയോജകമണ്ഡലങ്ങളില്‍ നിന്നുള്ള തീര്‍ഥാടകര്‍ മാത്രം അതത് കേന്ദ്രങ്ങളില്‍ എത്തേണ്ടതാണ്. കോഴിക്കോട് ബീച്ചാസ്​പത്രി: കോഴിക്കോട് നോര്‍ത്ത്, സൗത്ത്, എലത്തൂര്‍, ബേപ്പൂര്‍, കുന്ദമംഗലം. താമരശ്ശേരി താലൂക്ക് ആസ്​പത്രി: കൊടുവള്ളി, ബാലുശ്ശേരി, തിരുവമ്പാടി. കൊയിലാണ്ടി താലൂക്ക് ഹെഡ്ക്വാര്‍ട്ടേഴ്‌സ് ആസ്​പത്രി: കൊയിലാണ്ടി, പേരാമ്പ്ര. വടകര താലൂക്ക് ഹെഡ്ക്വാര്‍ട്ടേഴ്‌സ് ആസ്​പത്രി: വടകര, നാദാപുരം, കുറ്റിയാടി. ഉച്ചയ്ക്ക് മുമ്പായിത്തന്നെ കുത്തിവെപ്പ് അവസാനിപ്പിക്കുമെന്നതിനാല്‍ കൃത്യസമയത്ത് തന്നെ ഹാറ്റ് കാര്‍ഡുമായി എത്തണം. ഉച്ചയ്ക്ക് രണ്ടിന് തീരുമാനിച്ച പരിശീലന ക്ലാസുകള്‍ക്ക് മാറ്റമുണ്ടാകില്ല.
കല്പറ്റ: ഹജ്ജ് തീര്‍ഥാടകര്‍ക്കുള്ള പ്രതിരോധവാക്‌സിന്‍ ശനിയാഴ്ച രാവിലെ 10 മണിമുതല്‍ ജില്ലാ ആസ്​പത്രിക്കടുത്തുള്ള ബാഫക്കി ഹോമില്‍ വിതരണംചെയ്യും. സര്‍ക്കാര്‍ ക്വാട്ടയിലുള്ളവര്‍ക്ക് വിതരണം ചെയ്തശേഷം സ്വകാര്യ ഗ്രൂപ്പ് തീര്‍ഥാടകരെയും പരിഗണിക്കും.
കാസര്‍കോട്:ഈ വര്‍ഷം ഹജ്ജ് കര്‍മത്തിന് കേരളാ ഹജ്ജ് കമ്മിറ്റി മുഖേന പോകുന്ന ജില്ലയിലെ ഹജ്ജാജിമാര്‍ക്കുള്ള മെനിഞ്ചൈറ്റിസ് കുത്തിവെപ്പ് 18, 19, 20 തീയതികളില്‍ നടക്കും. കാഞ്ഞങ്ങാട്, നീലേശ്വരം, ഉദുമ മേഖലയിലുള്ളവര്‍ക്ക് 18ന് കാഞ്ഞങ്ങാട് ജില്ലാ ആസ്​പത്രിയിലും കാസര്‍കോട്, മഞ്ചേശ്വരം മേഖലയിലുള്ളവര്‍ക്ക് 19ന് കാസര്‍കോട് ജനറല്‍ ആസ്​പത്രിയിലും തൃക്കരിപ്പൂര്‍ മേഖലയിലുള്ളവര്‍ക്ക് 20ന് തൃക്കരിപ്പൂര്‍ കമ്യൂണിറ്റി ഹെല്‍ത്ത് സെന്ററിലും കുത്തിവെപ്പ് നല്‍കും. രാവിലെ ഒമ്പതിന് കുത്തിവെപ്പ് ആരംഭിക്കും. ഒരു കവറില്‍ ഉള്‍പ്പെട്ട മുഴുവന്‍ പേരും കുത്തിവെപ്പിന് ഒരുമിച്ചുതന്നെ ഹാജരാകണം. കുത്തിവെപ്പിനു വരുമ്പോള്‍ കവര്‍ നമ്പര്‍, പാസ്‌പോര്‍ട്ട് നമ്പര്‍, ജനനത്തീയതി, ഹാറ്റ് കാര്‍ഡ്, സ്ഥിരമായി അസുഖചികിത്സക്ക് വിധേയമാകുന്നവര്‍ ബന്ധപ്പെട്ട മെഡിക്കല്‍ രേഖകള്‍ മുതലായവ കൊണ്ടുവരണമെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ പി.ഗോപിനാഥ്, ഹജ്ജ് ജില്ലാ ട്രെയ്‌നര്‍ പി.മുഹമ്മദുകുഞ്ഞിമാസ്റ്റര്‍, ട്രെയ്‌നര്‍മാരായ ഇ.എം.കുട്ടിഹാജി, എന്‍.പി.സൈനുദ്ദീന്‍ എന്നിവര്‍ അറിയിച്ചു. കൂടുതല്‍ വിവരങ്ങള്‍ക്ക് അതതിടങ്ങളിലെ ഹജ്ജ് ട്രെയ്‌നര്‍മാരെയോ 9495618558, 9495459476, 9446640644 നമ്പറുകളിലോ ബന്ധപ്പെടണം