ശൈഖുനാ ത്വാഖ അഹ്‌മദ് മൗലവി അല്‍ അസ്ഹരി സമസ്ത കാസറഗോഡ് ജില്ലാ പ്രസിഡണ്ട്

കാസര്‍കോട്: സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ ജില്ലാ പ്രസിഡണ്ടായി ശൈഖുനാ ത്വാഖ അഹ്‌മദ് മൗലവി അല്‍ അസ്ഹരിയെ ജില്ലാ മുശാവറ യോഗം ഐക്യകണ്‌ഠേന തിരഞ്ഞെടുത്തു. ടി.കെ.എം. ബാവ മുസ്ല്യാര്‍ അന്തരിച്ചതിനെ തുടര്‍ന്നുണ്ടായ ഒഴിവിലേക്കാണ് ത്വാഖ അഹ്‌മദ് മൗലവിയെ തെരഞ്ഞെടുത്തത്. നിലവില്‍ സമസ്തയുടെ കേന്ദ്ര മുശാവറ അംഗം കൂടിയാണ് അദ്ദേഹം. കൂടാതെ കീഴൂര്‍, മംഗലാപുരം സംയുക്ത ജമാഅത്തുകളുടെ ഖാസി, സമസ്ത കാസറഗോഡ് ജില്ലാ കമ്മിറ്റിയുടെ കീഴില്‍ പ്രവര്‍ത്തിക്കുന്ന പ്രമുഖ വിദ്യാഭ്യാസ സമുച്ചയമായ മലബാര്‍ ഇസ്‌ലാമിക് കോംപ്ലക്സ്‌ പ്രസിഡണ്ട്‌, ഖാസി സി. മുഹമ്മദ്‌ കുഞ്ഞി മുസ്‌ലിയാര്‍ & ഷഹീദേ മില്ലത്ത്‌ ഖാസി സി.എം. അബ്ദുല്ല മൗലവി ട്രെസ്റ്റ്‌ പ്രസിഡന്റ്‌ എന്നീ നിലകളില്‍ അദ്ദേഹം സേവനം ചെയ്തുവരുന്നു. 
വിദ്യാനഗറിലെ എസ്.വൈ.എസ്. ജില്ലാ ഓഫീസില്‍ വെച്ച് ചേര്‍ന്ന യോഗത്തിലാണ് ത്വാഖ അഹ്‌മദ് മൗലവിയെ ജില്ലാ പ്രസിഡണ്ടായി തിരഞ്ഞെടുത്തത്. യോഗത്തില്‍ കെ.പി.കെ. തങ്ങള്‍ അധ്യക്ഷത വഹിച്ചു. ത്വാഖ അഹ്‌മദ് മൗലവി യോഗം ഉദ്ഘാടനം ചെയ്തു.
വൈസ് പ്രസിഡണ്ടായി നീലേശ്വരം ഖാസിയും മര്‍കസുദ്ധഅഅവത്തുല്‍ ഇസ്ലാമിയയുടെ പ്രസിഡണ്ടുമായ ഇ.കെ. മഹ്‌മൂദ് മുസ്ല്യാരെയും വര്‍ക്കിംഗ് സെക്രട്ടറിയായി സമസ്ത കേന്ദ്ര മുശാവറ അംഗവും കുമ്പള ഇമാം ഷാഫി അക്കാദമി, ജില്ലാ എസ്.വൈ.എസ്  പ്രസിഡണ്ടുമായ  എം.എ. ഖാസിം മുസ്ല്യാര്‍ എന്നിവരേയും തിരഞ്ഞെടുത്തു.
മാലിക്‌ ദീനാര്‍ ഇസ്ലാമിക് അക്കാദമി പ്രിന്‍സിപാള്‍ സിദ്ദീഖ് നദ്‌വി ചേരൂര്‍, എസ്.വൈ.എസ് ജില്ലാ ജന. സെക്രട്ടറി അബ്ബാസ് ഫൈസി പുത്തിഗെ, പയ്യക്കി അബ്ദുല്‍ ഖാദര്‍ മുസ്ല്യാര്‍,  എം.എസ്. തങ്ങള്‍ മദനി, പി.വി. അബ്ദുല്‍സലാം ദാരിമി, പള്ളങ്കോട് അബ്ദുല്‍ ഖാദര്‍ മദനി, അബ്ദുല്‍ ഖാദര്‍ നദ്‌വി കുണിയ,  എം. അബ്ദുല്‍ ഖാദര്‍ മൗലവി ചേരൂര്‍, എം. മൊയ്തു മൗലവി, കെ. ഹംസ മുസ്ല്യാര്‍, സി.എം.ഉബൈദുള്ള മൗലവി, ഷംസുദ്ദീന്‍ ഫൈസി, കെ.പി. അബ്ദുല്ല ഫൈസി,  പി.എസ്. ഇബ്രാഹിം ഫൈസി, ചെര്‍ക്കളം അഹ്‌മദ് മുസ്ല്യാര്‍, ഇ. അബ്ബാസ് ഫൈസി, ഇ.പി. ഹംസത്തു സഅദി, ചെങ്കളം അബ്ദുല്ല ഫൈസി, സാലിഹ് മുസ്ല്യാര്‍, സി.എം. ഇബ്രാഹിം മുസ്ല്യാര്‍ എന്നിവര്‍ സംബന്ധിച്ചു.
സമസ്ത ജില്ലാ ജന.സെക്രട്ടറി യു.എം. അബ്ദുര്‍ റഹ്‌മാന്‍ മൗലവി സ്വാഗതവും, എം.പി. മുഹമ്മദ് ഫൈസി നന്ദിയും പറഞ്ഞു.

ത്വാഖ അഹമ്മദ് മൗലവി അല്‍ അസ്ഹരി
ഭാരതം ബ്രിട്ടീഷ് ഭരണത്തില്‍ നിന്ന് മോചിതയാകുന്നതിന് അഞ്ചു ദിവസം മുമ്പ് (1947 ആഗസ്റ്റ് 10) വിശുദ്ധ റമളാന്‍ മാസത്തിലെ അതിവിശുദ്ധമായ ലൈലത്തുല്‍ ഖദറിന്റെ രാത്രിയില്‍ കാസര്‍കോട് ഖാസി അബ്ദുല്‍ ഖാദര്‍ ഹാജിയുടെ (ചെറിയോര്) പുത്രന്‍ മുഹമ്മദ് കുഞ്ഞി ഹാജിയുടെയും, ചെമ്പരിക്ക ഖാസിയും വലിയ്യുമായ സി. മുഹമ്മദ് കുഞ്ഞിഹാജിയുടെ പുത്രി ആയിഷയുടെയും മകനായി ജനിച്ച് ആത്മീയ തേജസ്സായി മാറിയ മഹാപണ്ഡിതനാണ് ത്വാഖ അഹമ്മദ് മൗലവി, അല്‍-ഖാസിമി, അല്‍-അസ്ഹരി ഏകദേശം 100 വര്‍ഷം മുമ്പ് മംഗലാപുരം ഖാസിയായിരുന്ന പ്രശസ്ത വലിയ്യും മഹാപണ്ഡിതനുമായിരുന്ന ഖാസി അബ്ദുല്ല ഹാജി (ന.മ)യുടെ പൗത്രപുത്രനാണ് ത്വാഖ അഹമ്മദ് മൗലവി. ഖാസി അബ്ദുല്ല ഹാജിയുടെ കുടുംബപരമ്പര ആരംഭിക്കുന്നത് ലക്ഷദ്വീപിലെ അന്ത്രോത്തില്‍ നിന്നാണ്. അന്ത്രോത്ത് ദ്വീപില്‍ ഇന്നും ഖാസി സ്ഥാനം വഹിച്ചുകൊണ്ടിരിക്കുന്ന ഖാസിന്റെവിട തറവാട് ഇസ്ലാമിക റിപ്പബ്ലിക്കിന്റെ ഒന്നാം ഖലീഫയും മുഹമ്മദ് നബിയുടെ (സ) സന്തത സഹചാരിയുമായ അബൂബക്കര്‍ സിദ്ധിഖ് (റ)യുടെ പൗത്രനായ ഉബൈദുല്ലാഹില്‍ മക്കിയ്യ് (റ) എന്നവരാണ് ലക്ഷദ്വീപ്വില്‍ ഇസ്ലാമിക സന്ദേശവുമായി എത്തുകയും അന്ത്രോത്ത് ദ്വീപില്‍ വഫാത്തായി മറപ്പെട്ട് കിടക്കുകയും ചെയ്യുന്നത്. ആ പരമ്പരയില്‍പ്പെട്ടവരാണ ലക്ഷദ്വീപില്‍ ഖാസിന്റെ വിട എന്ന പേരില്‍ തറവാട് സ്ഥാപിച്ചത്. അതില്‍ നിന്നൊരാള്‍ കേരളത്തിലേക്ക് വരികയും ഖാസിയാറകമെന്ന പേരില്‍ കേരളത്തില്‍ തറവാട് സ്ഥാപിക്കുകയും ചെയ്തു. ആ പരമ്പരയില്‍പ്പെട്ട മഹാപണ്ഡിതനും ഖാസിയുമായിരുന്നു ഖാസി അബ്ദുല്ല ഹാജി (ന.മ) അദ്ദേഹത്തിന്റെ പൗത്രപുത്രനായ ത്വാഖ അഹമ്മദ് മൗലവി സി.എം.അബ്ദുല്ല മൗലവി (ന.മ) പിന്‍ഗാമിയായി ദക്ഷിണ കന്നട ജില്ലാ ഖാസിയായി സ്ഥാനമേല്‍ക്കുന്നത്.
നാമെല്ലാവരെയും അതീവ ദു:ഖത്തിലാഴ്ത്തിക്കൊണ്ട് നമ്മെ വിട്ട് പിരിഞ്ഞുപോയ സി.എം.അബ്ദുല്ല ഉസ്താദ് വിരല്‍ ചൂണ്ടിയ ലക്ഷ്യങ്ങളെ ഒരിക്കലും പിഴച്ചതായി നമുക്ക് ദര്‍ശിക്കാന്‍ കഴിയില്ല. മരണപ്പെടുന്നതിന് മാസങ്ങള്‍ക്ക് മുമ്പ് തന്നെ രോഗാതുരനായി മംഗലാപുരം ഉള്‍പ്പെടെയുള്ള സ്ഥലങ്ങളില്‍ ഖാസിയായി ത്വാഖ അഹമ്മദ് മൗലവിയെ അവരോധിച്ചത് സി.എം.ഉസ്താദ് എന്ന പേരില്‍ നാമേവര്‍ക്കും സുപരിചിതനായ ആ മഹാപണ്ഡിതന്റെ ദീര്‍ഘവീക്ഷണത്തോടെയുള്ള പ്രവര്‍ത്തനമാണെന്ന് നമുക്ക് മനസ്സിലാക്കാം. ഉത്തരമലബാറിന്റെയും പ്രത്യേകിച്ച് നമ്മുടെ ജില്ലയുടെയും മതവിജ്ഞാന ദാഹത്തിന് അറുതിവരുത്താന്‍ തന്റെ ജീവിതകാലം മുഴുവന്‍ പ്രയത്‌നിച്ച മഹാനായ സി.എം. ഉസ്താദ് മുന്‍കൈയ്യെടുത്ത് സ്ഥാപിച്ച് സ്ഥാപനങ്ങളൊക്കെയും പ്രൗഢിയോടെ നമ്മുടെ മുമ്പില്‍ തലയുയര്‍ത്തി നില്‍ക്കുമ്പോള്‍ ആ മഹാപണ്ഡിതനെ ഒരിക്കലും വിസ്മരിക്കാന്‍ നമുക്ക് ആവില്ല.
പാണ്ഡിത്യത്തിന്റെ നിറകുടമായ ത്വാഖ അഹമ്മദ് മൗലവി പ്രാഥമിക വിദ്യാഭ്യാസം തളങ്കര റൗളത്തുല്‍ ഉലും മദ്‌റസ തളങ്കര മുസ്ലിം ഹൈസ്കൂള്‍ എന്നിവിടങ്ങളില്‍ നിന്നാണ്. മാവിലാടം, പൊന്നാനി, കൊടുങ്ങല്ലൂര്‍, ദാറുല്‍ ഉലും ദെയുബന്ദ്, അല്‍-അസ്ഹര്‍ യൂണിവേഴ്‌സിറ്റി കൈറോ (ഈജിപ്ത്) എന്നിവിടങ്ങളില്‍ നിന്നാണ് തുടര്‍വിദ്യാഭ്യാസം നേടിയത്. പ്രഗത്ഭ പണ്ഡിതന്‍മാരായ കെ.കെ.അബ്ദുല്ല മുസ്ലിയാര്‍ കരുവാരക്കുണ്ട്. കെ.കെ.മുഹമ്മദ് മൗലവി ശൂജായി, ശൈഖുല്‍ ഹദീസ് മൗലാന ഫക്രുദ്ധീന്‍ സാഹിബ്, മൗലാന ഫക്രുല്‍ ഹസ്സന്‍, മൗലാന വഹീദ് സമാന്‍, ഡോ. അബ്ദുല്‍ ഹക്കീം മഹമ്മൂദ് കൈറോ, ഖാരി മുഹമ്മദ് ത്വയിബ് മര്‍ഹും യു.കെ. ആറ്റക്കോയ തങ്ങള്‍, മര്‍ഹും അബ്ദുല്‍ ഖാദര്‍ മുസ്ലിയാര്‍ (ഖാസിലെ മുന്‍ ഇമാം) മര്‍ഹും സീതി കുഞ്ഞിമാസ്റ്റര്‍, മര്‍ഹും, ടി. ഉബൈദ് മാസ്റ്റര്‍ തുടങ്ങി കേരളത്തിലെയും ഇന്ത്യയിലെയും ഈജിപ്തിലെയും പ്രഗത്ഭരും പ്രശസ്തരുമായവരില്‍ നിന്ന് വിദ്യാഭ്യാസം പൂര്‍ത്തിയാക്കി. തുടര്‍ന്ന് കോട്ടയം ജില്ലയിലെ തിരുനക്കര പുത്തന്‍പള്ളിയില്‍ മുദരിസും ഖത്തീബുമായി ദീനി രംഗത്ത് സേവനം ആരംഭിച്ചു.
1977 ല്‍ ഈജിപ്റ്റിലെ അല്‍ അസ്ഹര്‍ യൂണിവേഴ്‌സിറ്റിയിലേയ്ക്ക് 1978 ല്‍ അല്‍ അസ്ഹര്‍ യൂണിവേഴ്‌സിറ്റിയിലെ പണ്ഡിതന്‍മാരുടെയും ഒമാനിലെ സുല്‍ത്താന്‍ ഖാബുസിന്റെ മാതാവ് സൈയ്യിദ മൗസൂന്‍ ബീവിയുടെയും നിര്‍ദ്ദേശപ്രകാരം സലാലയിലെ പ്രശസ്തമായ മസ്ജിദ് ശൈഖത്തു സല്‍മയിലേക്ക് നേരിട്ടുള്ള നിയമനം. അവിടെ നീണ്ട 31 വര്‍ഷം മുദരീസും ഇമാമുമായി പ്രവര്‍ത്തിച്ച് ഈ പണ്ഡിത തേജസ്സ് മലയാളികള്‍ക്കും അറബികള്‍ക്കും ആഴ്ചയില്‍ പ്രത്യേകം മതപഠന ക്ലാസുകള്‍ നടത്തി സ്വദേശികളുടെയും വിദേശികളുടെയും അഭിമാനഭാജനമായി മാറി. ഒമാനില്‍ പല ഉന്നത സ്ഥാനങ്ങളിലും ഇരിക്കുന്ന ഡോക്ടര്‍മാരും എഞ്ചിനീയര്‍മാരും ഉള്‍പ്പെടെയുള്ളവര്‍ ത്വാഖാ അഹമ്മദ് മൗലവിയുടെ ശിഷ്യന്‍മാരാണ്. സ്വദേശികള്‍ക്ക് ശൈഖ് അഹമ്മദായും വിദേശികള്‍ക്ക് ത്വാഖാ അഹമ്മദ് മൗലവിയായുമാണ് അദ്ദേഹം അറിയപ്പെട്ടിരുന്നത്. 
 ഇടക്കാലത്ത് സമസ്തയില്‍ ചില പ്രശ്നങ്ങള്‍ ഉണ്ടായപ്പോള്‍ എ.പി വിഭാഗം സംഘടനയില്‍ പ്രവര്‍ത്തിക്കാനാണ് താത്പര്യപ്പെട്ടത് എങ്കിലും  കാന്തപുരത്തിന്റെയും അതിലെ മറ്റു നേതാക്കളുടെയും ദീനീവിരുദ്ധ നിലപാടുകളും പ്രവര്‍ത്തനങ്ങളും കാരണം പിന്നീട് രാജിവെച്ചു പോന്നു. നീണ്ടയാത്രകളും പ്രവാസജീവിതവും അവസാനിപ്പിച്ച് സ്വദേശത്തേയ്ക്ക് തിരിച്ചുവരുമ്പോള്‍ 8 ക്വിന്റലോളം മതപഠന ഗ്രന്ഥങ്ങളാണ് കൊണ്ടുവന്നത്. അതിനെക്കാളും അധികം മതഗ്രന്ഥങ്ങള്‍ നാട്ടിലുമുണ്ടായിരുന്നു. ഇവര രണ്ടും കൂടി ഒരു ഗ്രന്ഥപുര തന്നെ ത്വാഖാ അഹമ്മദ് മൗലവിയുടെ വീട്ടില്‍ നമുക്ക് ദര്‍ശിക്കാം. വിശുദ്ധ ഖുര്‍ആനിലെ ആദ്യവാക്യമായ ഇഖ്‌റഅ എന്ന വാക്കിന്റെ അര്‍ത്ഥം അതേപടി പുലര്‍ത്തിയുരന്ന മുന്‍കാലം (സലാലയിലെ) സ്വദേശത്ത് തിരക്ക് കാരണമായി ലഭിക്കാത്തതില്‍ ഈ പണ്ഡിത തേജസ്സ് നെടുവീര്‍പ്പുടുന്നു.

കടപ്പാട് : K.I.C. TIMES @ കര്‍ണാടക ഇസ്ലാമിക് സെന്റര്‍ - ദുബൈ