അബൂദാബി: രൂപയുടെ മൂല്യത്തില്‍ ഇപ്പോഴുണ്ടായിട്ടുള്ള തകര്‍ച്ച താല്‍കാലിക പ്രതിഭാസമാണെന്ന് ഗള്‍ഫ് സത്യധാര അബൂദാബി ക്ലസ്റ്റര്‍ സംഘടിപ്പിച്ച സിമ്പോസിയത്തില്‍ പങ്കെടുത്ത സാമ്പത്തിക വിദഗ്ദ്ധര്‍ അഭിപ്രായപ്പെട്ടു. ബാങ്ക് ഓഫ് ബറോഡ അബൂദാബി ബ്രാഞ്ച് അസിസ്റ്റന്റ് ജനറല്‍ മാനേജര്‍ പരംജിത്ത് സിംഗ് ഭാട്ടിയ സിമ്പോസിയം ഉദ്ഘാടനം ചെയ്തു. ഇന്ത്യന്‍ സാമ്പത്തിക സ്ഥിതി എപ്പോഴും ശക്തമാണ് എന്ന് പറഞ്ഞ സിംഗ് ഇപ്പോഴത്തെ പ്രതിസന്ധി എത്രയും പെട്ടെന്ന് മറികടക്കാന്‍ രൂപക്ക് കഴിയുമെന്ന് അഭിപ്രായപ്പെട്ടു. എപ്പോള്‍ എന്ന് കൃത്യമായി പ്രവചിക്കാന്‍ കഴിയില്ലെങ്കിലും രൂപയുടെ മൂല്യം എത്രയും പെട്ടെന്ന് തിരിച്ച് കയറുമെന്ന് സിംഗ് പ്രത്യാശിച്ചു.
ഇന്ത്യന്‍ രൂപയുടെ മൂല്യ തകര്‍ച്ചക്ക് അമേരിക്കന്‍ നിലപാടുകള്‍ ഒരു പരിധി വരെ കാരണമായെന്ന് പര്‍പാടിയില്‍ മുഖ്യ അഥിതിയായി പങ്കെടൂത്ത യു.എ.ഇ എക്‌സ്‌ചേഞ്ച് സെന്റര്‍ ഗ്ലോബല്‍ ഓപറേഷന്‍സ് വൈസ് പ്രസിഡന്റ് പ്രമോദ് മങ്ങാട് പറഞ്ഞു. ഡോളറിന്റെ അച്ചടിയില്‍ ഗണ്യമായ കുറവ് വരുത്താനുള്ള അമേരിക്കയുടെ തീരുമാനം കാരണം ഡോളറിന്റെ ലഭ്യതക്കുറവ് മുന്‍ കൂട്ടീ കണ്ട് ഡോളര്‍ വാങ്ങിക്കൂട്ടാന്‍ നടന്ന ശ്രമങ്ങളാണ് രൂപയുടെ വിലയിടിവിലേക്ക് നയിച്ചത്. വിലക്കയറ്റം കാരണം ബാങ്ക് നിക്ഷേപത്തില്‍ വന്ന കുറവും വിദേശ നിക്ഷേപകര്‍ ഇന്ത്യയെ കൈ വിട്ടതും സ്വര്‍ണം, പെട്രോളിയം ഉല്‍പന്നം എന്നിവയുടെ ഇറക്കുമതിയില്‍ വന്ന വര്‍ധനവും രൂപയുടെ മൂല്യ തകര്‍ച്ചക്ക് ആക്കം കൂട്ടി. ആര്‍ഭാടങ്ങളൊഴിവാക്കി ജീവിക്കാന്‍ ഇന്ത്യക്കാരന്‍ ശീലിക്കുകയും പണം മിച്ചം വെച്ച് പുതിയ നിക്ഷേപങ്ങളിലേക്ക് തിരിക്കുകയും ചെയ്യുക എന്നതാണ് ഈ പ്രതിസന്ധി പരിഹരിക്കുന്നതില്‍ നമുക്ക് ചെയ്യാന്‍ കഴിയുന്നത് എന്ന് പ്രമോദ് അഭിപ്രായപ്പെട്ടൂ.
ഇന്ത്യന്‍ രൂപയുടെ മൂല്യ തകര്‍ച്ചക്ക് ഇന്ത്യയിലെയും ആഗോള തലത്തിലെയും ചില പ്രശ്‌നങ്ങള്‍ കാരണമായതായി വിഷയാവതരണം നടത്തിയ ഐ.ബി.എം.സി ഡയറക്ടര്‍ സജിത്ത് കുമാര്‍ വിലയിരുത്തി. ഭക്ഷ്യ സുരക്ഷ ബില്‍ പാസാക്കിയതിലൂടെ ഇന്ത്യയുടെ ധനക്കമ്മിയിലുണ്ടായ വര്‍ധനവും സിറിയന്‍ പ്രശ്‌നങ്ങള്‍ കാരണം ട്രോളിനുണ്ടായ വില വര്‍ധനവും രൂപയുടെ മൂല്യതകര്‍ച്ചക്ക് കാരണമായി. വരും ആഴ്ചകള്‍ ഇന്ത്യന്‍ രൂപയെ സംബന്ധിച്ച് നിര്‍ണായകമാണെന്ന് പറഞ്ഞ സജിത് കുമാര്‍ സിറിയയിലെ പ്രശ്‌നങ്ങളും ധന സുരക്ഷ നിര്‍ത്തലാക്കുന്ന വിഷയത്തില്‍ സപ്തംബര്‍ 17,18 തിയ്യതികളില്‍ ചേരുന്ന അമേരിക്കന്‍ കോണ്‍ഗ്രസ്സ് എടുക്കുന്ന തീരുമാനങ്ങളും ഇന്ത്യന്‍ രൂപയുടെ മൂല്യത്തില്‍ സ്വാധീനം ചെലുത്തുമെന്ന് അഭിപ്രായപ്പെട്ടൂ. സാഹചര്യങ്ങള്‍ അനുകൂലമാക്കി മാറ്റാന്‍ ശ്രമിക്കുകയും പരമാവധി ഇന്ത്യയില്‍ തന്റെ നിക്ഷേപം വര്‍ധിപ്പിക്കുകയുമാണ് പ്രവാസിക്ക് ഈ സാഹചര്യത്തില്‍ ചെയ്യാന്‍ കഴിയുന്നത് എന്ന് ഇന്ത്യയിലെ നിക്ഷേപ സാധ്യതകളെ കുറിച്ച് സംസാരിച്ച ബര്‍ജീല്‍ ജിയൊജിത്ത് സെക്യൂരിറ്റി അബൂദാബി ബ്രാഞ്ച് മാനേജര്‍ ശ്രീനാഥ ് പ്രഭു നിര്‍ദേശിച്ചു.
ഗള്‍ഫ് സത്യധാര ചെയര്‍മാന്‍ ഡോ:ഒളവട്ടൂര്‍ അബ്ദു റഹ്മാന്‍ മൗലവി മോഡറേറ്റര്‍ ആയിരുന്നു. ഇന്ത്യന്‍ ഇസ്ലാമിക് സെന്റര്‍ ആക്റ്റിംഗ് പ്രസിഡന്റ് മൊയ്തു ഹാജി കടന്നപ്പള്ളി, ഇന്ത്യന്‍ മീഡിയ ഫോറം അബൂദാബി പ്രസിഡന്റ് ടി.അബ്ദുസ്സമദ്, അബൂദാബി കെ.എം.സി.സി ആക്റ്റിംഗ് പ്രസിഡന്റ് പി.അബ്ബാസ് മൗലവി, ഇന്ത്യന്‍ മീഡിയ ഫോറം ദുബൈ പ്രസിഡന്റ് എല്‍വീസ് ചുമ്മാര്‍, യു.എ.ഇ എക്‌സ്‌ചേഞ്ച് സെന്റര്‍ പ്രതിനിധികളായ അശ്വിന്‍ ഷെട്ടി, വിനോദ് നമ്പ്യാര്‍, ലുലു അബൂദാബി റീജ്യണല്‍ ഡയറക്ടര്‍ അബൂബക്കര്‍, റഫീഖ് ഹൈദ്രോസ് പന്നിത്തടം, സയ്യിദ് അബ്ദുറഹ്മാന്‍ തങ്ങള്‍, ഹൈദര്‍ അലി ഹുദവി, അഡ്വ:ശറഫുദ്ധീന്‍, ഹാരിസ് ബാഖവി, സമീര്‍ മാസ്റ്റര്‍, മന്‍സൂര്‍ മൂപ്പന്‍ എന്നിവര്‍ സംബന്ധിച്ചു. സാബിര്‍ മാട്ടൂല്‍ സ്വാഗതവും അബ്ദുല്‍ ഖാദര്‍ ഒളവട്ടൂര്‍ നന്ദിയും പറഞ്ഞു.