'സുപ്രഭാതം'വാര്‍ത്ത കെട്ടിച്ചമച്ചത്; പ്രവർത്തനങ്ങള്‍ പുരോഗമിക്കുന്നു - ചെയര്‍മാന്‍ ശൈഖുനാ ബാപ്പു മുസ്‌ലിയാര്‍

കോഴിക്കോട്: സുപ്രഭാതം ദിനപത്രം മുസ്‌ലിം ലീഗ് പാര്‍ട്ടിയുടെ സമ്മര്‍ദ്ദത്തെ തുടര്‍ന്ന് താല്‍ക്കാലികമായി പ്രവര്‍ത്തനം നിര്‍ത്തിവെച്ചതായി ചില മാധ്യമങ്ങളില്‍വന്ന വാര്‍ത്ത കെട്ടിച്ചമച്ചതാണെന്ന് ഇഖ്‌റഅ് പബ്ലിക്കേഷന്‍ ചെയര്‍മാനും സമസ്ത സെക്രട്ടറിയുമായ ശൈഖുനാ കോട്ടുമല ടി.എം.ബാപ്പു മുസ്‌ലിയാര്‍ വാർത്താ കുറിപ്പിൽ അറിയിച്ചു. 
സുപ്രഭാതം ദിനപത്രം ആര്‍ക്കെങ്കിലും ബദലോ, സമാന്തരമോ അല്ല. ഒന്നര പതിറ്റാണ്ടുനീണ്ട വിചിന്തനങ്ങള്‍ക്കൊടുവില്‍ സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമാ മുശാവറ തീരുമാനിച്ചതനുസരിച്ചാണ് സുപ്രഭാതം രജിസ്‌ത്രേഷന്‍ സംബന്ധിച്ച് ഇഖ്‌റഅ് പബ്ലിക്കേഷന്‍ രൂപീകരിച്ചതും, പ്രാരംഭ പ്രവര്‍ത്തനങ്ങള്‍ തുടങ്ങിയതും. 
പത്രത്തിന്റെ പ്രസിദ്ധീകരണവുമായി സംഘടന സജീവമായി മുന്നോട്ടു നീങ്ങുകയാണ്. സാങ്കേതികവും, അടിസ്ഥാന സൗകര്യപരവും, സാമ്പത്തികവുമായ ക്രീമകരണങ്ങള്‍ നടന്നുവരികയാണ്. ചിലകേന്ദ്രങ്ങള്‍ ബോധപൂര്‍വ്വം നടത്തുന്ന പ്രചാരണങ്ങളില്‍ പ്രവര്‍ത്തകര്‍ വഞ്ചിതരാവരുതെന്നും അദ്ദേഹം അറിയിച്ചു.