കാരുണ്യം കാത്തുനില്‍ക്കാതെ മൊയ്തീന്‍ കുട്ടി മൗലവി യാത്രയായി; ബഹ്‌റൈന്‍ സമസ്‌ത ദുആ സദസ്സ് ഇന്ന് രാത്രി മനാമയിൽ

മൊയ്തീന്‍ കുട്ടി മൗലവി
മനാമ: മൂന്നു പതിറ്റാണ്ടോളമായി ബഹ്‌റൈനില്‍ പ്രവാസജീവിതം നയിച്ച സമസ്ത ബഹ്‌റൈന്‍ മുന്‍ ജനറല്‍ സെക്രട്ടറിയും ബഹ്‌റൈന്‍ കെ.എം.സി.സി കാസര്‍കോട് ജില്ല പ്രസിഡണ്ടുമായിരുന്ന മൊയ്തീന്‍ കുട്ടി മൗലവി (52) നിര്യാതനായി. ശരീരത്തിന്റെ ഒരു ഭാഗം തളര്‍ന്ന് രോഗബാധിതനായി സല്‍മാനിയ മെഡിക്കല്‍ കോളജില്‍ ചികിത്സയില്‍ കഴിയുകയായിരുന്നു അദ്ദേഹം.
കാസര്‍കോട് ബദിയടുക്ക ബാപാലിപനം സ്വദേശിയായ മൗലവി ഉദാരമതികളുടെ സഹായത്തിനു കാത്തുനില്‍ക്കാതെകഴിഞ്ഞ ദിവസം പുലര്‍ച്ചെയാണ് മരണത്തിന് കീഴടങ്ങിയത്.
ഏറെക്കാലമായി ഗുരുതരമായ രോഗം പിടിപെട്ട് ചികിത്സയിലായിരുന്നു. ഒരു മാസം മുമ്പ് മനാമയിലെ റോഡില്‍ അബോധാവസ്ഥയില്‍ വീണുകിടന്ന മൗലവിയെ തിരിച്ചറിഞ്ഞവര്‍ ആസ്പത്രിയിലെത്തിക്കുകയായിരുന്നു. രോഗബാധിതനായിരുന്ന ഇദ്ദേഹം ഒരു വര്‍ഷത്തെ നാട്ടിലെ ചികിത്സക്കുശേഷം കുടുംബം പോറ്റാന്‍ മറ്റു വഴി
കാണാതെ വീണ്ടും ബഹ്‌റൈനിലേക്ക് തിരിച്ചുവന്നതാണ്.
1984 ല്‍ ബഹ്‌റൈനിലെത്തിയ ഇദ്ദേഹത്തിന് പ്രാരബ്ധങ്ങള്‍ക്ക് നടുവില്‍ കുടുംബത്തിനുവേണ്ടി ഒന്നും സമ്പാദിക്കാനോ സ്വന്തമായി ഒരു വീട് പണിയനോ കഴിഞ്ഞിട്ടില്ല. വിവാഹ പ്രായമെത്തിയ മകളുള്‍പ്പെടെ മൂന്നു കുട്ടികളുടെ പിതാവ് കൂടിയായ മൗലവി സമസ്തയുടെ നെത്ര്തതിലും അല്ലാതെയും ബഹ്‌റൈനില്‍ സാമൂഹ്യപ്രവര്‍ത്തന രംഗത്തെ നിറസാന്നിധ്യമായിരുന്നു. 
ഉദാരമതികളായ സുഹൃത്തുക്കളുടെയും ബന്ധുക്കളുടെയും സഹായത്തോടെ വീട് പാതി പണിത് നിര്‍ത്തിയിരിക്കുകയാണ്. മൂത്ത മകളുടെ വിവാഹമെന്ന കടമയും ബാക്കിനില്‍ക്കുകയാണ്. പ്ലസ്‌വണിന് പഠിക്കുന്ന മകനും എട്ടാം ക്ലാസുകാരിയായ മറ്റൊരു മകളും ഉണ്ട്. ഖൈറുന്നിസയാണ് ഭാര്യ.
മൊയ്തീന്‍ കുട്ടി മൗലവിആശു
പത്രിയിലയിരിക്കുമ്പോൾ (ഫയൽ)
മൗലവിയുടെ ചികിത്സക്കും കുടുംബത്തെ സഹായിക്കാനുമായി ബഹ്‌റൈൻ സമസ്തയും കെ.എം.സി.സി യും ചേര്‍ന്ന് ഒരു സഹായ സമിതി രൂപീകരിച്ച് പ്രവര്‍ത്തിച്ചുവരികയായിരുന്നു. 
മൗലവിയുടെ മരണത്തോടെ ബഹ്‌റൈന്‍ പ്രവാസി മലയാളികള്‍ക്ക് ഒരു മികച്ച സാമൂഹ്യ പ്രവര്‍ത്തകനെയാണ് നഷ്ടമായത്.
നിര്യാണത്തില്‍ ബഹ്‌റൈന്‍ സമസ്ത അനുശോചനം രേഖപ്പെടുത്തി. മനാമ കുവൈത്ത് മസ്ജിദില്‍ നടന്ന മയ്യിത്ത് നിസ്‌കാരത്തിന് സയ്യിദ് ഫഖ്‌റുദ്ദീന്‍ കോയ തങ്ങള്‍ നേതൃത്വം നല്‍കി.
സ്വദേശികളുള്‍പ്പെടെ നിരവധിപേര്‍ മയ്യിത്ത് സന്ദര്‍ശിച്ചു. നടപടികള്‍ പൂര്‍ത്തിയാക്കി വൈകിട്ട് എയര്‍ ഇന്ത്യ വിമാനത്തില്‍ കോഴിക്കോട്ടേക്ക് കൊണ്ടുപോയി. സഹോദരന്‍ മുഹമ്മദ് അനുഗമിച്ചിട്ടുണ്ട്. നടപടി ക്രമങ്ങള്‍ക്ക് മൗലവി സഹായ സമിതി നേതാക്കളായ വി.കെ. കുഞ്ഞഹമ്മദ് ഹാജി, റഹീം ഉപ്പള, ശാഫി പാറക്കാട്ട്, ഖലീല്‍, എ.പി ഫൈസല്‍, ടി. അന്തുമാന്‍തുടങ്ങിയ ബഹ്‌റൈൻ സമസ്ത-കെ.എം.സി.സി നേതാക്കളും സാമൂഹ്യ പ്രവര്‍ത്തകരായ കെ.ടി സലിം, സുബൈര്‍ കണ്ണൂര്‍ എന്നിവരും നേതൃത്വം നല്‍കി.
കുടുംബത്തിന്റെ ഏക ആശ്രയമായിരുന്ന മൊയ്തീന്‍ കുട്ടി മൗലവിയുടെ മരണത്തോടെ നിരാലംബരായ കുടുംബത്തിന് ഉദാരമതികളുടെ സഹായം മാത്രമാണ് ഇനി പ്രതീക്ഷ.അവരെ സഹായിക്കാൻ ആഗ്രഹിക്കുന്നവർ ഭാര്യ ഖൈറുന്നിസയുടെ പേരിലുള്ള 5322500101002001(കർണാടക ബാങ്ക്, നീർച്ചാൽ ബ്രാഞ്ച് , കാസർഗോഡ്‌) എക്കൊൻണ്ട് വഴി പണം നൽകാമെന്ന് കമറ്റി ഭാരവാഹികൾ നേരത്തെ അറിയിച്ചിരുന്നു.
അദ്ദേഹത്തിന് വേണ്ടിയുള്ള പ്രത്യേക ദുആ മജ്‌ലിസ് ഇന്ന് (ശനി)രാത്രി മനാമ സമസ്ത മദ്രസ്സയിൽ നടക്കുന്ന ഹജ്ജ് ക്ലാസ്സിൽ ഉണ്ടായിരിക്കുമെന്ന് ബന്ധപ്പെട്ടവർ അറിയിച്ചു.