സംസ്ഥാന ഹജ്ജ് ക്യാമ്പ് 25-ന്ഹൈദരലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനം ചെയ്യും; ആദ്യവിമാനം രാവിലെ 8 മണിക്ക്

കൊണ്ടോടി: സംസ്ഥാന ഹജ്ജ് ക്യാമ്പ് 25-ന് 6 മണിക്ക് പാണക്കാട് ഹൈദരലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനം ചെയ്യും. ആദ്യവിമാനം രാവിലെ 8 മണിക്ക് കേന്ദ്ര വിദേശകാര്യ സഹമന്ത്രി ഇ. അഹമ്മദ് ഫഌഗ്ഓഫ് ചെയ്യും. രാവിലെ 9.35ന് 300 പേരടങ്ങുന്ന സഊദി എയര്‍ലൈന്‍സിന്റെ ആദ്യസര്‍വ്വീസ് ജിദ്ദയിലേക്ക് പുറപ്പെടും. ദിവസവും പകല്‍ രണ്ടു സര്‍വ്വീസുകളാണ് നടത്തുക.
ഹജ്ജ് ക്യാമ്പ് 24 മുതല്‍ ആരംഭിക്കും. രാവിലെ 9.35നുള്ള വിമാനത്തില്‍ പുറപ്പെടേണ്ടവര്‍ തലേന്ന് വൈകീട്ട് 6 മണിക്കും 8 മണിക്കുമിടയില്‍ ക്യാമ്പില്‍ എത്തണം. ഹാജിമാരുടെ ലഗേജ് കൈമാറുന്നതും രജിസ്റ്റര്‍ ചെയ്യുന്നതും ഒരേ കൗണ്ടറില്‍ ആയിരിക്കും. ഹജ്ജ് ക്യാമ്പിന്റെ മുഴുവന്‍ ഒരുക്കങ്ങളും പൂര്‍ത്തീകരിച്ചതായി ചെയര്‍മാന്‍ കോട്ടുമല ബാപ്പു മുസ്‌ല്യാര്‍ അറിയിച്ചു.
ഹജ്ജ്ഹൗസിന്റെ പെയിന്റിംഗ്, മുറ്റത്തിന്റെ ഇന്റര്‍ലോക്കിംഗ്, മതില്‍ എന്നിവയും മറ്റു മിനുക്കുപണികളും പൂര്‍ത്തീകരിച്ചു. ഇന്നലെ ഹജ്ജ് കമ്മിറ്റി യോഗം ഒരുക്കങ്ങള്‍ വിലയിരുത്തി. ചെയര്‍മാന്‍ കോട്ടുമല ബാപ്പു മുസ്‌ല്യാര്‍ അദ്ധ്യക്ഷത വഹിച്ചു. ഇ.ടി. മുഹമ്മദ് ബഷീര്‍ എം.പി., കെ. മുഹമ്മദുണ്ണിഹാജി എം.എല്‍.എ., വി. മുഹമ്മദ്‌മോന്‍ഹാജി, അഡ്വ. ടി.കെ. സൈതാലിക്കുട്ടി, ടി.പി. അബ്ദുല്ലക്കോയ മദനി, ഡോ. ഇ.കെ. അഹമ്മദ്കുട്ടി, സി.ബി. അബ്ദുല്ലഹാജി, തൊടിയൂര്‍ മുഹമ്മദ്കുഞ്ഞി മൗലവി, സി.പി. സൈതലവി മാസ്റ്റര്‍, വി.കെ. അലി, എ.കെ. അബ്ദുറഹിമാന്‍, അഹമ്മദ്മൂപ്പന്‍, ഇ.സി. മുഹമ്മദ് യോഗത്തില്‍ പങ്കെടുത്തു.