മദീന: ഇന്ത്യന്‍ ഹജ്ജ് കമ്മിറ്റി വഴി കഴിഞ്ഞ രണ്ടുദിവസങ്ങളിലായി മദീന അമീര്‍ മുഹമ്മദ് അന്താരാഷ്ട്ര വിമാനത്താവളം വഴിയെത്തിയത് 3790 പേര്‍. ഏഴു വിമാനങ്ങളിലായി ഇന്നലെ 2165 പേരാണ് മദീനയിലിറങ്ങിയത്. ഇതില്‍ ശനിയാഴ്ച സാങ്കേതിക തകരാറ് കാരണം വരാതിരുന്ന വാരാണസിയില്‍ നിന്നുള്ള സഊദി എയര്‍ലൈന്‍സ് വിമാനവും പെടും. 275 പേരാണ് ഈ വിമാനത്തിലുണ്ടായിരുന്നത്.
ശനിയാഴ്ച 5 വിമാനങ്ങളിലായി 1625 പേരായിരുന്നു മദീനയിലെത്തിയത്. ഇന്നലെ ഗോവയില്‍ നിന്ന് ഒന്നും കൊല്‍ക്കത്ത, വാരാണസി, ശ്രീനഗര്‍ എന്നിവിടങ്ങളില്‍ നിന്ന് രണ്ടുവീതവും വിമാനങ്ങളാണ് എത്തിയത്. ശനിയാഴ്ച മാത്രം വിവിധ രാജ്യങ്ങളില്‍ നിന്നായി 3000ത്തോളം പേരാണ് മക്കയിലും മദീനയിലുമെത്തിയതെന്ന് ഹജ്ജ് മന്ത്രാലയം ഇന്നലെ വാര്‍ത്താകുറിപ്പില്‍ അറിയിച്ചു. മദീന ഹജ്ജ് വെല്‍ഫെയര്‍ ഫോറം, മദീന കെ.എം.സി.സി ഹജ്ജ് സെല്‍ വളണ്ടിയര്‍മാരാണ് ഹാജിമാര്‍ക്ക് ആവശ്യമായ സൗകര്യങ്ങള്‍ ചെയ്തുകൊടുക്കുന്നത്.
