കാസര്‍ഗോഡ്‌ SKSSF എസ്.പി. ഓഫീസ് മാര്‍ച്ച്‌ നടത്തി

കാസര്‍ഗോഡ്‌: കാസര്‍ഗോഡ്‌ ജില്ലയില്‍ വര്‍ദ്ധിച്ച് വരുന്ന ലഹരി ഉപയോഗത്തിനും ചൂതാട്ട കേന്ദ്രങ്ങള്‍ക്കുമെതിരെ എസ്.കെ.എസ്.എസ്.എഫ്. കാസര്‍ഗോഡ്‌ ജില്ലാ കമ്മിറ്റി മാര്‍ച്ച് നടത്തി. ജില്ലയിലെ ചൂതാട്ട കേന്ദ്രങ്ങള്‍ അടച്ചുപൂട്ടുന്നതില്‍ പോലീസ് ഉദ്യോഗസ്ഥര്‍ കാണിക്കുന്ന അനാസ്ഥയില്‍ പ്രതിഷേധിച്ചും അത്തരക്കാരില്‍ നിന്ന് മാസപ്പടി വാങ്ങുന്ന പോലീസ് ഉദ്യോഗസ്ഥരെ സര്‍വീസില്‍ നിന്ന് മാറ്റിനിര്‍ത്തണമെന്നും, ലഹരി പദാര്‍ത്ഥങ്ങള്‍ വില്‍ക്കുന്ന കേന്ദ്രങ്ങള്‍ക്കെതിരെ നടപടി സ്വീകരിക്കണമെന്നും ആവശ്യപ്പെട്ട് ജില്ലാ കമ്മിറ്റി സംഘടിപ്പിക്കുന്ന ഒരു മാസം നീണ്ട് നില്‍ക്കുന്ന കാമ്പയിന്‍റെ ഭാഗമായിട്ടാണ് ഇന്ന് മാര്‍ച്ച് നടത്തിയത്. എസ്.കെ.എസ്.എസ്.എഫ്. സംസ്ഥാന ജനറല്‍ സെക്രട്ടറി അഡ്വ. ഓണമ്പിള്ളി മുഹമ്മദ്‌ ഫൈസി ഉദ്ഘാടനം ചെയ്തു.
വിദ്യാ നഗര്‍ ഗവണ്‍മെന്‍റ് കോളേജിനു സമീപത്ത്‌ നിന്ന് ആരംഭിച്ച മാര്‍ച്ച് എസ്.പി.ഓഫിസിന് മുന്നില്‍ വെച്ച് ബാരിക്കേട് തീര്‍ത്ത് പോലീസ് തടഞ്ഞു. മാര്‍ച്ചിന് ജില്ലാപ്രസിഡണ്ട് ഇബ്രാഹിം ഫൈസി ജെഡിയാര്‍, ജനറല്‍ സെക്രട്ടറി റഷീദ് ബെളിഞ്ചം, അബൂബക്കര്‍ സാലൂദ് നിസാമി, ഹാരിസ് ദാരിമി ബെദിര, സുഹൈര്‍ അസ്ഹരി പള്ളങ്കോട്, ബഷീര്‍ ദാരിമി തളങ്കര, എം.എ.ഖലീല്‍, താജുദ്ദീന്‍ ദാരിമി പടന്ന, മുഹമ്മദ് ഫൈസി കജ, ഹബീബ് ദാരിമി പെരുമ്പട്ട, സത്താര്‍ ചന്തേര, മൊയ്തു ചെര്‍ക്കള, കെ.എം.ശറഫുദ്ദീന്‍, സി.പി.മൊയ്തു ചെര്‍ക്കള, തുടങ്ങിയവര്‍ നേതൃത്വം നല്‍കി.
ഇതിന്‍റെ ഭാഗമായി നടന്ന മേഖലാതലങ്ങളില്‍ സംഘടിപ്പിച്ച കണ്‍വന്‍ഷനുകളില്‍ വിവിധ നേതാക്കള്‍ സംബന്ധിച്ചു. കാമ്പയിന്‍റെ ഭാഗമായി ജില്ലാ തലത്തില്‍ സെമിനാര്‍, ലഹരിയുപയോഗം കൊണ്ട് മാനവസമൂഹത്തിനുണ്ടായ ഭവിഷ്യത്തുകളെ കുറിച്ച് ബോധവല്‍ക്കരിക്കുന്നതിനായി മേഖല-ജില്ലാ തലത്തില്‍ കൊളാഷ്, ശാഖാതലത്തില്‍ ലഘുലേഖ വിതരണം എന്നിവ നടന്നു വരുന്നു.