ലോകത്തിലെ ഏറ്റവും വലിയ സമയഗോപുരത്തിന്റെ പ്രൗഢി ദര്‍ശിക്കാനുള്ള ലോകത്തിന്റെ കാത്തിരിപ്പിന് അടുത്ത റമസാനില്‍ അന്ത്യമാകും. മക്ക റോയല്‍ ക്ലോക്ക് ടവര്‍ റമസാനില്‍ പൂര്‍ണമായും പ്രവര്‍ത്തനക്ഷമമാകുന്നതോടെ ഗ്രീനിച്ച് മീന്‍ ടൈമിനു (ജി.എം.ടി) പകരമായി മക്ക മീന്‍ടൈമും (എം.എം.ടി) നിലവില്‍ വരും. ലണ്ടന്‍ ടവറിലുള്ള ബിഗ് ബന്‍ വാച്ചിന്റെ ആറിരട്ടി വലിപ്പമാണ് മക്ക ടവര്‍ വാച്ചിനുള്ളത്. നാല് വശത്തുമുള്ള ക്ലോക്കുകളില്‍ രണ്ടെണ്ണത്തിന് 80 മീറ്റര്‍ ഉയരവും 65 മീറ്റര്‍ വീതിയും 39 മീറ്റര്‍ വ്യാസവും രണ്ടെണ്ണത്തിന് 80 മീറ്റര്‍ ഉയരവും 65 മീറ്റര്‍ വീതിയും 25 മീറ്റര്‍ വ്യാസവുമുണ്ട്.
ഭൂപ്രതലത്തില്‍ നിന്നു നാനൂറ് മീറ്ററിലധികം ഉയരത്തിലുള്ള ക്ലോക്ക് മക്കയിലെ മുഴുവന്‍ ജില്ലകളില്‍ നിന്നും കാണാനാകും. ജര്‍മനി, സ്വിറ്റ്സര്‍ലന്റ്് എന്നിവിടങ്ങളില്‍ നിന്നുള്ള എന്‍ജിനീയര്‍മാരും യൂറോപ്പില്‍ നിന്നുള്ള വിദഗ്ധരുമാണ് രൂപകല്‍പനയും നിര്‍മാണവും പൂര്‍ത്തിയാക്കിയത്. ക്ലോക്കിന് മുകളിലെ അല്ലാഹു അക്ബര്‍ എന്ന വാക്കിലെ ആദ്യ അക്ഷരത്തിനു ഇരുപത്തിമൂന്ന് മീറ്ററിലധികം ഉയരമുണ്ട്. 36,000 ടണ്ണാണ് ക്ലോക്കിന്റെ തൂക്കം. ആറു ടണ്‍ വീതം തൂക്കമുള്ള ക്ലോക്കിലെ മിനുട്ട് സൂചികള്‍ക്ക് 22 മീറ്ററും മണിക്കൂര്‍ സൂചികള്‍ക്ക് 17 മീറ്ററും നീളമുണ്ട്. അറ്റകുറ്റ പണികള്‍ക്കായി സൂചികള്‍ക്കകത്തു പ്രവേശിക്കാനും സാധിക്കും. രാത്രിയില്‍ ക്ലോക്കുകള്‍ക്ക് വര്‍ണം നല്‍കുന്നതിനു 20 ലക്ഷം എല്‍.ഇ.ഡി ലൈറ്റുകള്‍ ഉപയോഗിക്കും. ഇടിമിന്നല്‍ ഏല്‍ക്കാതിരിക്കാന്‍ പ്രത്യേക സംവിധാനവും ക്ലോക്കുകളില്‍ ഒരുക്കിയിട്ടുണ്ട്. പെരുന്നാള്‍ പ്രഖ്യാപനവും മാസപ്പിറവിയും അറിയിക്കുന്നതിനു ക്ലോക്കിന് മുകളില്‍ ഉഗ്രശേഷിയുള്ള 16 ലൈറ്റുകള്‍ തെളിയിച്ചു മാനത്തു വര്‍ണം വിരിയിക്കും. ഇവയില്‍ നിന്നുള്ള രശ്മികള്‍ക്ക് പത്തു കിലോമീറ്ററിലധികം നീളമുണ്ടാകും. ക്ലോക്കുകള്‍ക്ക് മുകളില്‍ സ്ഥാപിച്ചിരിക്കുന്ന ഉച്ചഭാഷിണിയിലൂടെ ഏഴു കിലോമീറ്റര്‍ ദൂരം ഹറമില്‍ നിന്നുള്ള ബാങ്ക് വിളി കേള്‍ക്കാന്‍ സാധിക്കും. ബാങ്ക് വിളി സമയത്ത് ക്ലോക്കുകള്‍ക്ക് മുകളില്‍ നിന്നു പച്ചയും വെള്ളയും നിറത്തിലുള്ള 21,000 വിളക്കുകള്‍ പ്രകാശിക്കും. മുപ്പതു കിലോമീറ്റര്‍ ദൂരം വരെ ഇത് കാണാനാകും. ലേസര്‍ രശ്മികള്‍ കൊണ്ട് പ്രവര്‍ത്തിക്കുന്ന ഘടികാരത്തിന്റെ വെള്ള, പച്ച, കറുപ്പ് നിറങ്ങളിലുള്ള പ്രതലത്തില്‍ നിന്ന് നമസ്കാര സമയങ്ങളിലും പെരുന്നാള്‍ പോലുള്ള വിശേഷ സന്ദര്‍ഭങ്ങളിലും പ്രത്യേക രശ്മികള്‍ ബഹിര്‍ഗമിക്കും. മഴ, കാറ്റ്, പൊടിപടലങ്ങള്‍ എന്നിവ കാരണമായുണ്ടാകുന്ന പ്രതികൂല കാലാവസ്ഥയെ അതിജീവിക്കാന്‍ ജര്‍മന്‍ നിര്‍മിത ഘടികാരത്തിന് ശേഷിയുണ്ട്. ഏഴ് കിലോമീറ്റര്‍ അകലെ നിന്നുവരെ ഗോപുരം കാണാനാകും.
ടവറിനു മുകളിലെ നക്ഷത്രക്കലക്കുമുണ്ട് പ്രത്യേകതകളേറെ. ലോകത്തിലെ ഏറ്റവും വലിയ നക്ഷത്രക്കലയും സ്വര്‍ണ മിനാരവുമാണ് ടവറിലുള്ളത്. മക്കയില്‍ മസ്ജിദുല്‍ ഹറമിനോട് ചേര്‍ന്നുള്ള അബ്രാജ് അല്‍ബൈത്ത് ടവറിലാണ് (മക്ക റോയല്‍ ക്ലോക്ക് ടവര്‍) ക്ലോക്ക്. സഊദിയിലെ ഏറ്റവും വലിയ കെട്ടിടമാണിത്്. ബുര്‍ജ് ദുബൈ കഴിഞ്ഞാല്‍ ലോകത്ത് രണ്ടാം സ്ഥാനവും ഈ കെട്ടിടത്തിനാണ്. ഹറം പള്ളിയുടെ പ്രധാന കവാടത്തോട് ചേര്‍ന്ന് നിലകൊള്ളുന്ന ടവര്‍ വ്യത്യസ്ത പേരുകളിലുള്ള ഏഴു ടവറുകളുടെ കൂട്ടമാണ്. 76 നിലകളുള്ള ഹോട്ടല്‍ ടവര്‍, 48 നിലകള്‍ വീതമുള്ള ഹിജ്ര്‍, സംസം, 45 നിലകള്‍ വീതമുള്ള മഖാം, ഖിബ്്ല, 42 നിലകള്‍ വീതമുള്ള മര്‍വ, സഫ എന്നിങ്ങനെയാണ് ടവറുകള്‍ക്ക് നാമകരണം ചെയ്തിരിക്കുന്നത്. ഹോട്ടല്‍ ടവറിന് 595 മീറ്ററും ഹിജ്്ര്‍, സംസം എന്നിവക്ക് 260 മീറ്ററും മഖാം, ഖിബ്്ല എന്നിവക്ക് 250 മീറ്ററും മര്‍വ, സഫ എന്നിവക്ക് 240 മീറ്ററുമാണ് ഉയരം. പരമ്പരാഗത ഇസ്്ലാമിക വാസ്തുശില്‍പ രീതിയിലാണ് നിര്‍മ്മിച്ചിരിക്കുന്നത്. 817 മീറ്ററാണ് മക്ക ടവറിന്റെ ഉയരം. ലോകത്തിലെ ഏറ്റവും ഉയരം കൂടിയ ടവറായ ബുര്‍ജ് ദുബൈക്ക് 828 മീറ്റര്‍ ഉയരമാണുള്ളത്. 3000 മുറികളുള്ള ഈ കെട്ടിടത്തിന്റെ എല്ലാ മുറികളില്‍ നിന്നും കഅബ നേരിട്ട് കാണാനാകും. ഫെയറമൗണ്ട് ഹോട്ടല്‍ ഗ്രൂപ്പ് നിയന്ത്രിക്കുന്ന ഹോട്ടലിന്റെ വരുമാനം മുഴുവനും വിശുദ്ധ മക്കയുടെ വികസനത്തിന് വഖഫ് ചെയ്തിട്ടുണ്ട്. 2004ലാണ് കെട്ടിടത്തിന്റെ പണി ആരംഭിച്ചത്. അടുത്ത വര്‍ഷമാണ് ഹോട്ടല്‍ തുറക്കുക