മതേതരത്വത്തിന്‌ കേരളം മാതൃക: ഡോ. ഉബൈദാന്‍ ഫഖറു

കോഴിക്കോട്‌: കേരളത്തിന്റെ മതേതര സങ്കല്‍പ്പം ലോകത്തിന്‌ മാതൃകയാണെന്ന്‌ ഖത്തര്‍ മജ്ലിസുശ്ശൂറാ അംഗം ഡോ. അഹ്മദ്‌ മുഹമ്മദ്‌ ഉബൈദാന്‍ അല്‍ ഫഖറു അഭിപ്രായപ്പെട്ടു. സയ്യിദ്‌ മുഹമ്മദലി ശിഹാബ്‌ തങ്ങള്‍ അന്താരാഷ്ട്ര സെമിനാര്‍ കോഴിക്കോട്ട്‌ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
വ്യത്യസ്ത മതവിഭാഗങ്ങള്‍ അധിവസിക്കുന്ന കേരളത്തില്‍ സാഹോദര്യം നിലനില്‍ക്കുന്നത്‌ ഈ നാടിന്റെ മാത്രം നന്‍മയാണ്‌. ഹിന്ദുക്കളും മുസ്ലിംകളും ക്രൈസ്തവവിഭാഗങ്ങളുമൊക്കെ ഒന്നിച്ചു ജീവിക്കുന്നതു കാണുമ്പോള്‍ എന്തെന്നില്ലാത്ത ചാരിതാര്‍ഥ്യം അനുഭവപ്പെടുന്നുവെന്ന്‌ ഡോ. ഉബൈദാന്‍ ഫഖറു വ്യക്തമാക്കി.
വര്‍ഷങ്ങള്‍ക്കു മുമ്പ്‌ കെയ്‌റോവില്‍ വച്ചാണ്‌ പാണക്കാട്‌ മുഹമ്മദലി ശിഹാബ്‌ തങ്ങളെ നേരില്‍ കാണാനും അടുത്തിടപഴകാനും സാധിച്ചത്‌. കേരളത്തിന്റെ ജീവിതരീതികളെ കുറിച്ച്‌ അന്നേ തങ്ങള്‍ വാചാലനാവാറുണ്ടായിരുന്നു. നിഷ്കളങ്കമായ അദ്ദേഹത്തിന്റെ ഭാവവും പെരുമാറ്റവും തന്നെ വല്ലാതെ സ്വാധീനിച്ചു. ജീവിതത്തില്‍ അദ്ദേഹം പുലര്‍ത്തിയ സത്യസന്ധത തന്നെ സ്വാധീനിക്കുകയുണ്ടായി. പാണക്കാട്‌ സയ്യിദ്‌ ഹൈദരലി ശിഹാബ്‌ തങ്ങള്‍ അധ്യക്ഷത വഹിച്ചു.
ഒരു കാലഘട്ടത്തിന്റെ ഇതിഹാസമായിരുന്നു പാണക്കാട്‌ സയ്യിദ്‌ മുഹമ്മദലി ശിഹാബ്‌ തങ്ങളെന്ന്‌ ഹൈദരലി തങ്ങള്‍ പറഞ്ഞു. തങ്ങളുടെ ജീവിതവും വേര്‍പാടും അവിസ്്മരണീയമാണ്‌. രാഷ്ട്രീയ, സാമൂഹിക, സാംസ്കാരിക മേഖലകളില്‍ ഇടപെട്ട തങ്ങള്‍ ഈ രംഗത്തെല്ലാം സൂക്ഷ്മതയും സത്യസന്ധതയും കാത്തുസൂക്ഷിച്ചു.
കേരള മുസ്ലിം ഡാറ്റാ ഡോട്ട്‌ കോം എജ്യൂക്കേഷനല്‍ ഡയറക്ടറി കേന്ദ്ര വിദേശകാര്യ സഹമന്ത്രി ഇ അഹമ്മദ്‌ പ്രകാശനം ചെയ്തു. ഇന്ത്യയെപ്പോലുള്ള ബഹുമുഖസമൂഹത്തില്‍ എങ്ങനെ ജീവിക്കണമെന്ന്‌ ശിഹാബ്‌ തങ്ങള്‍ വരച്ചുകാണിക്കുകയായിരുന്നുവെന്ന്‌ ഇ അഹമ്മദ്‌ ഓര്‍മിപ്പിച്ചു.
ശിഹാബ്‌ തങ്ങള്‍ കമ്മ്യൂണിറ്റി എംപവര്‍മെന്റ്‌ പ്രോഗ്രാം വ്യവസായ-ഐ.ടി മന്ത്രി പി കെ കുഞ്ഞാലിക്കുട്ടി പ്രഖ്യാപിച്ചു. സമൂഹത്തിന്റെ ശാക്തീകരണം എങ്ങനെ നിറവേറ്റണമെന്ന്‌ ശിഹാബ്‌ തങ്ങള്‍ ജീവിതത്തിലൂടെ വരച്ചുകാണിക്കുകയായിരുന്നുവെന്ന്‌ പി കെ കുഞ്ഞാലിക്കുട്ടി ചൂണ്ടിക്കാട്ടി. ശിഹാബ്‌ തങ്ങള്‍ പാകിയ അടിത്തറയാണ്‌ സമുദായത്തെ പുരോഗതിയിലേക്കു നയിച്ചത്‌.
സെമിനാര്‍ ഉദ്ഘാടനം ചെയ്യേണ്ടിയിരുന്ന മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ സന്ദേശം കൃഷി മന്ത്രി കെ പി മോഹനന്‍ അവതരിപ്പിച്ചു. എത്ര ഉന്നതങ്ങളില്‍ എത്തിയപ്പോഴും സാധാരണക്കാരുടെ കൂടെ കഴിയാന്‍ ആഗ്രഹിച്ച മഹാനായിരുന്നു ശിഹാബ്‌ തങ്ങളെന്ന്‌ മന്ത്രി പറഞ്ഞു.
ഹൈദര്‍ ഗരീദി (സിറിയ), ശുഐബ്‌ നഗ്രാനി (സൌദി അറേബ്യ), ചെറുശ്ശേരി സൈനുദ്ദീന്‍ മുസ്്ല്യാര്‍, സ്വാമി ഗുരുരത്നം ജ്ഞാനതപസി, എം കെ രാഘവന്‍ എം.പി, എം പി അബ്ദുസ്സമദ്‌ സമദാനി എം.എല്‍.എ, പി കെ കെ ബാവ, സയ്യിദ്‌ അബ്ബാസലി ശിഹാബ്‌ തങ്ങള്‍, സയ്യിദ്‌ ഹമീദലി ശിഹാബ്‌ തങ്ങള്‍, സംഘാടകസമിതി ചെയര്‍മാന്‍ പാണക്കാട്‌ സയ്യിദ്‌ മുനവ്വറലി ശിഹാബ്‌ തങ്ങള്‍, ജനറല്‍ കണ്‍വീനര്‍ ടി പി എം സാഹിര്‍ സംസാരിച്ചു