ഖാസിയുടെ മരണം: വാര്‍ത്തകളുടെ ഉറവിടങ്ങള്‍ അന്വേഷിക്കണം: ആക്ഷന്‍ കമ്മിറ്റി


കാസര്‍കോട്: പ്രമുഖ പണ്ഡിതനും നിരവധിമലഹല്ലുകളുടെ ഖാസിയുമായിരുന്ന സി.എം.അബ്ദുല്ല മൗലവിയുടെ മരണം സംബന്ധിച്ച് സി.ബി.ഐ.പറഞ്ഞ രീതിയിലുള്ള തരത്തില്‍ വരുന്ന ദുരൂഹകരമായ വാര്‍ത്തകളുടെ ഉറവിടങ്ങള്‍ കണ്ടെത്തണമെന്ന് കീഴൂര്‍ സംയുക്ത ജമാഅത്ത് ആക്ഷന്‍ കമ്മിറ്റി, ഖാസി സംയുക്ത സമരസമിതി ഭാരവാഹികള്‍ ആവശ്യപ്പെട്ടു. ഇക്കഴിഞ്ഞ ആഴ്ച കീഴൂര്‍ സംയുക്ത ജമാഅത്ത് ആക്ഷന്‍ കമ്മിറ്റി ഭാരവാഹികളായ കല്ലട്ര മാഹിന്‍ ഹാജി, ഹമീദ് കുണിയ, ഖാസി സംയുക്ത സമരസമിതി ഭാരവാഹി ഇ.അബ്ദുല്ല കുഞ്ഞി എന്നിവര്‍ തിരുവനന്തപുരത്തുള്ള സി.ബി.ഐ.യൂണിറ്റില്‍ നേരിട്ട് പോകുകയും അന്വേഷണത്തിന് മേല്‍നോട്ടം വഹിക്കുന്ന എ.എസ്.പി. നന്ദകുമാര്‍ നായരോട് കേസുമായി ബന്ധപ്പെട്ട് ഒന്നരമണിക്കൂറോളം സംസാരിക്കുകയും ചെയ്തിരുന്നു. സി.ബി.ഐ.കേസന്വേഷണം അവസാനിപ്പിച്ചുവെന്ന ചില പത്രവാര്‍ത്തകളുടെ അടിസ്ഥാനത്തിലായിരുന്നു ഇത്. എന്നാല്‍ അങ്ങനെയൊരു സംഭവമില്ലായെന്ന് എ.എസ്.പി.യും അന്വേഷണ ഉദ്യോഗസ്ഥനായ ലാസറും ഭാരവാഹികളെ അറിയിച്ചു.
ഇന്ന് ചില പത്രങ്ങളില്‍ ഖാസിയുടെ മരണം ആത്മഹത്യയാണെന്ന് സി.ബി.ഐ.റിപ്പോര്‍ട്ട് നല്‍കിയെന്ന വാര്‍ത്ത സി.ബി.ഐ.കേന്ദ്രങ്ങള്‍ നിഷേധിച്ചതായും ഭാരവാഹികള്‍ വ്യക്തമാക്കി. ആക്ഷന്‍ കമ്മിറ്റി ചെയര്‍മാന്‍ കല്ലട്ര മാഹിന്‍ ഹാജി അന്വേഷണ ഉദ്യോഗസ്ഥനുമായി ബന്ധപ്പെട്ടപ്പോഴാണ് അങ്ങനെയൊര് റിപ്പോര്‍ട്ട് ചെന്നൈയിലുള്ള ജോയിന്റ് ഡയറക്ടര്‍ക്ക് സമര്‍പ്പിച്ചിട്ടില്ലെന്ന് ഉദ്യോഗസ്ഥന്‍ പറഞ്ഞത്. ദുരൂഹപരമായ ഇത്തരം വാര്‍ത്തകളുടെ ഉറവിടങ്ങള്‍ കണ്ടെത്തി സത്യാവസ്ഥ പുറത്തുകൊണ്ടുവരണമെന്ന് ആക്ഷന്‍ കമ്മിറ്റി ഭാരവാഹികള്‍ അറിയിച്ചു